മുംബയ്: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് മൂന്ന് യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ നലസോപോരയിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലായിരുന്നു സംഭവം. സുനിൽ ചവ്രിയ (30), പ്രദീപ് സർവയ് (25), ബിക ബുംബക് (25) എന്നിവരാണ് മരിച്ചത്. ആകെ ആറ് ജോലിക്കാരാണുണ്ടായിരുന്നത്. രാത്രി ഭക്ഷണത്തിന് ശേഷം ഒരാൾ ടാങ്കിലേയ്ക്കിറങ്ങുകയും വിഷവാതകം ശ്വസിച്ച് അതിനുള്ളിൽ വീഴുകയും ചെയ്തു. അയാളെ രക്ഷപ്പെടുത്താൻ ടാങ്കിലേയ്ക്കിറങ്ങിയ മറ്റ് രണ്ടുപേരും ശ്വാസം മുട്ടി ടാങ്കിനുള്ളിൽ വീഴുകയായിരുന്നു. തുടർന്ന് കൂടെയുള്ള മറ്റ് ജോലിക്കാരാണ് പ്രദേശവാസികളെ വിവരം അറിയിച്ചത്. മാസ്കോ ഗ്ലൗസോ ധരിക്കാതെയാണ് ജോലിക്കാർ സെപ്റ്റിക് ടാങ്കിലേയ്ക്ക് ഇറങ്ങിയത്. ടാങ്ക് വൃത്തിയാക്കാനുള്ള കോൺട്രാക്ട് എടുത്ത സൂപ്പർവൈസറിനെ പൊലിസ് ചോദ്യം ചെയ്ത് വരികയാണ്.