ഐ.പി.എല്ലിൽ ഡൽഹി രാജസ്ഥാനെ കീഴടക്കി
രാജസ്ഥാൻ പ്ലേ ഓഫിലെത്താതെ പുറത്ത്
ന്യൂഡൽഹി: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡെൽഹി ഡെയർ ഡെവിൾസിനോട് തോറ്റ് രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ പുറത്തായി. നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞ ഡൽഹി 5 വിക്കറ്രിനാണ് രാജസ്ഥാനെ കീഴടക്കിയത്.
ഡൽഹി ബൗളിംഗിന് മുന്നിൽ പതറിപ്പോയ ആദ്യം ബാറ്റ്ചെയ്ത് രാജസ്ഥാന് ഇരുപതോവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ഡൽഹി പതർച്ച നേരിട്ടെങ്കിലും അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന റിഷഭ് പന്തിന്റെ (38 പന്തിൽ 53) ബാറ്റിംഗിന്റെ പിൻബലത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു.
നേരത്തേ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്റ്റീവൻ സ്മിത്തിന്റെ അഭാവത്തിൽ രാജസ്ഥാന്റെ നായകസ്ഥാനം ഏറ്രെടുത്ത രഹാനെയ്ക്ക് പക്ഷേ തിരിച്ചുവരവും കയ്പേറിയതാവുകയായിരുന്നു. ഓപ്പണറായിറങ്ങി 2 റൺസ് മാത്രമെടുത്ത രഹാനെയുടെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്.രഹാനെയെ ഇശാന്ത് ശർമ്മ ധവാന്റെ കൈയിൽ എത്തിക്കുകയായിരുന്നു. അധികം വൈകാതെ മറ്റൊരു ഓപ്പണർ ലിവിംഗ്സ്റ്റണിനെ (14) ഇശാന്ത് ക്ലീൻബൗൾഡാക്കി. ഫോമിലുള്ള മലയാളിതാരം സഞ്ജു സാംസൺ വ്യകിതിഗത സ്കോർ 5ൽ നിൽക്കെ റണ്ണൗട്ടായി. പിന്നാലെ മഹിപാൽ ലോമറെ (4) ഇശാന്ത് പന്തിന്റെ കൈയിൽ എത്തിച്ചതോടെ രാജസ്ഥാൻ 30/5 എന്ന നിലയിൽ പ്രതിസന്ധിയിലാവുകയായിരുന്നു.
തുടർന്ന് റയാൻ പരാഗ് (49 പന്തിൽ 50) നടത്തിയ ഒറ്രയാൾ പോരാട്ടമാണ് രാജസ്ഥാനെ നൂറ് കടത്തിയത്. ഐ.പി.എല്ലിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും പരാഗ് സ്വന്തമാക്കി. സഞ്ജു സാംസണിന്റെ പേരിലുണ്ടായിരുന്ന റെക്കാഡാണ് പതിനേഴ്കാരനായ പരാഗ് പഴങ്കഥയാക്കിയത്. ഡൽഹിക്കായി ഇശാന്തും അമിത് മിശ്രയും മൂന്ന് വിക്കറ്ര് വീതം വീഴ്ത്തി. അമിത് 4 ഓവറിൽ 17 റൺസ് മാത്രം നൽകിയാണ് 3 വിക്കറ്റ് വീഴ്ത്തിയത്. ട്രെൻഡ് ബൗൾട്ട് രണ്ട് വിക്കറ്ര് നേടി. മറുപടിക്കിറങ്ങിയ ഡൽഹിയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ 28ൽ വച്ച് പ്രിഥ്വി ഷായേയും (8), ശിഖർ ധവാനെയും (16) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഇഷ് സോധി രാജസ്ഥാന് പ്രതീക്ഷ നൽകി. എന്നാൽ അർദ്ധ സെഞ്ച്വറിയുമായി ഒരറ്റത്ത് ഉറച്ചു നിന്ന പന്ത് രാജസ്ഥാന്റെ പ്രതീക്ഷകൾ തെറ്രിക്കുകയായിരുന്നു.
ബാംഗ്ലൂരിന് ജയം
ബംഗ്ലൂർ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 4 വിക്കറ്രിന് സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി ഈ സീസൺ വിജയത്തോടെ അവസാനിപ്പിച്ചു. അതേ സമയം ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതായി ഈ തോൽവി
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടിക്കിറങ്ങിയ ബാംഗ്ലൂർ നാല് പന്ത് ശേഷിക്കെ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (178/6). 20/3 എന്ന നിലയിൽ ഒരു ഘട്ടത്തിൽ തകർന്ന ബാംഗ്ലൂരിനെ ഹെറ്റ്മേയറും (47 പന്തിൽ 75), ഗുർകീരത്സിംഗും (48 പന്തിൽ 65) ചേർന്നാണ് വിജയവഴിയിൽ എത്തിച്ചത്. ഖലീൽ ഹൈദരാബാദിനായി 3 വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പിയും ഹൈദരാബാദ് നിരയിൽ കളിക്കാനുണ്ടായിരുന്നു.
നേരത്തേ പുറത്താകാതെ നായകൻ വില്യംസൺ നേടിയ അർദ്ധ സെഞ്ച്വറിയാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 43 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പെടെ വില്യംസൺ 70 റൺസ് നേടി. വാഷിംഗ്ടൺ സുന്ദർ ബാംഗ്ലൂരിനായി 3 വിക്കറ്റ് വീഴ്ത്തി.