arvind-kejriwal

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ ആക്രമണം. തുറന്ന വാഹനത്തിലായിരുന്നു കെജ്‌രിവാളും സ്ഥാനാർത്ഥികളും പ്രചാരണം നടത്തിയത്. ഇതിനിടെ ഡൽഹി മോത്തി ബാഗിൽവച്ച് യുവാവ് വാഹനത്തിലേക്ക് ചാടിക്കയറി കെജ്‍രിവാളിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അക്രമിയെ പൊലീസും പ്രവർത്തകരും ചേർന്ന് കീഴ്പ്പെടുത്തി. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈലാഷ് പാർക്ക് സ്വദേശി സുരേഷ് ആണ് കെജ്‌രിവാളിനെ മർദ്ദിച്ചതെന്നാണ് സൂചനകൾ. ഇയാളെ മോത്തിനഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു വരുന്നു.


നോർത്ത് - ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ മനോജ് തിവാരി നല്ല നർത്തകനാണെന്നും, നർത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‍രിവാൾ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ആക്രമണത്തെ ആം ആദ്മി പാർട്ടി അപലപിച്ചു. കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള ദില്ലി പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയാണിതെന്നും ഈ ഭീരുത്വത്തെ അപലപിക്കുന്നതായും പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.