ന്യൂഡൽഹി: തന്നെയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിനെയും മലയാളി ക്രിക്കറ്റർ ശ്രീശാന്ത് പരസ്യമായി ചീത്തവിളിച്ചിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് മുൻ പരിശീലകൻ പാഡി അപ്‌ടൺ രംഗത്തെത്തി. അടുത്തിടെ പുറത്തിറങ്ങിയ തന്റെ പുസ്‌തകമായ ദ ബെയർഫൂട്ട് കോച്ച് എന്ന പുസ്‌തകത്തിലാണ് അപ്‌ടന്റെ വെളിപ്പെടുത്തൽ.
2013ൽ മുംബയ് ഇന്ത്യൻസിനെതിരായ ഐ.പി.എൽ മത്സരത്തിലെ പ്ലേയിംഗ് ഇലവനിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് പ്രതികാരമെന്നോണം ദ്രാവിഡിനെയും തന്നെയും ശ്രീശാന്ത് പരസ്യമായി ചീത്തവിളിച്ചു. ശ്രീശാന്തിന്റെ ഈ സ്വാഭാവം കാരണം പിന്നീട് അദ്ദേഹത്തിനെ ടീമിൽ നിന്ന് മാറ്റിനിറുത്തി. ഐ.പി.എൽ വാതുവയ്‌പ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലാകുന്നതിന് 24 മണിക്കൂർ മുമ്പ് ശ്രീശാന്തിനെ മോശം സ്വഭാവം കാരണം ടീമിൽ നിന്ന് പുറത്താക്കി വീട്ടിലേക്ക് അയച്ചിരുന്നു. വാതുവയ്‌പ്പ് കേസിൽ അറസ്‌റ്റിലായ ശ്രീശാന്തിനെയും കൂടെ പിടിയിലായ സഹതാരങ്ങളായ അജിത് ചണ്ഡില, അങ്കിത് ചവാനെയും താൻ സംശയകരമായ സാഹചര്യത്തിൽ കണ്ടിരുന്നുവെന്നും പാഡി അപ്‌ടൺ വെളിപ്പെടുത്തുന്നു.
അതേസമയം, പാഡി ആപ്‌ടണിന്റെ വാദങ്ങൾ നിഷേധിച്ച ശ്രീശാന്ത് അദ്ദേഹം നുണ പറയുകയാണെന്നാണ് പ്രതികരിച്ചത്.