വാഷിംഗ്ടൺ: മുപ്പത് ലക്ഷത്തോളം മുസ്ലിങ്ങളെ ചൈന കോൺസൻട്രേഷൻ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണെന്ന അമേരിക്കയുടെ ആരോപണം വിവാദമാകുന്നു. ന്യൂനപക്ഷ വിരുദ്ധത സംബന്ധിച്ച് ചൈനയ്‌ക്കെതിരെ അമേരിക്ക ഉന്നയിക്കുന്ന ഏറ്റവും ഗുരുതരമായ ആരോപണമാണിത്. അമേരിക്കൻ പ്രതിരോധവകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗത്തിന്റെ തലവൻ റാൻഡൽ ഷ്രിവർ ആണ് ആരോപണം ഉന്നയിച്ചത്.

എന്നാൽ രാജ്യത്തെങ്ങും കോൺസെൻട്രേഷൻ ക്യാമ്പുകൾ ഇല്ലെന്നും തൊഴിൽ വിദ്യാഭ്യാസ കേന്ദ്രങ്ങളാണുള്ളതെന്നുമാണ് ചൈനയുടെ മറുപടി. ഭീകരതയിലേക്ക് തിരിയാതിരിക്കാൻ മുസ്ലീങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവുമാണ് ഈ കേന്ദ്രങ്ങളിൽ നൽകുന്നതത്രേ.

ചൈനയിലെ ലക്ഷക്കണക്കിനു മുസ്‍ലിങ്ങൾ സർക്കാരിന്റെ കൊടും പീഡനങ്ങൾക്കു വിധേയരാവുകയാണെന്ന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോർട്ടിന് പിന്നാലെയാണ് പെന്റഗണിന്റെ ആരോപണം. ചൈനയുടെ മുസ്ലീംവിരുദ്ധതയ്ക്കെതിരെ മുമ്പും അമേരിക്ക വിമർശനങ്ങളുന്നയിച്ചിരുന്നു. പുതിയ ആരോപണം യു. എസ് - ചൈന ബന്ധത്തിൽ ഉലച്ചിലുണ്ടാക്കും. മുസ്ലിങ്ങൾക്കെതിരെയുള്ള നടപടികളുടെ പേരിൽ ലോകരാജ്യങ്ങളിൽ നിന്ന് ചൈന ചോദ്യങ്ങൾ നേരിടുന്നതിനിടയിലാണ് അന്താരാഷ്ട്രതലത്തിൽ കോളിളക്കമുണ്ടാക്കുന്ന ആരോപണമുയർന്നത്.

ഇത്തരം ക്യാമ്പുകളിൽ നിന്ന് പുറത്തു വന്നവർ ചൈനീസ് സുരക്ഷാ സേനയുടെ ക്രൂരമായ ചോദ്യം ചെയ്യലിന്റെയും ആളുകളെ കുത്തിനിറച്ച ക്യാമ്പുകളിലെ നരകയാതനയുടെയും വിവരങ്ങൾ വിദേശ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത് ലോകശ്രദ്ധ നേടിയിരുന്നു. ക്യാമ്പുകളിൽ ദിവസവും പാർട്ടി സൈദ്ധാന്തിക വിദ്യാഭ്യാസം എന്ന പേരിൽ നടത്തുന്ന ക്രൂരമായ ഭേദ്യം ചെയ്യൽ താങ്ങാനാവാതെ പലരും ആത്മഹത്യ ചെയ്‌തതായും അവർ വെളിപ്പെടുത്തിയിരുന്നു. ഈ വർഷമാദ്യം ഇസ്ലാംമതത്തെ തദ്ദേശവത്കരിക്കുന്ന നിയമം ചൈന പാസാക്കിയിരുന്നു.

''വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ മുസ്‌ലിം വിഭാഗങ്ങൾക്കു ശക്തമായ നിയന്ത്രണങ്ങളാണ് ചൈനയിലുള്ളത്. സുരക്ഷാസൈനികരെ ഉപയോഗിച്ചാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‍ലിങ്ങളെ ‘കോൺസൻട്രേഷൻ ക്യാമ്പു’കളിൽ എത്തിക്കുന്നത്. ഉയിഗുർ അടക്കമുള്ള മുസ്‌ലിം വിഭാഗങ്ങൾ ചൈനയിൽ അതിക്രൂരമായ പീഡനങ്ങൾക്കാണ് വിധേയമാകുന്നത്. "-ഷ്രിവർ