rahulgandhi

ന്യൂഡൽഹി: റഫേൽ അഴിമതി ആരോപണത്തിൽ കുടുങ്ങിയിരിക്കുന്ന ബി.ജെ.പി രാഹുൽ ഗാന്ധിയെ കുടുക്കാൻ പുതിയ ആരോപണവുമായി രംഗത്ത്. യു.പി.എ സർക്കാരിന്റെ കാലത്ത് നടന്ന പ്രതിരോധ ഇടപാട് ആയുധമാക്കിയാണ് ബി.ജെ.പി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഫ്രാൻസുമായി നടത്തിയ പ്രതിരോധ ഇടപാടിൽ രാഹുൽ ഗാന്ധി ഇടപെട്ടെന്നും ബി.ജെ.പി ആരോപിക്കുന്നു.

ഫ്രാൻസിൽ ഒപ്പുവച്ച സ്കോർപീൻ അന്തർവാഹിനി ഇടപാടിൽ രാഹുൽ അനധികൃതമായി ഇടപെട്ടെന്നും തന്റെ ബിസിനസ് പങ്കാളിയായ അമേരിക്കൻ പൗരൻ ഉൾറിക് മക്നൈറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് ഇടപാടിന്റെ അനുബന്ധ കരാർ നൽകിയതെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ആരോപണങ്ങളെ നിക്ഷേധിച്ച് ഏത് അന്വേഷത്തെയും നേരിടാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അമേരിക്കൻ പൗരനായ മക്നൈറ്റ് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബാക്ഒാപ്സ് എന്ന കമ്പനിയിൽ രാഹുലിന്റെ പങ്കാളിയായിരുന്നു. ഈ കമ്പനിയുടെ 65 ശതമാനം ഒാഹരികൾ രാഹുൽ ഗാന്ധിയുടെയും 35 ശതമാനം ഒാഹരികൾ ഉൾറിക് മക്നൈറ്റിന്റെയും പേരിലായിരുന്നു. രാഹുൽ ഗാന്ധി തന്റെ സുഹൃത്തിന് അനുബന്ധകരാർ ലഭിക്കാൻവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. യു.പിയിലെ പ്രതാപ്ഗഡിൽ വച്ചാണ് മോദി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്. രാഹുൽ മറഞ്ഞിരുന്ന് പ്രവർത്തിക്കുന്ന പ്രതിരോധ ഇടനിലക്കാരനാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പ്രതികരിച്ചു