കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 199 പേർ കള്ളവോട്ട് ചെയ്തെന്ന പരാതിയുമായി കോൺഗ്രസ്. സംഭവത്തിൽ തെളിവുകൾ സഹിതം കോൺഗ്രസ് ജില്ലാകളക്ടർക്ക് പരാതി നൽകി. കള്ളവോട്ട് ചെയ്തവരിൽ 40 പേർ സ്ത്രീകളാണെന്നും പരാതിയിൽ പറയുന്നു..
അഞ്ച് വോട്ടുകൾ വരെ ചെയ്ത ആളുകളുടെ വിവരങ്ങൾ പരാതിയിലുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെക്കുറിച്ചും പരാതിയിലുണ്ട്.
യഥാർത്ഥ വോട്ടറുടെ പേര്, കള്ളവോട്ട് ചെയ്ത ആളുടെ പേര്, വിവിധ ബൂത്തുകളിൽ വോട്ടു ചെയ്തവരുടെ പേരുകൾ എന്നിവ സഹിതമാണ് പട്ടിക നൽകിയത്. കള്ളവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിഞ്ഞ കോൺഗ്രസ് ബൂത്ത് ഏജന്റ് വിവരം നൽകിയിട്ടും അതിനെ അവഗണിച്ചും കള്ളവോട്ടിന് അവസരം നൽകിയ ഉദ്യോഗസ്ഥനെതിരേയും പരാതിയിൽ പരാമർശമുണ്ട്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് അച്ഛന്റെ വോട്ട് മകൻ ചെയ്ത സംഭവവും ഇതേ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ കൊച്ചുമകൾ കള്ളവോട്ട് ചെയ്ത സംഭവവും പരാതിയായി വരാണാധികാരി കൂടിയായ കളക്ടർക്ക് നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത കൗമാരക്കാർ വോട്ട് ചെയ്ത സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് 22 ഉം പേരാവൂരിൽ 35 പേർ കള്ളവോട്ട് ചെയ്തു തളിപ്പറമ്പില്‍ 77 പേരാണ് കള്ളവോട്ട് ചെയ്തത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിൽ 11 സ്ത്രീകള്‍ അടക്കം 65 പേരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്.