ഫ്ലോറിഡ: അമേരിക്കയിൽ 143 യാത്രക്കാരുമായി വിമാനം നദിയിൽ പതിച്ചു. 21പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോയിംഗ് 737 യാത്രാവിമാനമാണ് ഇറക്കുന്നതിനിടെ ഫ്ലോറിഡ ജാക്സൺവില്ലെയിലെ റൺവേയിൽ നിന്ന് സെന്റ് ജോൺസ് നദിയിലേക്ക് തെന്നി വീണത്. വെള്ളിയാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. ശക്തമായ ഇടിമിന്നലിനിടെയാണ് വിമാനം റൺവേയിൽ ഇറങ്ങാൻ ശ്രമിച്ചതെന്നാണ് വിവരം.
ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ നേവൽ സ്റ്റേഷനിൽ നിന്ന് പറന്നുയർന്ന വിമാനമാണ് അപകടത്തിൽപെട്ടത്. 136 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യു.എസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷണൽ എയർലൈൻസിന്റേതാണ് വിമാനം. സൈനികരും അവരുടെ ബന്ധുക്കളുമായിരുന്നു യാത്രക്കാരിലേറെയും. അതേസമയം, വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് ജാക്സൺവില്ലെ മേയർ ട്വീറ്റ് ചെയ്തു. അപകടത്തിന്റെ വിവരങ്ങൾ പരിശോധിച്ചുവരുന്നതായി ബോയിംഗ് വിമാനക്കമ്പനി വക്താവ് അറിയിച്ചു.