vt-balram

തൃത്താല: ഒഡീഷയുടെ തീരപ്രദേശങ്ങൾ ഫോനി ആഞ്ഞടിച്ചതോടെ 8 പേർ മാത്രമാണ് അവിടെ മരിച്ചത്. 200 മുതൽ 245 കിലോമീറ്റർ വരെ വേഗതയിലാണ് ഒഡീഷയിലെ പുരി തീരത്ത് രാവിലെ മുതൽ കാറ്റുവീശിത്തുടങ്ങിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. തുടർന്ന് കാറ്റിന്റെ തീവ്രത 175 കിലോമീറ്ററിലേക്ക് കുറയുകയായിരുന്നു. മരണസംഖ്യ ഇത്രയും കുറഞ്ഞത് സർക്കാരിന്റെ ഭാഗത്ത് നിന്ന് മുൻകരുതൽ എടുത്തത് കൊണ്ടാണ്.

ഫോനി ചുഴലിക്കാട്ടിൽ മുൻകരുതലെടുത്ത അപകടങ്ങൾ കുറച്ച ഒഡീഷ സർക്കാരിനെ അഭിനന്ദിച്ച് തൃത്താല എം.എൽ.എ വി.ടി. ബൽറാം രംഗത്തെത്തി. നിരവധി ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായിട്ടും മരണസംഖ്യ നാമമാത്രമാണെന്നുള്ളത് ഏറെ ആശ്വാസകരമാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. മാത്രമല്ല കേരളത്തിനും ഒഡീഷയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്,​ 480ലേറെ മനുഷ്യർ മരണപ്പെട്ട മഹാപ്രളയത്തേക്കുറിച്ച് കേരള സർക്കാർ ഒരു അന്വേഷണം പോലും നടത്തിയില്ലെന്നും ബൽറാം വിമർശിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഫോനി ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു എന്ന വാർത്ത കേൾക്കുമ്പോൾ വലിയ ആശ്വാസമാണുണ്ടാവുന്നത്. അതിലേറെ, അഭിനന്ദിക്കപ്പെടേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവർത്തനങ്ങളുമാണ് ഒറീസ സർക്കാർ ഇക്കാര്യത്തിൽ നടത്തിയതെന്ന് പറയാതിരിക്കാനാവില്ല. നിരവധി ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായിട്ടും മരണസംഖ്യ നാമമാത്രമാണെന്നുള്ളത് ഏറെ ആശ്വാസകരമാണ്. ഏതാണ്ട് 11 ലക്ഷത്തോളമാളുകളെയാണ് മുൻകൂട്ടി ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. മുൻപൊരു ചുഴലിക്കാറ്റിൽ ഇതേ ഒറീസ്സയിൽ മരണപ്പെട്ടത് പതിനായിരത്തോളം മനുഷ്യരാണെന്നോർക്കുമ്പോഴാണ് ഇത്തവണത്തെ മുൻകരുതലുകൾ എത്രത്തോളം ഗുണകരമാവുന്നു എന്നത് മനസ്സിലാക്കാൻ കഴിയുന്നത്.

നമ്പർ വൺ കേരളത്തിനും ഏറെ പഠിക്കാനുണ്ട് ഇത്തരം അനുഭവങ്ങളിൽ നിന്ന്. 480ലേറെ മനുഷ്യർ മരണപ്പെട്ട മഹാപ്രളയത്തേക്കുറിച്ച് ഒരു അന്വേഷണം പോലും നടത്തില്ലെന്ന കേരള സർക്കാരിന്റെ പിടിവാശി മൂലം ഇല്ലാതാവുന്നത് ഇത്തരം പാഠങ്ങൾ ഉൾക്കൊള്ളാനും ഭാവിയിൽ വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുമുള്ള പഠനാവസരമാണ്.