tottanham

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ ടോട്ടൻഹാം ഹോട്സ്‌പറിന് കണ്ടകശനി. അഞ്ച് മിനിറ്രിനിടെ രണ്ട് പേർ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് ഒമ്പത് പേരായി ചുരുങ്ങിയ ടോട്ടൻഹാം ഹോട്സ്പർ ഇഞ്ച്വറി ടൈമിൽ വഴങ്ങിയ ഗോളിൽ ബേൺമൗത്തിനോട് തോറ്രു. കളിതീരാൻ സെക്കൻഡുകൾ ശേഷിക്കെ തൊണ്ണൂറ്റി ഒന്നാം മിനിറ്റിൽ നാഥാൻ അകെയാണ് ബേൺമൗത്തിന്റെ വിജയ ഗോൾ നേടിയത്. പോയിന്റ് ടേബിളിൽ ടോപ് ഫോറിൽ തുടരാനാകുമെന്ന ടോട്ടൻഹാമിന്റെ പ്രതീക്ഷകളെ പ്രതിസന്ധിയിലാക്കുന്നതായി ടോട്ടനത്തിന് ഈ തോൽവി. 37മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള ടോട്ടൻഹാം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ചെൽസിക്ക് 68ഉം അഞ്ചാം സ്ഥാനത്തുള്ള ആഴ്സനലിന് 66 പോയിന്റും ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 65 പോയിന്റുമാണുള്ളത്. ഈ ടീമുകളെല്ലാം ടോട്ടനത്തെക്കൾ ഒരു മത്സരം കുറച്ചെ കളിച്ചിട്ടുള്ളൂ.

ബേൺമൗത്തിന്റെ തട്ടകമായ ഡീൻ കോർട്ടിൽ നടന്ന മത്സരത്തിൽ ഹാരി കേനിന്റെ അഭാവത്തിൽ ടീമിന്റെ കുന്തമുനയായ സൺ ഹ്യൂംഗ് മിന്നിനെയാണ് ടോട്ടൻഹാമിന് ആദ്യം നഷ്ടമായത്. 43-ാം മിനിറ്റിൽ പന്ത് നഷ്ടമായതിന്റെ സമ്മർദ്ദത്തിൽ ബേൺമൗത്ത് താരം ജെഫേഴ്സൺ ലെർമയെ പിടിച്ച് തള്ളിയതിനാണ് സണ്ണിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചത്. രണ്ടാം പകുതി തുടങ്ങി ഉടൻ തന്നെ 48-ാം മിനിറ്റിൽ ടോട്ടനത്തിന്റെ അർജന്റീനൻ ഡിഫൻഡർ ജുവാൻ ഫോയ്‌ത്തും മാർച്ചിംഗ് ഓർഡർ വാങ്ങി. ബേൺമൗത്ത് ഡിഫൻഡർ ജാക്ക് സ്‌മിത്തിനെ അപകടകരമാം വിധം ഫൗൾചെയ്തതിനാണ് രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങി രണ്ട് മിനിറ്രിനകം ഫോയ്‌ത്തിന് റഫറി ചുവപ്പ് കാർഡ് കാട്ടിയത്. തുടർന്ന് ഒമ്പത് പേരായി ചുരുങ്ങിയ ടോട്ടനം കളി സമനിലയെങ്കിലും ആക്കാമെന്ന പ്രതീക്ഷയിലായിരിക്കുമ്പോഴാണ് 91-ാം മനിറ്റിൽ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ അകെ ബേൺമൗത്തിന്റെ വിജയഗോൾ നേടിയത്.

ബേൺമൗത്തിനായി അരങ്ങേറിയ പത്തൊമ്പതുകാരൻ ഗോൾ കീപ്പർ മാർക്ക് ട്രവേർസിന്റെ തകർപ്പൻ സേവുകളാണ് പലതവണ ഗോളിനടുത്ത് വരെയെത്തിയ ടോട്ടനത്തിന് തടസമായത്.

മറ്രൊരു മത്സരത്തിൽ എവർട്ടൺ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബേൺലിയെ കീഴടക്കി. പതിനേഴാം മിനിറ്റിൽ ബേൺലി താരം മീയുടെ സെൽഫ് ഗോളിലൂടെ ലീഡ് നേടിയ എവർട്ടണായി മൂന്ന് മിനിറ്രിന് ശേഷം കോൾമാനും ലക്ഷ്യം കണ്ടു.