തിരുവനന്തപുരം: യൂണിയൻ പരിപാടികളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതും നിരന്തര സമരങ്ങളും കാരണം പഠിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യാശ്രമം നടത്തിയ വിദ്യാർത്ഥിനി മൊഴി നൽകി. നിരന്തര സമരങ്ങളുടെ പേരിൽ ക്ലാസുകൾ നഷ്‌ടപ്പെട്ടത് മാനസിക സമ്മർദ്ദമുണ്ടാക്കിയെങ്കിലും കേസുമായി മുന്നോട്ട് പോകാനില്ലെന്നാണ് മൊഴി. ക്ലാസുകൾ നഷ്‌ടപ്പെട്ടതിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടായിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും യൂണിയൻ ഭാരവാഹികൾക്കെതിരെ കത്തെഴുതിയതെന്നും പെൺകുട്ടി പറയുന്നു. എന്നാൽ തനിക്ക് ആർക്കെതിരെയും പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാനില്ലെന്നും പെൺകുട്ടി മൊഴി നൽകി. ആറ്റിങ്ങൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അതേസമയം, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
കൈ ഞരമ്പ് അറുത്ത നിലയിൽ കോളേജിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ ഇന്നലെ വൈകുന്നേരം ഡിസ്ചാർജ് ചെയ്തു. ആറ്റിങ്ങൽ എസ്.ഐയുടെ നേതൃത്വത്തിൽ ഇന്നലെ പൊലീസെത്തി പെൺകുട്ടിയെ കണ്ടെങ്കിലും ക്ഷീണവും തളർച്ചയും കാരണം സംസാരിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇന്ന് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ നൽകിയ പരാതിയിൽ മാൻമിസിംഗിന് കേസെടുത്തിരുന്നതിനാൽ കുട്ടിയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് തുടരന്വേഷണത്തിനും നടപടികൾക്കുമായി കന്റോൺമെന്റ് പൊലീസിന് കൈമാറും. വ്യാഴാഴ്ച കോളേജിലേക്ക് പോയശേഷമാണ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയെ കാണാതായത്. വൈകിട്ടോടെ പെൺകുട്ടിയുടെ ഫോണും ഓഫായി. ഇന്നലെ രാവിലെ പെൺകുട്ടികളുടെ വിശ്രമമുറിയിലാണ് ഞരമ്പ് മുറിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. അമിത അളവിൽ വേദന സംഹാരിയും കഴിച്ചിരുന്നു. ഒരുരാത്രി മുഴുവൻ വിശ്രമമുറിയിൽ പെൺകുട്ടി കിടന്നതായാണ് പൊലീസിന്റെ അനുമാനം. കോളേജിലെ അവസ്ഥ വിശദീകരിച്ച് പെൺകുട്ടിയെഴുതിയതെന്ന് കരുതുന്ന രണ്ട് പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. പരീക്ഷാ സമയത്ത് വിദ്യാർത്ഥി യൂണിയൻ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽ നിന്നു പുറത്തിറക്കി പരിപാടികളിൽ പങ്കെടുപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നുണ്ട്.
നന്നായി പഠിക്കുന്ന പെൺകുട്ടി കോളേജിലെ ക്ലാസുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് നേരത്തെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. വാട്സ് ആപ്പ് സ്റ്റാറ്റസായും ഫേസ് ബുക്കിലൂടെയും ഈ വിഷയങ്ങൾ പങ്കുവച്ചിരുന്നു. കോളേജിൽ യൂണിയൻ പരിപാടികളും സമരങ്ങളും കാരണം പഠന ദിവസങ്ങൾ നഷ്ടപ്പെടുന്നെന്നായിരുന്നു പ്രധാന പരാതി. പരിപാടികളിൽ പങ്കെടുക്കാൻ എല്ലാ വിദ്യാർത്ഥികളെയും നിർബന്ധിക്കുന്നതിനാൽ ക്ളാസുകൾ നഷ്ടമാകുന്നതായും ക്ളാസുകൾ ഉള്ള അപൂർവം ദിവസങ്ങളിൽ അദ്ധ്യാപകർ എത്താറില്ലെന്നും പെൺകുട്ടി സാമൂഹ മാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. പാഠഭാഗങ്ങൾ പൂർത്തിയാക്കാത്തതിനാൽ പഠനത്തെ ബാധിക്കുന്നതായും ഇന്റേണൽ മാർക്ക് കുറയുന്നതായും കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. പലപ്പോഴും സഹപാഠികളോട് ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്ന കുട്ടി അദ്ധ്യാപകരോടും ഇത് സംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും സഹപാഠികളോട് ആവശ്യപ്പെട്ടെങ്കിലും സംഘടനയ്ക്കെതിരായതിനാൽ ആരും പെൺകുട്ടിക്കൊപ്പം നിൽക്കാൻ തയ്യാറായില്ല. ഇതിൽ പെൺകുട്ടി ഏറെ വിഷമത്തിലായിരുന്നുവെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു. മറ്റെന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിച്ചിരുന്നു.