ഇന്ത്യൻ സൈന്യം മക്കാലു ബേസ് ക്യാമ്പിനു സമീപം കണ്ട കാൽപ്പാടുകൾ യതി എന്നു വിളിക്കപ്പെടുന്ന ഹിമമനുഷ്യന്റേതല്ല മറിച്ച് ഹിമാലയൻ കരടിയുടേതെന്ന് പറയാം. ലഭ്യമായ വിവരങ്ങളും ശാസ്ത്രീയമായ അപഗ്രഥനങ്ങളുമനുസരിച്ച് യതി കെട്ടുകഥ മാത്രമാണെന്ന് ബോദ്ധ്യമാകും. ജീവജാലങ്ങളെക്കുറിച്ച് മനസിലാക്കുന്നത് നിരീഷണത്തിലൂടെയാണ്. അപ്രകാരം അവയുടെ ഉത്ഭവം, പരിണാമം എന്നിവയെക്കുറിച്ചുള്ള മികച്ച അനുമാനങ്ങളിൽ എത്തിച്ചേരുന്നു. ജനിതകഘടകങ്ങളുടെ വിശ്ലേഷണമാകട്ടെ നിരീക്ഷണങ്ങളിലൂടെ എത്തിച്ചേർന്ന അനുമാനങ്ങളിൽ മിക്കതിനെയും ശരിവയ്ക്കുന്ന വിവരം നൽകുന്നു. അങ്ങനെ ജീവജാലങ്ങളുടെ പൂർവകാലത്തെക്കുറിച്ചും നിലനില്പിനെക്കുറിച്ചും അടിസ്ഥാന വിവരങ്ങൾ സ്വായത്തമാകുന്നു. ഇടയ്ക്കിടെ ഉയർന്നുവരുന്ന അടിസ്ഥാനമില്ലാത്ത അനുമാനങ്ങൾ ശാസ്ത്രീയ മുന്നേറ്റത്തിനു സഹായകമല്ലെന്നു മാത്രമല്ല ജനങ്ങളിൽ അനാവശ്യ ആശങ്കയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. യതി, പറക്കും തളികകൾ, അന്യലോക ജീവികൾ തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു.
19-ാം നൂറ്റാണ്ടു മുതൽ ഹിമാലയ പര്യവേക്ഷകർ പലവേളകളിലായി യതിയുടെ കാല്പാടുകൾ കണ്ടിട്ടുള്ളതായി വാർത്തകൾ പ്രചരിച്ചിരുന്നു. 20-ാം നൂറ്റാണ്ടിൽ കൊടുമുടികൾ കീഴടക്കി വന്ന അവസരങ്ങളിൽ ഇടയ്ക്കിടെ ദുരൂഹതയുയർത്തി കഥകളും പ്രചരിച്ചു. ഇന്നുവരെ ആരും യതിയെ നേരിട്ടു കണ്ടിട്ടില്ല. കാല്പാടുകളാണ് അനുമാനങ്ങൾക്കാധാരം. നിഴൽപോലെ, വലിയ ആൾക്കുരങ്ങിനു സമാനമായ രൂപം കണ്ടതായി മലകയറാൻ സഹായിക്കുന്ന ഷേർപ്പകൾ പറയാറുണ്ട്. ഹിമമനുഷ്യൻ ആരെയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. ഇരുകാലുകളിൽ നടക്കുന്ന ചുവപ്പു കലർന്ന തവിട്ടു നിറമുള്ള രോമാവൃതമായ ജീവിയെ ടിബറ്റ് നിവാസികൾ കണ്ടതായി പറയപ്പെടുന്നു. മലകയറുന്നവരുടെ നാടോടിക്കഥകളിൽ ഹിമമനുഷ്യൻ മുഖ്യസാന്നിദ്ധ്യമാണ്. അബോമിനബ്ൾ സ്നോമാൻ എന്നു കൂടി വിളിപ്പേരുള്ള യതിയെക്കുറിച്ച് ചലച്ചിത്രങ്ങളും സാഹസിക നോവലുകളും ചിത്രകഥകളും പ്രചാരത്തിലുണ്ട്. ഏവരുടെയും പ്രിയപ്പെട്ട ടിൻടിൻ കോമിക്കിലും ടിബറ്റിൽ വച്ച് ഗുഹാവാസിയായ യതിയെ കണ്ടുമുട്ടുന്നുണ്ട്. വലിയൊരു ഗൊറില്ലയുടേതിനു സമാനമാണ് യതിയുടെ സാങ്കല്പികരൂപം. വലിയ കുരങ്ങുകളെക്കുറിച്ചുള്ള കഥകൾ കിങ് കോങ്, മൈറ്റി പീകിങ് മാൻ തുടങ്ങിയ ചലച്ചിത്രങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്.
1953ൽ എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർവേയും എവറസ്റ്റ് കീഴടക്കിയ യാത്രയിൽ വലിയ കാല്പാടുകൾ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹിലാരി യതിയെ കണ്ടെത്താനുള്ള പര്യവേക്ഷണത്തിന് നേതൃത്വം നല്കിയിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിനു സമീപം കണ്ട കാല്പാടുകൾ ഹിമമനുഷ്യന്റേതെന്ന് ഹിലാരിയും വിശ്വസിച്ചു. എന്നാൽ ഹിലാരിയും മറ്റും നടത്തിയ അന്വേഷണ യാത്രകളിൽ ഇതിനാധാരമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ടെൻസിങ് കാല്പാടുകൾ ഹിമമനുഷ്യന്റേതെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ, കരടിയാകാമെന്ന് പിന്നീട് അനുമാനിക്കുകയും ചെയ്തു. ഹിമാലയ മലനിരകളിൽ ഹിമാലയൻ കരടിയുടെ സാന്നിദ്ധ്യമുണ്ട്. ഏഴടി നീളവും 200 കിഗ്രാം വരെ തൂക്കവുമുള്ള തവിട്ടുകരടി ഇരുകാലുകളിൽ നിവർന്നു നില്ക്കാറുണ്ട്. ശൈത്യകാലത്തിനു മുൻപ് ധാരാളം ആഹാരം കഴിച്ച് തൂക്കംകൂട്ടി ശീതകാലനിദ്രയിൽ മാസങ്ങളോളം കഴിയുന്നു ഇവ. ചിലപ്പോൾ മലയിറങ്ങി അനുയോജ്യമായ ഇടങ്ങളിൽ ശൈത്യകാലം കഴിക്കുകയും ചെയ്യും. ഇവയുടെ കാല്പാടുകൾക്ക് ഹിമമനുഷ്യന്റേതെന്നു പറയുന്നവയുമായി സാമ്യമുണ്ട്. കാല്പാടുകൾ പതിച്ച് കുറച്ചുസമയം കഴിയുമ്പോൾ മഞ്ഞുരുകി അവയുടെ വലിപ്പവും വർദ്ധിക്കും. കാല്പാടുകൾ മണ്ണിലോ ചെളിയിലോ ആയിരുന്നെങ്കിൽ അപഗ്രഥനം കുറേക്കൂടി എളുപ്പമാകുമായിരുന്നു. ഹിമാലയത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ജന്തുക്കളാണിവ. ഗുഹകളിൽ വസിക്കുന്ന ഇവയുടെ എണ്ണം വളരെ കുറവുമാണ്. കറുത്ത കരടിയും ഹിമാലയ സാനുക്കളിൽ കാണപ്പെടുന്നു. മഞ്ഞുവീഴുന്ന ഇടങ്ങളിൽ ഇവയുടെ നിറം നരച്ചതാകുന്നു. പര്യവേക്ഷണത്തിൽ യതിയുടേതെന്നു കരുതി ശേഖരിച്ച രോമങ്ങളൊക്കെയും കരടിയുടേതോ മലയിൽ കാണപ്പെടുന്ന പ്രത്യേകതരം മാൻ / ചെന്നായ പോലെയുള്ള ജീവികളുടേതോ ആണെന്നു തെളിഞ്ഞിരുന്നു. ഡി.എൻ.എ അപഗ്രഥനത്തിലും ഇത്തരം വിവരങ്ങൾ തന്നെയാണ് ലഭിച്ചത്.
മക്കാലു ബേസ് ക്യാമ്പിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 17500 അടിയാണ്. ശൈത്യമേറേയുള്ള ഇവിടുത്തെ കാലാവസ്ഥ പ്രൈമേറ്റുകളെപ്പോലെയുള്ള ജീവികൾ ഒഴിവാക്കാറുണ്ട്. കഴിഞ്ഞ 65 ലക്ഷം വർഷം കൊണ്ട് പരിണമിച്ചുണ്ടായ ഹേമോസാപ്പിയൻസ് എന്ന ആധുനിക മനുഷ്യർക്കും ആദ്യപൂർവികനിൽ നിന്നും വേർപിരിഞ്ഞ് മറ്റൊരു പരിണാമപഥത്തിൽ രൂപംകൊണ്ട ചിമ്പൻസി പോലെയുള്ള പ്രൈമേറ്റുകൾക്കും ശൈത്യം ഒരളവിൽക്കൂടുതൽ താങ്ങാനുള്ള ശേഷിയില്ല. മനുഷ്യനുൾപ്പെടുന്ന ഹോമിനിനുകൾ ഉഷ്ണമേഖലാ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട ശരീരഘടനയുള്ളവയാണ്. ഒരു നിശ്ചിത ഉയരത്തിനു മുകളിലുള്ള കാലാവസ്ഥ ഇത്തരം ജീവികൾക്ക് അനുയോജ്യമല്ല. ഏറ്റവും വലിപ്പം കൂടിയ പ്രൈമേറ്റ് മലഗൊറില്ലയാണ്. ചെടികളും ചെറുജീവികളുമാണ് ഇവയുടെ ആഹാരം. മഞ്ഞുറയുന്ന മേഖലകളിൽ ഇവയെ കാണാറില്ല. ശീതകാല നിദ്രയെന്ന സവിശേഷതയുമില്ല. ആൾക്കുരങ്ങിനു സമാനമായ ഘടനയാണ് യതിക്ക് കല്പിച്ചു നല്കിയിരിക്കുന്നത്. എന്നാൽ പരിണാമ വഴിയിൽ ഹോമോസ്പീഷീസുകൾക്ക് ശൈത്യം കുറഞ്ഞ കാലാവസ്ഥയിൽ കഴിയാനുള്ള കഴിവാണ് ഉരുത്തിരിഞ്ഞു വന്നത്. ആഫ്രിക്കയിൽ നിന്നും ശൈത്യമേറെയുള്ള അലാസ്കയിലും സൈബീരിയയിലും എത്തിച്ചേർന്ന് വാസമാരംഭിച്ചത് മറ്റു ജന്തുക്കളുടെ തുകലും രോമവും ഉപയോഗിച്ചു തുന്നിയ ആവരണങ്ങളുമണിഞ്ഞ് ശൈത്യമകറ്റിയാണ്. ഇഗ്ലൂ പോലെയുള്ള ഹിമഗൃഹങ്ങളും അവർ കണ്ടുപിടിച്ചു. ഹിമാലയത്തിലെയും സൈബീരിയയിലെയും ഗുഹകളിൽ മനുഷ്യപൂർവികരായ ഡെനിസോവനുകളുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അവയൊക്കെയും ശൈത്യം കുറഞ്ഞ താഴ്വാരങ്ങളിലാണ്. ഘനമുള്ള രോമാവരണമില്ലാത്ത ശരീരവും ആഹാരരീതികളും താഴ്വരകളിലോ ഹിമമലകളുടെ അല്പം മാത്രം ഉയരത്തിലോ കഴിയാൻ മനുഷ്യപൂർവികർക്ക് പ്രാപ്തി നല്കി. വ്യത്യസ്ത സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കെല്പ് അവയ്ക്കുണ്ടായിരുന്നു. ആധുനിക മനുഷ്യരെക്കാളും നിയാൻഡർതാലുകളെക്കാളും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവ് ഡെനിസോവനുകൾക്കുണ്ടായിരുന്നു. പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അന്ത്യഘട്ടത്തിലാണ് ഡെനിസോവനുകൾ ഏഷ്യയിൽ പരന്നത്. മറ്റ് രണ്ടു ഹോമിനിനുകളിൽ നിന്നും വളരെ വ്യത്യസ്തമായ പരിണാമവഴിയാണ് ഇവയ്ക്കുള്ളത്. എട്ടരക്കോടി മുതൽ ആറരക്കോടി വർഷം മുൻപുവരെയുള്ള കാലയളവിൽ രൂപപ്പെട്ടതാണ് പ്രൈമേറ്റുകൾ എന്നു കരുതപ്പെടുന്നു. ചെറുപ്രാണികളെ ഭക്ഷിച്ചിരുന്ന സസ്തനികളിൽ നിന്നാണിവ പരിണമിച്ചത്. ഇവയെ ലെമർ, ടാർസിയർ, ഗാലഗൊ എന്നിവയുൾപ്പെടുന്ന പ്രോസിമിയനുകളായും കുരങ്ങൻ, ഗിബ്ബൺ, ഒറാങ്ങുട്ടാൻ, ഗൊറില്ല, ചിമ്പൻസി, മനുഷ്യൻ എന്നിവയുൾപ്പെടുന്ന ആന്ത്രോപോയിഡുകളായും തരംതിരിച്ചിരിക്കുന്നു. ഹോമോസാപിയൻസ് സാപിയൻസ് എന്ന മനുഷ്യവർഗത്തിന് വാലില്ലാക്കുരങ്ങന്മാരുമായി ശാരീരികവും ജനിതകവുമായ സാമ്യതകളുണ്ട്. മനുഷ്യരും ആഫ്രിക്കയിലെ ചിമ്പൻസികൾ, ഗൊറില്ലകൾ എന്നിവയും ഒരു പൊതുപൂർവികനിൽനിന്നും പരിണമിച്ചുണ്ടായതാണ്. ഈ പൂർവികർ ഏതാണ്ട് 80 ലക്ഷം മുതൽ 60 ലക്ഷം വർഷം മുൻപു വരെയുള്ള കാലയളവിലാണ് ആഫ്രിക്കയിൽ കാണപ്പെട്ടത്. ആധുനിക മനുഷ്യൻ ഉണ്ടാകുന്നതിനു മുൻപ് ഭൂമിയിൽ ഏതാണ്ട് ഇരുപതോളം തരത്തിലുള്ള മനുഷ്യപൂർവികരുണ്ടായിരുന്നതായി അനുമാനിച്ചിരിക്കുന്നു. മിക്കവർഗങ്ങളുടെയും പിൻഗാമികൾ ഇന്നില്ല. 40000 വർഷം മുൻപു വരെ കാണപ്പെട്ടിരുന്ന നിയാണ്ടർതാൽ മനുഷ്യർക്ക് ആധുനിക മനുഷ്യരെക്കാൾ അല്പം കൂടി വലിപ്പവും ശൈത്യം സഹിക്കാനുള്ള കഴിവുമുണ്ടായിരുന്നു. തീ ഉപയോഗിക്കാൻ അവ പഠിച്ചിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ കാലാവസ്ഥാ ചാഞ്ചല്യം അവയെ ഭൂമിയിൽ നിന്നും തുടച്ചുനീക്കി. നമുക്കറിയാവുന്ന മനുഷ്യപൂർവികരെല്ലാം തന്നെ ചില നിശ്ചിതതരം പരിതസ്ഥിതികളിൽ കഴിയാൻ അനുയോജ്യമായ ശരീരഘടനയുള്ളവയാണ്. കഴിഞ്ഞ അഞ്ചുലക്ഷം വർഷമായി ഭൂമിയിൽ കാണപ്പെട്ട ഹോമോസ്പീഷീസുകളിലെ ഏതെങ്കിലും ഒരംഗവുമായി ഹിമമനുഷ്യനു സാമ്യതയില്ല. മലഗൊറില്ലയോ അതുപോലെയുള്ള മറ്റു പ്രൈമേറ്റുകളോ ഹിമാലയത്തിൽ നിലനില്ക്കുന്നതിനുള്ള തെളിവുകളില്ല. ശൈത്യമേറെയുള്ള അവസ്ഥകളിൽ കഴിയാൻ ശേഷിയുള്ള ഇരുകാലുകൾ നടക്കുന്ന പ്രൈമേറ്റുകളുടെ മുൻഗാമികളുടേയും പിൻഗാമികളുടെയും അവശിഷ്ടങ്ങൾ ഒരിടത്തു നിന്നും ലഭിച്ചിട്ടില്ല. നമുക്കിന്നു ലഭ്യമായ തെളിവുകളും അനുമാനങ്ങളും വച്ചുള്ള അപഗ്രഥനങ്ങളിൽ ഹിമാലയ യാത്രികരും ഇപ്പോൾ ഇന്ത്യൻ സൈന്യവും കണ്ട കാല്പാടുകൾ ഹിമാലയൻ കരടിയുടേതാകാൻ ഇടയുണ്ടെന്നും യതി എന്ന ഹിമമനുഷ്യൻ ഭാവനാസൃഷ്ടിയാണെന്നും അനുമാനിക്കാം.
( ഫോൺ : 9847167946 )