ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വിധിയെഴുത്തിനായി തിങ്കളാഴ്‌ച ഉത്തർപ്രദേശിലെ അമേത്തി അടക്കമുള്ള 51 മണ്ഡലങ്ങൾ ഒരുങ്ങിയിരിക്കെ വോട്ടിംഗ് കണക്കുകളിൽ ബി.ജെ.പിക്ക് തിരിച്ചടി. 2014ലെ വോട്ടിംഗ് പാറ്റേൺ ആവർത്തിക്കുകയാണെങ്കിൽ ഉത്തർപ്രദേശിൽ തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിലെ പകുതിയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ഒറ്റയ്‌ക്ക് മത്സരിച്ച എസ്.പിയും ബി.എസ്.പിയും ഇത്തവണ ഒരുമിച്ച് മത്സരിക്കുന്നതാണ് തിരിച്ചടിക്ക് കാരണമാകുന്നത്. ബഹറിയാച്ച്, മോഹൻലാൽഗഞ്ച്, സീതാപൂർ, കൈസർഗഞ്ച്, കൗശാമ്പി, ബന്ധ, ധൗരാഹ്ര തുടങ്ങിയ മണ്ഡലങ്ങളിലാണ് ബി.ജെ.പി പിറകിലാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. ഇതിന് പുറമെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ഏറ്റുമുട്ടുന്ന അമേത്തിയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്‌ബറേലിയും തിങ്കളാഴ്‌ച വിധിയെഴുതും.
കണക്കിലെ കളികൾ ഇങ്ങനെ
ബഹറിയാച്ചിൽ 2014ൽ ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചത് 95,590 വോട്ടുകൾക്കാണ്. നിലവിൽ ഇവിടെ എസ്.പി - ബി.എസ്.പി സഖ്യസ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. 2014ലെ വോട്ടിംഗ് കണക്കുകൾ ബി.ജെ.പി സ്ഥാനാർത്ഥി അക്ഷയ്‌ബാർ ലാലിന് അത്ര സുഖം നൽകുന്നതല്ല. ഇതിന് പുറമെ മണ്ഡലത്തിലെ നിലവിലെ എം.പി സാവിത്രി ഭായ് ഫുലെ ബി.ജെ.പിയിൽ നിന്ന് രാജിവച്ച് കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. എന്നാൽ 2014ലെ സ്ഥാനാർത്ഥിയായ അഹമ്മദ് ബാൽമീകിയെയാണ് പ്രതിപക്ഷ സഖ്യം സ്ഥാനാർത്ഥിയാക്കിയത്.
മറ്റൊരു മണ്ഡലമായ മോഹൻലാൽ ഗഞ്ചിലും പ്രതിപക്ഷ സ്ഥാനാർത്ഥി വൻ പ്രതീക്ഷയിലാണ്. ഇവിടെ സിറ്റിംഗ് എം.പിയായ കൗശൽ കിഷോറാണ് ബി.ജെ.പി സ്ഥാനാർത്ഥി. 2014ൽ മുഖ്യ എതിരാളിയായിരുന്ന ബി.എസ്.പി സ്ഥാനാർത്ഥി ആർ.കെ.ചൗധരിക്കെതിരെ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കൗശൽ വിജയിച്ചത്. എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് മണ്ഡലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥിയായ വിനോദ് കുമാർ സോൻകർ 42, 900 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കൗശമ്പി മണ്ഡലത്തിലും ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഇന്ദ്രജീത്ത് സരോജിനോടാണ് വിനോദ് കുമാർ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ബി.എസ്.പിക്ക് കൂടി ലഭിച്ച വോട്ട് ഇത്തവണ പിടിക്കാനായാൽ തന്റെ ജയം ഉറപ്പാണെന്ന് ഇന്ദ്രജിത്ത് പറയുന്നു. ബി.ജെ.പിയുടെ ജൈത്യയാത്രയ്‌ക്ക് തടയിടാൻ കഴിയുന്ന മത്സരം സീതാപൂർ, കൈസർഗഞ്ച്, ബന്ധ, ധൗരാഹ്ര എന്നീ മണ്ഡലങ്ങളിലും പ്രതിപക്ഷ സ്ഥാനാർത്ഥികൾ കാഴ്‌ചവയ്‌ക്കുന്നുണ്ട്.
ശക്തമായ പ്രതിരോധമുയർത്തി ബി.ജെ.പി
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ലക്‌നൗ, ഗോണ്ട, ഫൈസാബാദ്, ബറാബാങ്കി. ഫത്തേപൂർ എന്നീ മണ്ഡലങ്ങളിൽ പ്രതിപക്ഷ സ്ഥാനാർത്ഥികളെ അപ്രസക്തമാക്കുന്ന പ്രവർത്തനമാണ് ബി.ജെ.പി കാഴ്‌ച വയ്‌ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോദി ആദിത്യാനാഥും അടക്കമുള്ള ബി.ജെ.പിയിലെ മിന്നും താരങ്ങൾ നടത്തിയ പ്രചാരണവും കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും തങ്ങൾക്ക് വോട്ടാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പ്രതിപക്ഷ സഖ്യത്തിന് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബി.ജെ.പി വിലയിരുത്തുന്നു.
കോൺഗ്രസിനും അതിനിർണായകം
അതേസമയം, രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മത്സരിക്കുന്ന അമേത്തിയും റായ്‌ബറേലിയും തിങ്കളാഴ്‌ച ബൂത്തിലെത്തുന്നതിനാൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് കോൺഗ്രസിനും അതിനിർണായകമാണ്. കേന്ദ്രമന്ത്രിയും മുൻ സീരിയൽ താരവുമായ സ്‌മൃതി ഇറാനിയെയാണ് അമേത്തിയിൽ രാഹുലിനെ നേരിടാൻ ബി.ജെ.പി ഇറക്കിയിരിക്കുന്നത്. അമേത്തിക്ക് പുറമെ വയനാട്ടിൽ കൂടി രാഹുൽ മത്സരിച്ചതും മന്ത്രിയെന്ന നിലയിൽ തന്റെ നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് സ്‌മൃതിയുടെ പ്രചാരണം. കഴിഞ്ഞ തവണ ഒരുലക്ഷത്തോളം വോട്ടുകൾക്കാണ് രാഹുൽ സ്മൃതി ഇറാനിയെ തോൽപ്പിച്ചത്. എന്നാൽ അതിന് ശേഷം നടന്ന തദ്ദേസ തിരഞ്ഞെടുപ്പുകൾ രാഹുലിന് ആശ്വാസ്യം പകരുന്നതല്ല. എന്നാൽ രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.
അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഇവിടെ
ബിഹാർ
ആകെ സീറ്റ് - 40
നിലവിൽ
ബി.ജെ.പി - 22
ലോക്ജനശക്തി പാർട്ടി - 6
ആർജെഡി - 4
ബി.എൽ.എസ്. പി.- 3
കോൺ. - 2
ജനതാദൾ (യു)- 2
എൻ.സി.പി - 1
അഞ്ചാം ഘട്ടം (അഞ്ച് സീറ്ര്)
മധുപനി, മുസാഫർപൂർ, സരൺ, ഹാജിപൂർ, സിതാമഠി
നേർക്കുനേർ
ജെ.ഡി.യു- ബി.ജെ.പി സഖ്യം X ആർ.ജെ.ഡി- കോൺ. സഖ്യം
--------------------------------------------------------------------------------------------------
ജമ്മുകാശ്മീർ
ആകെ സീറ്റ് : 6
നിലവിൽ
ബി.ജെ.പി- 3
പി.ഡി.പി- 3
അഞ്ചാം ഘട്ടം (രണ്ട് സീറ്റ്)
ലഡാക്ക്, അനന്ത്നാഗ്
നേർക്കുനേർ
ബി.ജെ.പി x പി.ഡി.പി x കോൺ. - നാഷണൽ കോൺഫറൻസ്
-------------------------------------------------------------------------------------
ജാർഖണ്ഡ്
ആകെ സീറ്റ് - 14
നിലവിൽ
ബി.ജെ.പി - 12
ജെ.എം.എം - 2
അഞ്ചാം ഘട്ടം (നാല് സീറ്റ്)
കോടർമ, റാഞ്ചി, ഖുംടി, ഹസാരിബാഗ്
നേർക്കുനേർ
ബി.ജെ.പി X കോൺ.-ജെ.എം.എം സഖ്യം
---------------------------------------------------------------------------------
ഉത്തർപ്രദേശ്
ആകെ സീറ്റ് - 80
ബി.ജെ.പി- 71
സമാജ് വാദ് പാർട്ടി - 5
കോൺ.-2
അപ്നാദൾ - 2
അഞ്ചാം ഘട്ടം (14 സീറ്റ്)
ധൗർഹര, സിതാപൂർ, മോഹൻലാൽഗഞ്ച്, ലക്നൗ, റായ്ബറേലി, അമേതി, ബാംന്ധാ, ഫത്തേപ്പൂർ, കൗശാംബി, ബാരാബംഗി, ഫൈസാബാദ്, ബഹ്റായ്ച്, കൈസർഗഞ്ച്, ഗോണ്ട.
സ്ഥാനാർത്ഥി പ്രമുഖർ
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സ്മൃതി ഇറാനി
നേർക്കുനേർ
ബി.ജെ.പി X ബി.എസ്.പി - എസ്.പി സഖ്യം X കോൺ.
......................................................................................
ബംഗാൾ
ആകെ സീറ്റ് - 42
നിലവിൽ
തൃണമൂൽ - 34
കോൺ. -4
സി.പി.എം - 2
ബി.ജെ.പി - 2
അഞ്ചാം ഘട്ടം (ഏഴ് സീറ്റ്)
ബൻഗാംവ്, ബരാക്പൂർ, ഹൗറ, ഉലുബേരിയ, ശ്രീറാംപൂർ, ഹൂഗ്ളി, ആരാംബാഗ്
നേർക്കുനേർ
തൃണമൂൽ X ബി.ജെ.പി X സി.പി.എം X കോൺഗ്രസ്
------------------------------------------------------------------------------------------------------
മദ്ധ്യപ്രദേശ്
ആകെ സീറ്റ് - 29
നിലവിൽ
ബി.ജെ.പി - 27
കോൺഗ്രസ്- 2
അഞ്ചാം ഘട്ടം (ഏഴ് സീറ്റ്)
ടിക്മഗഢ്, ദമോഹ്, ഖജൂരാഹോ, സത്ന, രേവ, ഹോഷംഗബാദ്, ബെതൂൾ
നേർക്കുനേർ
ബി.ജെ.പി X കോൺ.
---------------------------------------------------------------------------------
രാജസ്ഥാൻ
ആകെ സീറ്റ് - 25
നിലവിൽ
ബി ജെ പി - 25
അഞ്ചാം ഘട്ടം (12 സീറ്റ്)
ഗംഗാ നഗർ, ബിക്കാനീർ, ചുരു, ഝുൻഝുനു, സിക്കാർ, ജയ്‌പൂർ റൂറൽ, ജയ്പൂർ, അൽവാർ, ഭരത്പൂർ, കരൗലി - ധോൽപൂർ, ദൗസ, നഗൗർ
നേർക്കുനേർ
ബി.ജെ.പി X കോൺ.