sheela

ന്യൂഡൽഹി: 2012ലെ നിർഭയാ കേസ് രാജ്യത്ത് വൻ വിവാദമായതിന് കാരണം മാദ്ധ്യമങ്ങളാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് പറഞ്ഞു. ഇപ്പോൾ നിർഭയാ കേസിന് സമാനമായ നിരവധി സംഭവങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഡൽഹിയിലെ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതിൽ തന്റെ സർക്കാരിന് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. എല്ലാം നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരാണെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ വൻ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ വൻ തിരിച്ച് വരവിന് ഒരുങ്ങുകയാണ്.

2012 ൽ ഡൽഹിയിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച്കൊലപ്പെടുത്തിയ സംഭവത്തിന്റെ വാർത്തകൾ മാദ്ധ്യമങ്ങൾ ഊതിവീർപ്പിക്കുകയായിരുന്നൂ. ഇന്ന് ഇത്തരം കേസുകൾ സർവസാധാരണമാണ്. പലപ്പോഴും ഇത്തരം സംഭവങ്ങളെ ആരും മുഖവിലക്കെടുക്കാറില്ല, പത്രത്തിലെ ചെറിയൊരു വാർത്ത മാത്രമായിരിക്കും. കുട്ടികൾ വരെ പീഡനത്തിനിരയാകുന്നു, മറ്റ് ചിലപ്പോൾ അതിനെ രാഷ്ട്രീയമാക്കി മാറ്റുന്നുവെന്നും അവർ പറഞ്ഞു. രാജ്യതലസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷയ്‌ക്ക് വേണ്ടി സി.സി.ടി.വി അടക്കമുള്ള കാര്യങ്ങൾ സ്ഥാപിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

2012 ഡിസംബർ 16ന് രാത്രിയാണ് കേസിന് ആധാരമായ സംഭവം നടക്കുന്നത്. ഫിസിയോതെറാപ്പി വിദ്യാർത്ഥിയായിരുന്ന നിർഭയയും സുഹൃത്തും ആളൊഴിഞ്ഞ ബസിൽ വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന പ്രതികൾ ആൺസുഹൃത്തിനെ അടിച്ചു വീഴ്‌ത്തുകയും നിർഭയയെ ക്രൂര ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം നടന്നപ്പോൾ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നടത്തിയ പരാമർശവും വിവാദത്തിന് കാരണമായിരുന്നു.