ന്യൂഡൽഹി: ഗുജറാത്തിലെ പത്താനിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീൻ ചിറ്റ്. മോദിയുടെ പ്രസംഗത്തിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. വ്യോമസേനയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്താനിൽ നിന്ന് തിരിച്ചെത്തിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലാണ് മോദിക്ക് കമ്മിഷൻ ക്ലീൻ ചിറ്റ് നൽകിയത്.
പാകിസ്താനെ മുൾമുനയിൽ നിറുത്തിയാണ് അഭിനന്ദനെ തിരിച്ചെത്തിച്ചതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടുവെന്നാണ് പരാതിയ ഉയർന്നത്. ഇതോടെ പ്രധാനമന്ത്രി മോദിക്കെതിരെ ഉയർന്ന ആറ് പരാതികളിലും തിരഞ്ഞെടുപ്പ് കമ്മിഷൻ അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകി. ഉത്തർപ്രദേശിലെ വാരണാസിയിലും മഹാരാഷ്ട്രയിലെ നന്ദേദിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.