pk-sasi-mla

പാലക്കാട്: ജിഷ്ണു പ്രണോയ് കേസിലെ പ്രതിയായ പി. കൃഷ്‌ണദാസിനെ ന്യായീകരിച്ച് ഷൊർണൂർ എം.എൽ.എ പികെ ശശിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാമ്പാടി നെഹ്റു കോളേജിലെ എസ്.എഫ്.ഐ യൂണിറ്റും ജിഷ്‌ണുവിന്റെ അമ്മ മഹിജയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് കത്തയച്ചു.

ജിഷ്ണു പ്രണോയ് കേസിന്റെ ആദ്യഘട്ടത്തിൽ പി.കെ ശശി എം.എൽ.എ കേസിൽ ആരോപണ സ്ഥാനത്തുള്ള കൃഷ്‌ണദാസിനെ സഹായിക്കുന്നതായി തങ്ങൾക്ക് അറിയാമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പി.കെ ശശി ജിഷ്‌ണു പ്രണോയ് കേസ് പ്രതിയായ കൃഷ്ണദാസിനെ പരസ്യമായി ന്യായീകരിക്കുകയും സമരം ചെയ്ത കുടുംബത്തെയും എസ്.എഫ്.ഐ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകരെയും അപമാനിക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു.

"കൃഷ്ണദാസ്സ് തളരരുത്, പ്രാപ്തിയുള്ളവന് നേരെയെ കല്ലെറിയു, മന്ദബുദ്ധികളെ ആരെങ്കിലും വിമർശിക്കാൻ നിൽക്കുമോ? കൃഷ്ണദാസ് അതിനെയെല്ലാം അതിജീവിക്കാൻ കരുത്തുള്ള മനുഷ്യനാണ്" എന്നായിരുന്നു പി കൃഷ്ണദാസിനെക്കുറിച്ച് പി.കെ ശശി പറഞ്ഞത്.

കത്തിന്റെ പൂർണരൂപം
ഫ്രം,
മഹിജ
m/o ജിഷ്ണുപ്രണോയ്
ടു,
സ: കോടിയേരി ബാലകൃഷ്ണന്‍
സെക്രട്ടറി സി.പി.ഐ.എം കേരള സംസ്ഥാന കമ്മറ്റി

വിഷയം : പാര്‍ട്ടി എം.എല്‍.എ പി.കെ ശശി ജിഷ്ണു പ്രണോയ് കേസ് പ്രതി കൃഷ്ണദാസിനെ പരസ്യമായി ന്യായീകരിക്കുകയും സമരം ചെയ്ത കുടുംബത്തെയും എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും അപമാനിച്ചതിലുള്ള പരാതി

സഖാവേ ,

ജിഷ്ണു പ്രാണോയ് കേസിന്‍റെ ആദ്യഘട്ടത്തില്‍തന്നെ പി.കെ ശശി എം.എല്‍.എ കേസില്‍ ആരോപണ സ്ഥാനത്തുള്ള കൃഷ്ണദാസിനെ സഹായിക്കുന്നതായി തങ്ങള്‍ക്ക് അറിയാമായിരുന്നു. പാലക്കാടുള്ള പാര്‍ട്ടി സഖാക്കള്‍ തന്നെ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, അന്ന് സര്‍ക്കാരിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കേണ്ടെന്ന് കരുതിയാണ് അക്കാര്യം പരസ്യമായി പറയാതിരുന്നത്. ഇക്കാര്യം അന്നുതന്നെ ഇവിടുത്തെ പാര്‍ട്ടി സഖാക്കളേയും അറിയിച്ചിരുന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും തെറ്റിദ്ധരിപ്പിക്കാനാണ് അന്ന് അവര്‍ ശ്രമിച്ചത്. ചില നേതാക്കള്‍ കൃഷ്ണദാസിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം (2-5-2019) ന് പി കെ ശശി നെഹ്റു മാനേജ്‌മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള പി കെ ദാസ് മെഡിക്കൽ കോളേജിൽ ഒരു സി ടി സ്കാൻ മെഷീനിന്‍റെ ഉദ്ഘാടനത്തിന്‌ പോവുകയും, പാര്‍ട്ടി തള്ളിപ്പറഞ്ഞ കൃഷ്ണദാസ്സിനെ പരസ്യമായി പുകഴ്ത്തുകയും കൃഷ്ണദാസ്സിനെ തിരെ സമരം ചെയ്ത ഞങളുടെ കുടുംബത്തെയും എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും അപമാനിച്ചത് സഖാവിന്‍റെ ശ്രെദ്ധയില്‍ പ്പെടുകാണുമല്ലോ ?

കൃഷ്ണദാസ്സ് തളരരുത് പ്രാപ്തിയുള്ളവന് നേരെയെ കല്ലെറിയു, മന്ദബുദ്ധികളെ ആരെങ്കിലും വിമർശിക്കാൻ നിൽക്കുമോ... കൃഷ്ണദാസ് അതിനെയെല്ലാം അതിജീവിക്കാൻ കരിത്തുള്ള മനുഷ്യനാണ്, അങ്ങനെ അദ്ദേഹത്തെ പുകഴ്‌ത്തിയും അദ്ദേഹത്തിനെ വിമർശിക്കുന്നവരെയയും സമരം ചെയ്തവരെയും തള്ളിപറഞ്ഞുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. കൃഷ്ണദാസിന്‍റെ എന്തു പ്രാപ്തിയെന്നാണ് പി.കെ ശശി പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.

കുട്ടികളെ ഇടിമുറിയിലിട്ട് കൊല്ലുന്നതാണോ ഇയാളുടെ പ്രാപ്തി. ജിഷ്ണുവിന്‍റെ കേസില്‍ സാക്ഷികളായ വിദ്യാര്‍ഥികളെ ഇപ്പോഴും പരീക്ഷകളില്‍ തോല്‍പിച്ച് പീഡിപ്പിക്കുകയാണ് കൃഷ്ണദാസ് ചെയ്യുന്നത്. സി.പി.എമ്മിന്റെ ഒരു എം.എല്‍.എ തന്നെ ഇത്തരത്തിലൊരാളെ പുകഴ്ത്തി സംസാരിച്ചത് ഏറെ വേദനിപ്പിച്ചിട്ടുണ്ട്. അതിനാല്‍, പി കെ ശശി എംഎല്‍എയ്ക്കെതിരേ പാര്‍ട്ടി നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിശ്യസ്തതയോടെ മഹിജ