ഉത്തർപ്രദേശിൽ, സ്വന്തം തട്ടകമായ പിലിഭിത്തിൽ പോളിംഗ് കഴിഞ്ഞ് പത്തു ദിവസം പിന്നിട്ടിട്ടും മേനക ഗാന്ധിയുടെ വോട്ടുപിടിത്തം കഴിഞ്ഞില്ല! കാരണം, മേനക ഇത്തവണ മത്സരിക്കുന്നത് പിലിഭിത്തിൽ നിന്നല്ല; കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മകൻ വരുൺ ഗാന്ധി മത്സരിച്ച സുൽത്താൻപൂരിൽ നിന്നാണ്. അവിടെ, പോളിംഗിന്റെ ആറാം ഘട്ടത്തിൽ മേയ് പന്ത്രണ്ടിനാണ് വോട്ടെടുപ്പ്. ഏപ്രിൽ 23-ന് പിലിഭിത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമ്മയ്‌ക്കു വോട്ടു തേടി വരുണും സുൽത്താൻപൂരിൽ സജീവം.
അമ്മയും മകനും ഇത്തവണ മണ്ഡലങ്ങൾ വച്ചുമാറിയത് വെറുതെയല്ല, പാർട്ടി പറഞ്ഞിട്ട്. പിലിഭിത്തിൽ 2009-ൽ അമ്പതു ശതമാനത്തിലധികം വോട്ട് നേടി 2,81,501 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ചരിത്രമുണ്ടെങ്കിലും, വരുണിനെ സുൽത്താൻപൂരിൽ നിന്ന് അവിടേക്ക് മാറ്റി പരീക്ഷിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത് ഈ അനുകൂല ഘടകമല്ല. മറിച്ച്, സുൽത്താൻപൂരിൽ ഇത്തവണ വരുണിന് എതിരായ വികാരമുണ്ടെന്ന തിരിച്ചറിവാണ്. പോരെങ്കിൽ, 2009-ൽ മണ്ഡലം പിടിച്ച കരുത്തനായ ഡോ. സഞ്ജയ് സിംഗിനെയാണ് കോൺഗ്രസ് ഇത്തവണ കളത്തിലിറക്കിയത്. 1984-ൽ കോൺഗ്രസിനു കൈമോശം വന്ന സുൽത്താൻപൂർ പിന്നീട് കാൽ നൂറ്റാണ്ടിനു ശേഷം പാർട്ടിക്കായി തിരിച്ചുപിടിച്ചയാളാണ് സഞ്ജയ് സിംഗ്. അന്ന് കഷ്‌ടിച്ച് ഒരുലക്ഷത്തോളമായിരുന്നു ഭൂരിപക്ഷം.
ഇത്തവണ സുൽത്താൻപൂരിൽ നിന്ന് അദ്ദേഹം വീണ്ടും ജനവിധി തേടുമ്പോൾ രാഷ്‌ട്രീയ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാൽ വരുണിന് മണ്ഡലം അത്ര സേഫ് അല്ലെന്നായിരുന്നു വിലയിരുത്തൽ. പിന്നെ ഒറ്റ മാർഗമേയുള്ളൂ: വരുണിന് അമ്മയുടെ പിലിഭിത്ത് നൽകിയിട്ട്, അമ്മയെ സുൽത്താൻപൂരിൽ മത്സരിപ്പിക്കുക. അതുതന്നെയാണ് സംഭവിച്ചതും.
1989-ൽ മേനകാ ഗാന്ധി പിലിഭിത്തിൽ നിന്ന് ആദ്യം മത്സരിച്ചത് ജനതാദൾ സ്ഥാനാർത്ഥിയായാണ്. അന്ന് അറുപത് ശതമാനത്തോളം വോട്ട് നേടിയായിരുന്നു ജയം. 96-ലും മേനക ജനതാ സ്ഥാനാർത്ഥിയായി പിലിഭിത്തിൽ നിന്ന് ലോക്‌സഭയിലെത്തി. 1998, 99 തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായായിരുന്നു മേനകയുടെ ജയം. അടുത്ത തവണ മേനക വരുണിനെ പിലിഭിത്ത് ഏല്‌പിച്ച് ഓൺല മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്കു പടി കയറി. കഴിഞ്ഞ തവണ വീണ്ടും പിലിഭിത്തിൽ നിന്ന് (ഭൂരിപക്ഷം 3,07,052).
ഈ തിരഞ്ഞെടുപ്പിൽ സുൽത്താൻപൂരിൽ മേനക നടത്തിയ ഒരു മുസ്ളിം വിരുദ്ധ പ്രസംഗം വിവാദമായിരുന്നു. മുഴുവൻ മുസ്ളിങ്ങളും തനിക്ക് വോട്ടു ചെയ്യണമെന്നും, അല്ലെങ്കിൽ വീണ്ടും ഭരണത്തിലെത്തുമ്പോൾ തന്റെ ഭാഗത്തു നിന്ന് മുസ്ളിങ്ങൾക്ക് ഒരു സഹായവും ലഭിക്കില്ലെന്നുമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. സംഭവം വിവാദമായതോടെ തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ടു. പ്രചാരണയോഗങ്ങളിൽ സംസാരിക്കുമ്പോൾ നാക്ക് സൂക്ഷിക്കണമെന്നും, മുസ്ളിം വിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കരുതെന്നും മേനകയ്‌ക്ക് താക്കീതും കിട്ടി.
അമ്മ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ കേട്, പിലിഭിത്തിൽ തനിക്ക് വിനയാകുമെന്ന് തിരിച്ചറിഞ്ഞ വരുൺ ഗാന്ധി അതിനു ശേഷം ഒരു മുറിവുണക്കൽ പ്രസംഗം നടത്തിയിരുന്നു: "പിലിഭിത്തിലെ മുസ്ളിങ്ങൾ എനിക്ക് വോട്ടു ചെയ്‌താൽ സന്തോഷം. ചെയ്‌തില്ലെന്നു കരുതി വിരോധമില്ല. വോട്ടു ചെയ്‌താലും ഇല്ലെങ്കിലും അവർക്കായി പ്രവർത്തിക്കും."