sushma-swaraj

ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിനിരയായി വിദേശത്ത് കുടുങ്ങിയ യുവതിയെ സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ച് സെയ്ദ മറിയം. ജീവിതം തന്നെ നഷ്ടപ്പെട്ടെന്ന് കരുതിയ സാഹചര്യത്തിലായിരുന്നുു സെയ്ദയെ രക്ഷപെടുത്താനായി ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ വിളി എത്തിയത്. തന്നെ സുരക്ഷിതയായി ജന്മനാട്ടിൽ തിരിച്ചെത്തിച്ചതിന് സെയ്‌ദ മറിയം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‌ നന്ദി പറഞ്ഞു.

സാമ്പത്തികമായി ഏറെ പ്രയാസം ഉണ്ടായിരുന്ന സമയത്താണ് നഴ്‌സ്‌ ജോലി വാഗ്‌ദാനം ചെയ്‌ത് ഫാത്തിമ എന്ന സ്‌ത്രീയുടെ ഫോൺ കോൾ സെയ്ദയെ തേടിയെത്തിയത്. തുടർന്ന് ജീവിതം കരപിടിക്കുമെന്ന പ്രതീക്ഷയോടെ സെയ്ദ ഹൈദരാബാദിൽ നിന്ന്‌ ഖത്തറിലേക്ക്‌ തിരിച്ചു. ഏപ്രിൽ 11നാണ്‌ സെയ്‌ദ ഖത്തറിൽ എത്തിയത്‌.

ഖത്തറിൽ എത്തിയ സെയ്‌ദയെ കൂട്ടിക്കൊണ്ടുപോയതും ഫാത്തിമ എന്നു പേരായ മറ്റൊരു സ്‌ത്രീയാണ്‌. എന്നാൽ ഖത്തറിൽ എത്തിയപ്പോൾ പറഞ്ഞതു പോലെ നഴ്‌സിന്റെ ജോലിയായിരുന്നില്ല പകരം വീട്ടുജോലിയായിരുന്നു ലഭിച്ചത്. വീട്ടുജോലി വയ്യെന്നറിയിച്ചപ്പോൾ 2 ലക്ഷം രൂപ രൊക്കം തന്നാൽ തിരിച്ചയയ്ക്കാമെന്നും അല്ലെങ്കിൽ 5 വർഷം ജോലി ചെയ്യേണ്ടി വരുമെന്നുമായിരുന്നു ഇവരുടെ മറുപടി. അവിടെ നിന്ന് ഫാത്തിമ ഇവരെ ഗോപാൽ എന്നു പേരായ ഒരു ഏജന്റിനു കൈമാറുകയായിരുന്നു.

നാല് ദിവസം ഗോപാലിന്റെ ഓഫീസിൽ തടവിലായിരുന്ന ഇവരെ പിന്നീട്‌ ഒരു വീട്ടിലേക്ക്‌ ജോലിക്കയച്ചു. വീട്ടുജോലി വശമില്ലെന്നും തന്നെ നാട്ടിൽ നിന്നെത്തിച്ചത്‌ നഴ്‌സ്‌ ആയി ജോലി വാഗ്‌ദാനം ചെയ്‌താണെന്നും അറിയിച്ചതിനെ തുടർന്ന്‌ സെയ്‌ദയെ വീട്ടുടമ ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് വിദേശത്ത് തന്റെ മകളുടെ അവസ്ഥ മനസ്സിലാക്കിയ സെയ്‌ദയുടെ അമ്മ മകളുടെ കഷ്‌ടാവസ്‌ഥ വിവരിച്ച്‌ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‌ കത്തയയ്ക്കുകയായിരുന്നു. കത്ത് ലഭിച്ച ഉടൻ തട്ടിപ്പുകാർക്കെതിരെ നടപടി ഉറപ്പാക്കാനും സുരക്ഷിതയായി സെയ്‌ദയെ നാട്ടിലെത്തിക്കാനും സുഷമ ഇന്ത്യൻ എംബസിക്ക്‌ നിർദേശം നൽകുകയും ചെയ്തു. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് ഗോപാൽ പിന്നീട്‌ അറസ്റ്റ‌ി‌ലായി. തന്നെ സുരക്ഷിതയായി നാട്ടിലെത്തിച്ച സുഷമ സ്വരാജിന്‌ കണ്ണീരോടെയാണ് സെയ്‌ദ മറിയം നന്ദി പറഞ്ഞത്.