കോഴിക്കോട് : എം.ഇ.എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലർ ഇറക്കിയതിന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന് ഫോണിൽ വധഭീഷണി. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാവുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് വെള്ളിയാഴ്ച രാത്രി എട്ടിന് ഖത്തറിൽ നിന്നാണ് ഫോൺകാൾ വന്നത്.
ഫോൺ നമ്പർ, വിളിച്ച സമയം തുടങ്ങിയവ സഹിതം ഫസൽ ഗഫൂർ നടക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. ഫസൽ ഗഫൂറിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ച് പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിലും കേസ് എടുത്തിട്ടുണ്ട്.
മുഖാവരണം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ വിവിധ മുസ്ളിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇ.കെ വിഭാഗം സമസ്‌തയ്‌ക്കാണ് വൻ എതിർപ്പ്. കേരള നദ് വത്തുൽ മുജാഹിദീൻ മാത്രം എം.ഇ.എസിന്റെ തീരുമാനത്തെ പിന്തുണച്ചു.
എന്നാൽ വധഭീഷണി കൊണ്ടൊന്നും എടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്നും അടുത്ത അദ്ധ്യയന വർഷം മുതൽ മുഖാവരണം ധരിച്ച് ക്ളാസിൽ പ്രവേശനം അനുവദിക്കില്ലെന്നും ഫസൽ ഗഫൂർ പറഞ്ഞു.