srilanka-

കൊച്ചി:ശ്രീലങ്കയിൽ ചാവേറാക്രമണം നടത്തിയ ഭീകരർ കേരളത്തിലും കാശ്‌മീരിലും ബാംഗ്ലൂരിലും എത്തിയിരുന്നതായി ലങ്കൻ സേനാമേധാവി വെളിപ്പെടുത്തിയതിന് പിന്നാലെ,​ ആക്രമണത്തിന്റെ ആസൂത്രണം കേരളത്തിലാണ് നടന്നതെന്ന ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസിന്റെ സൂചനകൾ പുറത്തുവന്നു. ഇതേപ്പറ്റി അന്വേഷിക്കാൻ സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ തയ്യാറെടുപ്പുകളുമായി മിലിട്ടറി ഇന്റലിജൻസ്,​ റോ, എൻ.ഐ.എ, ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ സംയുക്ത സംഘം കൊച്ചിയിൽ തമ്പടിക്കുകയാണ്. എൻ.ഐ.എ ഐ.ജി. അലോക് മിത്തലാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.

ഭീകരാക്രമണത്തിന് മുമ്പ് ചാവേറുകൾ കേരളത്തിൽ ഉൾപ്പെടെ എത്തിയെന്ന് ശ്രീലങ്കൻ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ മഹേഷ് സേനാനായകെ ഇന്നലെ ബി. ബി. സിക്ക് നൽകിയ ഇന്റർവ്യൂവിലാണ് വെളിപ്പെടുത്തിയത്. ലങ്കൻ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനും നാഷണൽ തൗഹിത് ജമാ അത്ത് എന്ന ഭീകര സംഘടനയുടെ തലവനുമായ സഹ്‌റാൻ ഹാഷിം പാനായിക്കുളത്തും മലപ്പുറത്തും താമസിച്ചതായി നേരത്തേ വിവരങ്ങൾ പുറത്തുവന്നിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് സേനാനായകെയുടെ വെളിപ്പെടുത്തൽ. ഒരു സ്‌ത്രീ ഉൾപ്പെടെ ഒൻപത് ചാവേറുകളാണ് ശ്രീലങ്കയിൽ ആക്രമണം നടത്തിയത്. അവരിൽ ചിലരാണ് ഇന്ത്യയിൽ എത്തിയത്. പരിശീലനത്തിനോ വിദേശ ഭീകരഗ്രൂപ്പുകളുമായി ബന്ധംസ്ഥാപിക്കാനോ ആയിരിക്കണം അവർ ഇന്ത്യയിൽ എത്തിയതെന്നാണ് ലങ്കൻ സേനാ മേധാവി പറഞ്ഞത്. ആക്രമണത്തിൽ വിദേശ ഗ്രൂപ്പുകൾക്ക് പങ്കുണ്ടാവാൻ സാദ്ധ്യതയുണ്ട്. ആക്രമണത്തിന്റെ ശൈലിയും അതിന് മുൻപ് ഭീകരർ പോയ സ്ഥലങ്ങളും ആ സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആക്രമണത്തിന് വിദേശ ഗ്രൂപ്പുകളുടെ നേതൃത്വമോ നിർദ്ദേശങ്ങളോ ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരർ ഇന്ത്യയിൽ എത്തിയതായി ലങ്കൻ അധികൃതർ ആദ്യമായാണ് വെളിപ്പെടുത്തുന്നത്. ഭീകരാക്രമണ സാദ്ധ്യതയെ പറ്റി ഇന്ത്യ ശ്രീലങ്കയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിൽ ഈ വെളിപ്പെടുത്തലിന് ഏറെ പ്രാധാന്യമുണ്ട്.

ഭീകരാക്രമണ മുന്നറിയിപ്പ് എൻ.ഐ.എയാണ് ആദ്യം ശ്രീലങ്കയ്‌ക്ക് നൽകിയത്. അതുകൊണ്ടു തന്നെ ലങ്കൻ ഭീകരർ ഇന്ത്യയിലെത്തിയത് ഇന്ത്യൻ ഏജൻസികൾ നേരത്തേ അറിഞ്ഞി​രുന്നു എന്ന് വേണം കരുതാൻ. വെളിപ്പെടുത്തലിന് മുമ്പേ ഇന്ത്യൻ ഏജൻസികൾ ഇതേപറ്റി അന്വേഷണവും ആരംഭിച്ചിരുന്നു. വാർത്ത നിഷേധിക്കാൻ ആരും തയ്യാറല്ല.സ്ഥിരീകരിക്കാൻ സമയമായില്ലെന്നും തെളിവുകൾക്ക് വേണ്ടിയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അന്വേഷണസംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു.


തെക്കൻ തലവേദനയും

വടക്കൻ അയൽ രാജ്യമായ പാകിസ്ഥാൻ ഭീകരരെ അതിർത്തി കടത്തിവിട‌ുന്നതായിരുന്നു ഇതുവരെ ഇന്ത്യയുടെ തലവേദന. ഇപ്പോൾ തെക്കൻ അയൽരാജ്യമായ ശ്രീലങ്കയിലെ ചാവേറുകൾ കാശ്‌മീർ, ബംഗളൂരു, കേരളം എന്നിവിടങ്ങളിൽ എത്തിയെന്ന വിവരം അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്.

അന്വേഷണ വിഷയങ്ങൾ

 ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ ആസൂത്രണം ഇന്ത്യയിലോ

 ചാവേറുകൾ കേരളത്തിലെത്തിയോ

 പരിശീലനം നടന്നോ

 സ്‌ഫോടക വസ്‌തുക്കൾ സംഘടിപ്പിച്ചോ

 ഏതെങ്കിലും സംഘടനകൾ പണം നൽകിയോ


''ശ്രീലങ്കൻ ഭീകരർ കേരളത്തിൽ എത്തിയെന്ന ലങ്കൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് എൻ.ഐ.എ ആണ് പ്രതികരിക്കേണ്ടത്. രാജ്യാന്തര ബന്ധമുള്ള കേസ് അന്വേഷിക്കുന്നത് എൻ.ഐ.എയാണ്. കൂടുതൽ കാര്യങ്ങൾ പുറത്തുപറയാൻ കേരള പൊലീസിനു കഴിയില്ല. കിട്ടിയ തെളിവുകൾ എൻ.ഐ.എയ്‌ക്ക് കൈമാറിയിട്ടുണ്ട്.''

ലോക്‌നാഥ് ബഹ്റ

ഡി. ജി. പി


റിയാസ് കൊടുങ്ങല്ലൂരിൽ തങ്ങി

കേരളത്തിൽ എത്തിയ ചാവേർ സഹ്‌റാൻ ഹാഷിം ലങ്കയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇയാളുടെ ആശയ പ്രചാരകനായ പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കറിനെ എൻ. ഐ. എ കസ്റ്റഡിയിൽ എടുത്തു. ഇയാൾ കൊടുങ്ങല്ലൂരിലെ പുല്ലൂറ്റിൽ ഒരു പെയിന്റ് കടയിലെ ജീവനക്കാരനായി ഒരാഴ്ചയോളം തങ്ങിയിരുന്നുവെന്നാണ് സൂചന. സ്ഥാപന നടത്തിപ്പുകാർ ഇയാളെ ഒഴിവാക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ പള്ളിയിൽ ഉൾപ്പെടെ സ്‌ഫോടനം നടത്താൻ പദ്ധതി ഉണ്ടായിരുന്നെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു.