തൃശൂർ : ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കർശന സുരക്ഷ ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി ഭാഗമായി പൂരത്തിനെത്തുന്നവർ ബാഗുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി. പൂരം വെടിക്കെട്ടിന് കൂടുതൽ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്താനും മന്ത്രി വി.എസ്.സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ദേവസ്വം അധികൃതരുടെയും സംയുക്തയോഗം തീരുമാനിച്ചു. സുരക്ഷയുടെ ഭാഗമായി നഗരത്തിൽ സി.സി.ടിവി കാമറകൾ കൂടുതലായി സ്ഥാപിക്കും. സന്ദർശകർക്ക് വെടിക്കെട്ട് കാണാനുള്ള എല്ലാ സൗകര്യവും ഏർപ്പെടുത്തും. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മോക്ഡ്രിൽ നടത്താനും യോഗത്തിൽ തീരുമാനിച്ചു.
വെടിക്കെട്ട് സ്ഥലത്ത് നിയോഗിക്കപ്പെടുന്ന വോളന്റിയർമാരും കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ തിളങ്ങുന്ന ജാക്കറ്റ് നിർബന്ധമായി ധരിച്ചിരിക്കണമെന്ന് എക്‌സ്‌പ്ലോസീവ് അധികൃതർ നിർദേശിച്ചു. ജാക്കറ്റും തിരിച്ചറിയൽ കാർഡുമില്ലാത്ത വോളന്റിയർമാരെ വെടിക്കെട്ട് സ്ഥലത്തേക്ക് ഒരു കാരണവശാലും പ്രവേശിപ്പിക്കില്ലന്നും നിർദ്ദേശമുണ്ട്. ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്റെ അളവ് എത്രയെന്ന് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടർക്ക് നൽകാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.