കൊൽക്കത്ത:ഒഡിഷ തീരത്ത് കനത്ത നാശം വരുത്തിയ ഫോനി ചുഴലിക്കാറ്റ് ബംഗാൾ തീരം വഴി ബംഗ്ലാദേശിലും കെടുതികൾ വിതച്ചു. രണ്ടുവയസുള്ള കുട്ടിയുൾപ്പെടെ ബംഗ്ലാദേശിൽ 14 പേർ മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഢാക്കയുടെ കിഴക്കുഭാഗത്ത് ഫോനി വീശിയടിച്ചത്.
ഒഡിഷയിൽ മരിച്ചവരുടെ എണ്ണം 12ആയി. ഇതോടെ ഫോനിയിൽ ആകെ മരണം 26 ആയി. 63 പേർക്കു പരിക്കേറ്റു. 36 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒഡിഷ സന്ദർശിക്കും.
അതേസമയം, കാറ്റിന്റെ തീവ്രത കുറയുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബംഗ്ലാദേശിൽ അഭയാർത്ഥികളായ റോഹിംഗ്യൻ മുസ്ളിങ്ങളെ സുരക്ഷിതരായി മാറ്റാനുള്ള നടപടികൾ ഐക്യരാഷ്ട്രസഭ സ്വീകരിച്ചതിനാൽ വലിയ ആൾനാശം ഒഴിവായി. രാജ്യത്തെ 19 ജില്ലകളിലായി 25 ലക്ഷം പേരെയാണ് 4,071 അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയത്. ഒരു ദശാബ്ദത്തിനിടെ ഢാക്കയിൽ വീശിയ ഏറ്റവും ശക്തമായ ചുഴലിയാണ് ഫോനി. ഇരുപത് വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റും ഫോനിയാണ്.
ഇന്നലെ രാവിലെ പശ്ചിമബംഗാളിൽ വീശിയടിച്ച കാറ്റിൽ ആളപായം ഇല്ല. കൊൽക്കത്ത വിമാനത്താവളം തുറന്നെങ്കിലും ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല.
ഇന്ത്യയ്‌ക്ക് യു.എൻ പ്രശംസ
ജനീവ: ഇരുപത് വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ തീരത്ത് ആഞ്ഞടിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റായ ഫോനിയുടെ വരവ് മുൻകൂട്ടി തിരിച്ചറിയാനും അതിനനുസരിച്ച് ആളുകളെ മാറ്റിപ്പാർപ്പിക്കാനും ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനും കഴിഞ്ഞതിന് ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെ യു.എന്നിന്റെ ദുരന്തനിവാരണ ഏജൻസി പ്രശംസിച്ചു. ഒഡിഷയിൽ പതിനൊന്ന് ലക്ഷത്തോളം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്.