foni

ധാക്ക / കൊൽക്കത്ത: ഒഡീഷയിൽ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളും കടന്ന് ബംഗ്ലാദേശിലെത്തി. ഇന്ന് പുലർച്ചെ ബംഗാളിലെ കരഗ്പുരിയിലെത്തിയ ഫോനിയുടെ വേഗത മണിക്കൂറിൽ 200 കിലോമീറ്ററിൽ നിന്നും 90 കിലോമീറ്ററായി കുറഞ്ഞിരുന്നു. ബംഗാളിന്റെ വടക്ക് - കിഴക്കൻ മേഖലയിലേക്ക് നീങ്ങിയ ഫോനി ഉച്ചയോടെ ബംഗ്ലാദേശിലേക്ക് കടന്നു. ഫോനിയിൽ ആകെ 26പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഒഡീഷയിൽ മരണനിരക്ക് 12ആയി ഉയർന്നു. ബംഗ്ലാദേശിൽ 14പേർ മരിക്കുകയും 63പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 36ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. 16ലക്ഷം പേരെയാണ് ഇപ്പോൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്.

ബംഗാളിൽ കനത്ത മഴയും ഇടി മിന്നലും തുടരുകയാണ്. ബംഗാളിൽ ഈസ്റ്റ് മേദിനിപൂർ, വെസ്റ്റ് മേദിനിപൂർ, നോർത്ത് 24 പർഗാനസ്, ഹൗറ, ഹൂഗ്ലി, ജാർഗാം, കൊൽക്കത്ത എന്നീ പ്രദേശങ്ങളെ ഫോനി ബാധിക്കുമെന്നാണ് വിവരം. കൊൽക്കത്തയിൽ നിന്നുള്ള 200ൽ അധികം വിമാന സർവീസുകൾ റദ്ദാക്കിയെങ്കിലും ഉച്ചയോടെ പുന:സ്ഥാപിച്ചു. ഫോനിയുടെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തിരഞ്ഞെടുപ്പ് റാലികൾ രണ്ട് ദിവസത്തേക്ക് മാറ്റിവച്ചു. ഒ.എൻ.ജി.സിയുടെ എണ്ണകിണറുകളിൽ നിന്നും 500 ജീവനക്കാരെ മാറ്റി. കൊൽക്കത്ത - ചെന്നൈ പാതയിലെ 200 ലധികം ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്.

ബംഗാളിലെ തീര പ്രദേശങ്ങളിൽ നിന്നും വിനോദ സഞ്ചാരികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആന്ധ്രാ, തമിഴ്നാട് തീരങ്ങളിൽ കോസ്റ്റ് ഗാർഡിന്റെ നാലു കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. അതേ സമയം, ഒഡീഷയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 9 ആയി. ഇന്നലെ രാവിലെ എട്ടോടെ ഒഡീഷ തീരത്ത് വീശിയടിച്ച ഫോനി ചരിത്ര പ്രസിദ്ധമായ പുരി നഗരത്തിൽ വൻ നാശം വിതച്ചു. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമായി. വൈദ്യുതി ബന്ധം താറുമാറായി. നിരവധി കെട്ടിടങ്ങൾ തകർന്നു.