gambhir

ന്യൂഡൽഹി: മുൻ പാക് ക്രിക്കറ്ര് താരം ഷാഹിദ് അഫ്രീദിയുടെ ആത്മകഥയായ ഗെയിം ചേയ്ഞ്ചർ തുറന്നുവിട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. പുസ്തകത്തിൽ തന്നെ വിമർശിച്ച് എഴുതിയതിനെതിരെ അഫ്രീദിക്ക് കടുത്ത മറുപടിയുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്തെത്തി. ഷാഹീദ് അഫ്രീദി ഇന്ത്യയിൽ വന്ന് മനോരോഗ ചികിത്സയ്ക്ക് വിധേയനാകണമെന്നാണ് ഗംഭീർ കഴിഞ്ഞ ദിവസം ട്വീറ്ര് ചെയ്തത്. ഗംഭീറിനെ വ്യക്തിത്വമില്ലാത്തയാളെന്നും വികാര ജീവിയാണെന്നുമുള്ള തരത്തിലാണ് അഫ്രീദി തന്റെ ആത്മകഥയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി അഫ്രീദി കിറുക്കനാണെന്നും മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി ഞങ്ങൾ ഇപ്പോഴും പാകിസ്ഥാനികൾക്ക് വിസ അനുവദിക്കാറുണ്ടെന്നും ആ സൗകര്യം പ്രയോജനപ്പെടുത്താൻ സമ്മതമാണെങ്കിൽ താൻ തന്നെ അഫ്രീദിയെ മനോരോഗ വിദഗ്ദ്ധന്റെ അടുത്ത് കൊണ്ട് പോകാമെന്നും ഗംഭീർ ട്വീറ്ര് ചെയ്യുകയായിരുന്നു.

ഫീൽഡിനകത്തും പുറത്തും ഗംഭീറും അഫ്രീദിയും തമ്മിൽ നല്ല ബന്ധത്തിൽ ആയിരുന്നില്ല. 2007ൽ കാൺപുരിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ഏകദിന മത്സരത്തിനിടെ ഇരുവരും തമ്മിൽ ഗ്രൗണ്ടിൽ പരസ്യമായ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അന്ന് ഇരുവർക്കുമെതിരെ ഐ.സി.സി നടപടിയും സ്വീകരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ഗംഭീർ. നേരത്തേ കാശ്മീർ വിഷയത്തിലെ പരാമർശവും പ്രായം സംബന്ധിച്ച വെളിപ്പെടുത്തലും അഫ്രീദിയുടെ ഗെയിം ചെയ്ഞ്ചറിനെ വിവാദത്തിലാക്കിയിരുന്നു.