election-2019

ന്യൂഡൽഹി: നടനും ബംഗളൂരു സെൻട്രലിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന പ്രകാശ്‌ രാജ് ആം ആദ്മി പാർട്ടിക്കായി പ്രചാരണത്തിനിറങ്ങും. മാറ്റത്തിനായി പോരാടുന്ന പാർട്ടിക്കായി താനും രംഗത്തിറങ്ങുന്നുവെന്ന് അറിയിച്ച പ്രകാശ് രാജ്,​ ജനാധിപത്യം പുനഃസ്ഥാപിക്കാനായി ഒന്നിച്ചുനിൽക്കണമെന്നും ആഹ്വാനം ചെയ്തു. വടക്ക് കിഴക്കൻ ഡൽഹിയിൽ നിന്നായിരിക്കും പ്രചാരണം ആരംഭിക്കുക. ഒരാഴ്ചയോളം ഇവിടെ പ്രചാരണത്തിൽ പങ്കെടുക്കും. ദിലീപ് പാണ്ഡ്യയാണ് ഇവിടെ ആം ആദ്മിയുടെ സ്ഥാനാർത്ഥി. ''ആരോഗ്യവും വിദ്യാഭ്യാസവുമാണ് ആംആദ്മി ഉയർത്തിപ്പിടിക്കുന്ന തിരഞ്ഞെടുപ്പ് ആശയം. അതുതന്നെയാണ് നമുക്ക് വേണ്ടതും." പ്രകാശ് രാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി വിരുദ്ധ പ്രസ്താവനകൾകൊണ്ട് രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ പ്രകാശ് രാജ് നേരത്തേ താനൊരു പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.