തലശ്ശേരി: അറക്കൽ സുൽത്താൻ ആദിരാജ ഫാത്തിമ മുത്ത് ബീവി (86) അന്തരിച്ചു. തലശ്ശേരി ചേറ്റംകുന്നിലെ 'ഇശലിൽ' ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
കണ്ണൂർ സിറ്റി ജുമാ അത്ത് പള്ളി ഉൾപ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കൽ സുൽത്താൻ എന്ന നിലയിൽ ബീവിയിൽ നിക്ഷിപ്തമായിരുന്നത്. അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയാണ്. 2018 ജൂൺ 26ന് സഹോദരിയും അറക്കൽ സ്ഥാനിയുമായിരുന്ന സൈനബ ആയിഷ ആദിരാജയുടെ വിയോഗത്തെ തുടർന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി സുൽത്താൻ സ്ഥാനം ഏറ്റെടുത്തത്.
1932 ആഗസ്റ്റ് 3 ന് ആലുപ്പി എളയയുടെയും അറക്കൽ ആദിരാജ മറിയം എന്ന ചെറുബിയുടെയും എട്ടാമത്തെ മകളായാണ് ജനനം. ഭർത്താവ്: പരേതനായ സി.പി. കുഞ്ഞഹമ്മദ് എളയ. മകൾ: ആദിരാജ ഖദീജ സോഫിയ. സഹോദരങ്ങൾ: ആദിരാജ ഹംസ കോയമ്മ തങ്ങൾ, ആദിരാജ സൈനബ ആയിഷബി. മൃതദേഹം ഇന്നലെ വൈകിട്ട് തലശ്ശേരി ഓടത്തിൽ പള്ളിയിൽ കബറടക്കി.