കൊച്ചി: ടൈലോസ് ഇലക്‌ട്രിക് വെഹിക്കിൾസ് എൽ.എൽ.പിയുടെ ഇലക്‌ട്രിക് വാഹന നിർമ്മാണ യൂണിറ്റ് കൊച്ചിയിൽ ആരംഭിച്ചു. സ്‌പീനിക്‌സ്, സ്‌പാരോ എന്നീ സീരീസ് സ്‌കൂട്ടറുകളാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചത്. ഇവയുടെ വിപണി പ്രവേശനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. തൃശൂർ മേയർ അജിത വിജയൻ, നന്തിലത്ത് ഇലക്‌ട്രോണിക്‌സ് ചെയർമാൻ ചന്ദ്രൻ നന്തിലത്തിന് ടൈലോസ് കമ്പനിയുടെ ആദ്യ ഡീലർഷിപ്പ് സമ്മതപത്രം കൈമാറി.

ഇന്ത്യൻ കാലാവസ്ഥയ്ക്കും ഉപഭോക്താക്കളുടെ അഭിരുചിക്കും ഇണങ്ങിയ വിധമാണ് സ്‌കൂട്ടറുകളുടെ രൂപകല്‌പന. 60വി-20എ.എച്ച് ലെഡ് ആസിഡ് ബാറ്രറിയാണ് ഫീനിക്‌സിലുള്ളത്. സ്‌പാരോയിൽ 48വി-20എ.എച്ച് ബാറ്ററിയും നൽകിയിരിക്കുന്നു. ലൈസൻസ്, രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ് എന്നിവയില്ലാതെ ഈ സ്‌കൂട്ടറുകൾ ഉപയോഗിക്കാം. മെയിന്റനൻസ് കുറവാണെന്നതും മികവാണ്. പെട്രോൾ വാഹനത്തിന് കിലോമീറ്ററിന് രണ്ടുരൂപ ചെലവ് വരുമെങ്കിൽ ടൈലോസ് സ്‌കൂട്ടറിന് പത്തുപൈസ മതി.

നെട്ടൂരിലെ നിർമ്മാണ യൂണിറ്രിൽ നിന്ന് ഈവർഷം 5,000വും അടുത്തവർഷം 10,000വും സ്‌കൂട്ടറുകൾ വിപണിയിലെത്തും. ഈവർഷം ആഗസ്‌റ്രോടെ 500 വാട്ട് മോട്ടോറും ലിതിയം ബാറ്രറിയുമുള്ള നാല് റേഞ്ച് സ്‌കൂട്ടറുകളും വിപണിയിലെത്തിക്കും. ഒക്‌ടോബറോടെ ത്രീവീലറുകളും അവതരിപ്പിക്കും. ഇതുവഴി 500ലേറെ പേർക്ക് തൊഴിൽ ലഭിക്കും. മികച്ച സർവീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രൊഡക്‌ഷൻ എൻജിനിയറിംഗ് രംഗത്ത് മൂന്നു പതിറ്രാണ്ടത്തെ പരിചയസമ്പത്തുള്ള ആഷ്‌ലി ജോർജ്, പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ഒ.എം. അനിൽകുമാർ, മാർക്കറ്രിംഗ് രംഗത്ത് മികച്ച പരിചയസമ്പത്തുള്ള ബാബു വടക്കൻ, മാനേജ്‌മെന്റ് വിദഗ്ദ്ധൻ മധു നമ്പ്യാർ എന്നീ വിദേശ മലയാളികളാണ് സംരംഭത്തിന്റെ സാരഥികൾ.