rahul-gandhi-

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ കേന്ദ്രത്തിൽ ആര് സർക്കാർ രൂപീകരിക്കുമെന്ന് കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ കൂട്ടലും കിഴിക്കലും നടക്കുകയാണ്. ബി.ജെ.പിക്കും കോൺഗ്രസിനും തനിച്ച്‌ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കും എന്ന പ്രതീക്ഷയില്ല. അതിനാൽ ബി.ജെ.പി ഇതിനോടകം തന്നെ പുതിയ സഖ്യകക്ഷികൾക്കായി ചർച്ച തുടങ്ങിക്കഴിഞ്ഞു. എന്നാൽ കോൺഗ്രസിനാകട്ടെ അങ്ങനെയൊരു ആലോചന പോലുമില്ല.

അതുകൂടാതെ പ്രതിപക്ഷ മുന്നണിയിലുളള്ള പാർട്ടികളുമായി പലയിടത്തും സഖ്യമുണ്ടാക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. പ്രാദേശിക കക്ഷികൾ ഏറെ നിർണായക ശക്തിയാകുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് മുട്ടൻപണി കിട്ടാൻ പോകുന്നത്.

2019ൽ ആര് അധികാരത്തിലെത്തും എന്നത് തീരുമാനിക്കുക സമാജ്‌വാദി പാർട്ടിയും ബി.എസ്.പിയും തൃണമൂൽ കോൺഗ്രസും ഡി.എം.കെയും അടക്കമുളള പ്രാദേശിക പാർട്ടികളായിരിക്കും. പ്രാദേശിക പാർട്ടികളുടെ പിന്തുണ ആർക്ക് കൂടുതൽ ലഭിക്കുന്നുവോ അവർ കേന്ദ്രത്തിൽ സർക്കാരുണ്ടാക്കും. നിലവിൽ യു.പി.എയിലും എൻ.ഡി.എയിലും ഭാഗമാകാത്ത പാർട്ടികളാവും ഇത്തവണത്തെ കിംഗ് മേക്കേഴ്‌സ്.

ഇക്കാര്യത്തിൽ കോൺഗ്രസിന് മുന്നിലാണ് വലിയ വെല്ലുവിളിയുളളത്. ഇന്നത്തെ കോൺഗ്രസിനെ കവച്ച്‌ വെയ്ക്കുന്നതാണ് പ്രാദേശിക പാർട്ടികളുടെ ശക്തി എന്നത് തന്നെയാണ് കാരണം. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തിരഞ്ഞെടുപ്പ് വിജയം നേടാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ പ്രതിപക്ഷ നേതൃനിരയിൽ കോൺഗ്രസിന്റെ സ്ഥാനം ഏറെ പിന്നിലാകുമായിരുന്നു.

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പോരാട്ടം മുന്നോട്ട് കൊണ്ട് പോകുന്നത് പ്രാദേശിക പാർട്ടി നേതാക്കളാണ്. ശരത് പവാർ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥികളായി മുന്നോട്ട് വെയ്ക്കുന്നത് മായാവതിയുടേയും ചന്ദ്രബാബു നായിഡുവിന്റെയും പേരുകളാണ്.