tikkaram-meena

കൊച്ചി: സംസ്ഥാന സർക്കാരിന് തന്നെ സ്ഥാനം മാറ്റാൻ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസർ ടിക്കാറാം മീണ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് താൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് എപ്പോഴാണ് മാറണമെന്ന് തോന്നുന്നത് അപ്പോഴേ ഈ സ്ഥാനത്ത് നിന്ന് മാറുകയുള്ളു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത് അതുകൊണ്ട് സംസ്ഥാന സർക്കാരിന് തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ സ്ഥാനത്ത് ഇരിക്കുന്ന കാലത്തോളം മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയവർ തന്നെ അത് പാലിക്കാൻ ഉത്തരവാദികളാണ്. തിരഞ്ഞെടുപ്പിൽ കള്ളവോട്ട് പോലുള്ള ചട്ടലംഘനങ്ങളിൽ നിന്നു പിൻമാറാൻ അതാതു പാർട്ടിക്കാരാണ് ആദ്യം തയ്യാറാവേണ്ടത്. ആത്മവിമർശനത്തിന് നേതാക്കൾ തയ്യാറാവണമെന്നും ടിക്കാറാം മീണ പറ‍ഞ്ഞു.

കള്ളവോട്ട് വിവാദത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പക്ഷപാതം കാട്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റാൻ നിയമവശം പരിശോധിക്കുന്നതായി സൂചനകളുണ്ടായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴി‍ഞ്ഞദിവസം ശക്തമായ വിമർശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മീണയെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായെന്ന് പാർട്ടി കേന്ദ്രങ്ങൾ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കാറാം മീണയുടെ പ്രതികരണം.