കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് കേരളത്തിലെ കോളേജ് വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച ഗോൾഡൻ ഗേൾസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കോഴിക്കോട് ചെറുവണ്ണൂരിലെ മറീന കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ബ്രാൻഡ് അംബാസഡർ മാനുഷി ഛില്ലർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോളേജുകളിലെ 125 വിദ്യാർത്ഥിനികൾക്ക് 20,000 രൂപയുടെ വീതം സ്‌കോളർഷിപ്പ് നൽകി. അഞ്ചുപേർക്ക് 20 ഗ്രാം വീതമുള്ള സ്വർണപ്പതക്കവും സമ്മാനിച്ചു.

എ.എച്ച് ഫർസാന (സെന്റ് തെരേസാസ് കോളേജ്, എറണാകുളം), തേജ്‌ന സമ്പത്ത് (പ്രൊവിഡൻസ് കോളേജ്, കോഴിക്കോട്), മേഘന വിനോദ് (കെ.എം.എം. ഗവൺമെന്റ് വിമെൻസ് കോളേജ്, കണ്ണൂർ), മീര രാജേഷ് (ന്യൂമാൻ കോളേജ്, തൊടുപുഴ), പുണ്യ സന്തോഷ് (ഓൾ സെന്റ്‌സ് കോളേജ്, തിരുവനന്തപുരം) എന്നിവർ മാനുഷി ഛില്ലറിൽ നിന്ന് ഗോൾഡൻ ഗേൾസ് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിന്റെ ഭാഗമായി നടന്ന കോൺക്ളേവിൽ ടൈംസ് ഗ്രൂപ്പ് ഡയറക്‌ടർ ദീപക് സലൂജ, ഏഷ്യാനെറ്ര് ന്യൂസ് എഡിറ്റർ എം.ജി. രാധാകൃഷ്‌ണൻ, കോഴിക്കോട് ഐ.ഐ.എം ഡയറക്‌ടർ ദേബാശിഷ് ചാറ്രർജി തുടങ്ങിയവർ സംബന്ധിച്ചു.

മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിന്റെ സ്വപ്‌നപദ്ധതിയായ 'ബ്രൈഡ്‌സ് ഒഫ് ഇന്ത്യ ഗോൾഡൻ ഹാർട്ടി"ന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. നിർദ്ധന യുവതികൾക്ക് സൗജന്യമായി വിവാഹാഭരണം നൽകുന്ന പദ്ധതിയാണിത്. മലബാർ ചാരിറ്റബിൾ ട്രസ്‌റ്റിന്റ വെബ്‌സൈറ്റായ 'www.malabarcharitabletrust.org"ന്റെ ഉദ്ഘാടനം എം.പി. അഹമ്മദ് നിർവഹിച്ചു. യുവതികൾക്ക് നേരിട്ടോ കുടുംബാംഗങ്ങൾക്കോ അഭ്യുദയകാംക്ഷികൾക്കോ വെബ്‌സൈറ്റിൽ പേര് രജിസ്‌റ്റർ ചെയ്യാം. പദ്ധതിക്കായി 101 കിലോഗ്രാം സ്വർണം മലബാർ ഗോൾഡ് നീക്കിവച്ചിട്ടുണ്ട്. ഒന്നു മുതൽ മൂന്നു പവൻ വരെയുള്ള വിവാഹാഭരണം അപേക്ഷകർക്ക് ലഭിക്കും.

പദ്ധതിയിലേക്കുള്ള സംഭാവനകൾക്ക് ആദായ നികുതി നിയമത്തിലെ 80 ജി വകുപ്പ് പ്രകാരം നികുതിയിളവുകൾ ലഭിക്കും.