election-2019

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നടത്തിയെന്ന് കാണിച്ചുള്ള ഏഴ് പരാതികളിൽ, ഇരുവർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ ക്ലീൻ നൽകിയ അഞ്ചെണ്ണത്തിൽ കമ്മീഷനിലെ ഒരംഗം വിയോജിപ്പ് പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മൂന്നുപേരടങ്ങിയ കമ്മിഷനിൽ 2-1 എന്ന ഭൂരിപക്ഷാഭിപ്രായത്തിലാണ് ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയതെന്ന് ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ സുനിൽ അറോറ, കമ്മിഷണർമാരായ അശോക് ലവാസ, സുനിൽ ചന്ദ്ര എന്നിവരാണ് കമ്മിഷനിലുണ്ടായിരുന്നത്. എന്നാൽ, മൂന്നുപേരിൽ ആരാണ് വിയോജിപ്പ് രേഖപ്പെടുത്തിയതെന്ന് വ്യക്തമല്ല.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം, ബാലാകോട്ട് വ്യോമാക്രമണത്തിന്റെ പേരിൽ വോട്ടുചോദിച്ചത്, കോൺഗ്രസ് മുങ്ങിത്താഴുന്ന കപ്പലാണെന്ന പരാമർശം, പാകിസ്ഥാന് മറുപടി കൊടുത്തുവെന്ന പരാമർശം തുടങ്ങി അഞ്ച് പരാമർ‌ശങ്ങളിലായിരുന്നു മോദിക്കെതിരെ പരാതി. ഇവ ഒരംഗത്തിന്റെ വിയോജിപ്പോടുകൂടിയാണ് കമ്മിഷൻ തള്ളിയത്. എന്നാൽ, 'ആണവായുധം ദീപാവലിക്കു പൊട്ടിക്കാനല്ല' എന്ന മോദിയുടെ പരാമർശത്തിലുള്ള പരാതി ഏകകണ്ഠമായാണ് തള്ളിയത്.