jaisal

മലപ്പുറം: പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിൽ കേരള മറക്കാത്ത പേരാണ് താനൂർ സ്വദേശി ജെയ്സലിന്റേത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് സ്വന്തം ജീവനുമായി രക്ഷപ്പെടാനായി ശ്രമിച്ചവർക്ക് കൈത്താങ്ങു നൽകിയ മത്സ്യത്തൊഴിലാളികളിൽ ഒരാളാണ് ജെയ്സൽ. രക്ഷാപ്രവർത്തനത്തിന്റെ സമയത്ത് ബോട്ടിലേക്ക് കയറാൻ ബുദ്ധിമുട്ടിയവരോട് 'ഉമ്മാ നിങ്ങള് ചവിട്ടിക്കേറിക്കോളീന്ന്' പറഞ്ഞ് മുതുകു കാണിച്ചു നൽകിയത് ജെയ്സലായിരുന്നു. ഒപ്പമുണ്ടായിരുന്ന ആരോ പകർത്തിയ ആ വീഡിയോയിലൂടെയാണ് ജെയ്സലിനെ ലോകം അറിഞ്ഞത്.

വെള്ളത്തിൽ കുനിഞ്ഞു കിടന്ന് കയറാനായി മുതുകു കാണിച്ചു കൊടുക്കുന്ന ജെയ്സലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപ്പേരാണ് നന്ദിയും അഭിനന്ദനവും അറിയിച്ചെത്തിയത്. നിരവധിപ്പേര്‍ ജെയ്സിന് സഹായങ്ങളുമായും എത്തി. ഇതിന് പിന്നാലെയാണ് ജെയ്സലിന് സ്വന്തമായി വീടില്ലെന്ന കാര്യവും പുറത്തറിയുന്നത്.

ട്രോമാ കെയർ വോളന്റിയർ കൂടിയായ ജൈസലിന് 7 മാസം കൊണ്ടാണ് എസ്‌.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പരപ്പനങ്ങാടി ആവിൽ കടപ്പുറത്ത് വീടു നിർമിച്ചത്. എസ്‌.വൈ.എസിന്റെ പ്രവാസി സന്നദ്ധസംഘടനയായ ഐ.സി.എഫിന്റെ സഹകരണത്തോടെ 16 ലക്ഷം രൂപ ചെലവിട്ട് 1,100 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില വീടാണ് നിർമിച്ചത്. ഇന്ന് വൈകിട്ട് പരപ്പനങ്ങാടി ആവിൽ കടപ്പുറത്ത് നടക്കുന്ന ചടങ്ങിൽ അലി ബാഫഖി തങ്ങൾ വീടിന്റെ താക്കോൽ കൈമാറി.