ഏപ്രിൽ 24, ദോഹയിലെ ഖലീഫ സ്റ്റേഡിയം, സമയം വൈകീട്ട് ആറ്. ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ട്രാക്കിനെ ആവശം കൊള്ളിച്ച് 1500 മീറ്റർ ഫൈനൽ മത്സരം. അവസാന ലാപ്പിന്റെ ആദ്യ വളവിൽ ജപ്പാന്റെയും ബെഹ്റിന്റെയും താരങ്ങളെ പിന്നിലാക്കി ഇന്ത്യയുടെ സുവർണ പ്രതീക്ഷയുമായി പി.യു. ചിത്ര കുതിച്ചു. ബെഹ്റിന്റെ ഗാഷോ ടൈജസ്റ്റിനെ മറികടന്ന് ചിത്രയുടെ കാലുകൾ ഫിനിഷിംഗ് ലൈനിൽ തൊട്ടപ്പോൾ പിറന്നത് ഇന്ത്യയുടെ മൂന്നാം സ്വർണം, ഒപ്പം പുതുചരിത്രവും. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് മുട്ടിക്കുളങ്ങര കെ.എ.പി ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന റവന്യു ജില്ലാ കായികമേളയാണ് പി.യു. ചിത്രയുടെ ജീവിതം മാറ്റിമറിച്ചത്. ദീർഘ, മദ്ധ്യദൂര ഇനങ്ങളിൽ പറളിയുടെ ദേശീയ താരങ്ങൾ നേട്ടം കൊയ്യുന്ന കാലത്താണ് ഏവരെയും ഞെട്ടിച്ച് മുണ്ടൂർ ഹൈസ്കൂളിൽ നിന്നെത്തിയ 4.2 അടി മാത്രം ഉയരമുള്ള മെലിഞ്ഞ പെൺകുട്ടി 1500 മീറ്ററിൽ സ്വർണം നേടിയത്. അന്ന് കേരളം ഏറെ ശ്രദ്ധയോടെ ആ പെൺകുട്ടിയെ ഉറ്റുനോക്കി. പിന്നീടങ്ങോട്ട് ചിത്ര ട്രാക്കിൽ ബൂട്ടണിയുമ്പോൾ വിജയവും പിന്നാലെ ഓടിയെത്തുന്നത് പതിവായി.
2008ൽ എറണാകുളത്ത് നടന്ന സംസ്ഥാന കായികമേളയിൽ 3000 മീറ്ററിൽ വെങ്കലം നേടിയതാണ് വിജയവഴിയിലെ ആദ്യ ഓർമ്മ. തൊട്ടടുത്ത വർഷം തിരുവല്ലയിൽ നടന്ന മീറ്റിൽ 3000 മീറ്ററിൽ ഒന്നാമതെത്തി, അതായിരുന്നു ആദ്യത്തെ സുവർണ നേട്ടം. അടുത്ത മീറ്റിൽ പങ്കെടുത്ത മൂന്നു ഇനങ്ങളിലും സ്വർണം ഓടിയെടുത്ത് വ്യക്തിഗത ചാമ്പ്യനായി. ഈ നേട്ടം ദേശീയ, സംസ്ഥാനതലങ്ങളിൽ പിന്നീട് നാലു തവണകൂടി ആവർത്തിച്ചു. വിജയങ്ങൾക്കൊപ്പം പി.യു. ചിത്ര എന്ന പേരും എഴുതിച്ചേർക്കപ്പെട്ടു.
ചിത്രയുടെ കഥ സിജിന്റേയും
''ചെറുപ്പം മുതലേ കൈമുതലായുള്ള നിശ്ചയദാർഢ്യമാണ് ചിത്രയുടെ നേട്ടങ്ങളെ ട്രാക്കിലെത്തിച്ചത്. ജീവിതത്തിലെ വെല്ലുവിളികളെ ഓടിത്തോൽപ്പിക്കാനും ആ നിശ്ചയദാർഢ്യം ഒന്നു മാത്രമാണ് അവളുടെ കൂടെയുണ്ടായിരുന്നത്. ചിത്രയിലൂടെ ഇന്ത്യ ഒളിമ്പിക്സിൽ ഒരു സ്വർണം നേടും. അവൾക്കത് സാധിക്കും. കഠിനാധ്വാനത്തിന്റെ ആൾരൂപമാണവൾ.""പാലക്കാടിന്റെ ഉൾനാടൻ ഗ്രാമമായ മുണ്ടൂരിൽ ജനിച്ചു വളർന്ന പി.യു. ചിത്രയെ ഇന്ത്യൻ കായിക രംഗം കണ്ടെത്തിയ കഥ പറയുമ്പോൾ സിജിൻ മാഷിന് ആവേശം വാനോളമാണ്. മുണ്ടൂർ എച്ച്.എസ്. എസിൽ ഏഴിൽ പഠിക്കുമ്പോഴാണ് ചിത്ര സ്പോർട്സ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 2008 ക്യാമ്പിൽ സീനിയർ ആൺകുട്ടികളോടൊപ്പം ഓടി ഒന്നാമതെത്തിയ താരത്തെ അന്നുമുതലാണ് സിജിൻ ശ്രദ്ധിച്ചു തുടങ്ങിയത്. ഭാവിയിൽ കേരളത്തെ അടയാളപ്പെടുത്തുന്ന പേരുകളിലൊന്നായി അവൾ മാറുമെന്ന് അദ്ദേഹം അന്നേ മനസിൽ കണക്കുകൂട്ടി. പിന്നീട് രാവിലെയും വൈകിട്ടും കൃത്യമായി പരിശീലനം ആരംഭിച്ചു.
അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് മദ്ധ്യദൂര ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. ആ തീരുമാനം തന്നെയാണ് ഭാവിയിൽ ചിത്രയെന്ന ഇന്ത്യൻ ഇന്റർനാഷണൽ അത്ലറ്റിന്റെ പിറവിക്ക് കാരണമായതും. പിന്നീട് ട്രാക്കിൽ ചിത്ര നേട്ടങ്ങൾ കൊയ്തപ്പോൾ അത് സിജിന്റെ കൂടി വിജയമായി മാറി. കഴിഞ്ഞ രണ്ടുവർഷമായി ഊട്ടിയിലെ ഇന്ത്യൻ ദേശീയ അത്ലറ്റിക് ക്യാമ്പിൽ ജയേഷ് ഭാട്ടിയ എന്ന ദേശീയ പരിശീലകന്റെ കീഴിലാണ് താരത്തിന്റെ പരിശീലനവും വർക്ക് ഔട്ടുകളും. ഇതോടൊപ്പം തന്റെ പ്ലസും മൈനസും തന്നെപ്പോലെ അല്ലെങ്കിൽ തന്നെക്കാളേറെ അറിയുന്ന സിജിൻ മാഷിന്റെ ടിപ്സുകളും കരുത്തു പകരുന്നുണ്ട്. കഴിഞ്ഞ തവണ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അദ്ദേഹം നൽകിയ നിർദ്ദേശം ഫോളോ ചെയ്തതാണ് ജപ്പാൻ താരങ്ങളെ പിന്നിലാക്കി ഒന്നാമതെത്താൻ ചിത്രയെ സഹായിച്ചത്. കഴിഞ്ഞ തവണത്തെ സാങ്കേതിക പ്രശ്നങ്ങളെല്ലാം അവൾ ഇത്തവണ മറികടക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, തുടക്കം പതിയെയായിരുന്നു എന്ന് മാത്രം. അത് സമയത്തെയും ബാധിച്ചു. ഇത്തവണ 4.14 മിനുട്ടിൽ സ്വർണം നേടിയെങ്കിലും സീസണിലെ മികച്ച സമയം കണ്ടെത്താനായില്ല എന്നൊരു നിരാശ ബാക്കിയാണ്. 4.13 ആണ് മികച്ച സമയമെന്നും സിജിൻ പറഞ്ഞു.
ആ കാഴ്ച നേരിൽ കാണണം
എട്ടാംക്ലാസ് മുതൽ ചിത്ര ട്രാക്കിൽ നിന്ന് സ്വർണം ഓടിയെടുക്കാൻ തുടങ്ങിയെങ്കിലും ഇതുവരെയായി ആ സുവർണ നിമിഷത്തിന് സാക്ഷികളാവാൻ അമ്മ വസന്തകുമാരിക്കും അച്ഛൻ ഉണ്ണിക്കൃഷ്ണനും കഴിഞ്ഞിട്ടില്ല. എപ്പോഴെങ്കിലും ആ സ്വപ്നവും ഈശ്വരൻ സാധിച്ചുതരും എന്ന വിശ്വാസത്തിലാണ് ഇരുവരും. കൂലിപ്പണിക്കാരാണ് ഇരുവരും. ഒരു ദിവസം ജോലിയ്ക്ക് പോയില്ലെങ്കിൽ ജീവിതത്തിന്റെ താളം മുഴുവൻ തെറ്റും. അതുകൊണ്ട് പലപ്പോഴും മകളുടെ വിജയം വീട്ടുകാർ അറിയുക മറ്റാരെങ്കിലും പറഞ്ഞാകും.
''ചിത്രയുടെ കഴിവ് കണ്ടിട്ട് സ്കൂളിൽ നിന്നൊക്കെ സാറന്മാർ പറയുമായിരുന്നു, മുട്ടയും പാലുമൊക്കെ കൊടുക്കണമെന്ന്. പക്ഷേ ഞങ്ങൾക്ക് അതിനുള്ള കഴിവില്ല. ഒടുവിൽ വീട്ടിലൊരു പശുവിനെ വാങ്ങി. അതിൽ നിന്ന് ഒരു ഗ്ലാസ് പാൽ ചിത്രയ്ക്ക് വേണ്ടി മാറ്റി വയ്ക്കും. അതാണ് ആകെയുള്ള അവളുടെ പോഷകാഹാരം. ഒന്നിന് വേണ്ടിയും ഇതുവരെയും അവൾ പരാതി പറഞ്ഞിട്ടില്ല. എന്തുപറഞ്ഞാലും എപ്പോഴും ചിരിച്ചോണ്ടിരിക്കും. എന്റെ മോളൊരു പാവമാണ്. ഒരുപാട് വിഷമമങ്ങളുണ്ട്. പക്ഷേ ട്രാക്കിൽ എത്തുമ്പോൾ എല്ലാ വേദനയും മറന്ന് അവൾ ഓടും. അവൾക്ക് നല്ലൊരു ഭാവിയുണ്ടാകണമെന്നത് മാത്രമാണ് ഞങ്ങളുടെ ആഗ്രഹം. പ്രാർത്ഥന എപ്പോഴുമുണ്ട്. ""
അമ്മയുടെ വാക്കുകൾ. പാലക്കാട്ടെ കാർഷിക ഗ്രാമമായ മുണ്ടൂരിലെ പാലക്കീഴിൽ പരന്നുകിടക്കുന്ന പാടങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന വീട്ടിലെ ഷെൽഫിൽ നിറയെ ട്രോഫികളും മെഡലുകളുമാണ്. ചിത്രയുടെ വിജയങ്ങളെ ആർക്കും അവഗണിക്കാൻ കഴിയില്ലെന്ന ഓർമ്മപ്പെടുത്തലുകളാണ് അവ ഓരോന്നും. തിരുവല്ല മീറ്റിൽ മകൾ സ്വർണം നേടിയത് പത്രത്തിലൂടെയാണ് അച്ഛൻ ഉണ്ണികൃഷ്ണൻ വായിച്ചറിയുന്നത്. ഇപ്പോൾ പത്രമാദ്ധ്യമങ്ങളിൽ മകളുടെ ചിത്രം അടിക്കടി കാണുമ്പോഴും അതിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കും. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത പോലെ. സ്വർണമെഡലുകൾ കൈയിൽപ്പിടിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങി.
''പലപ്പോഴും ഡയറ്റ് ശ്രദ്ധിക്കണമെന്ന് പരിശീലകർ പറയാറുണ്ട്. പക്ഷേ, വീട്ടിലെ സാഹചര്യംകൊണ്ട് അവർ നിർദ്ദേശിക്കുന്നതൊന്നും കുഞ്ഞിന് കൊടുക്കാൻ ഞങ്ങൾക്ക് കഴിയാറില്ല. ചിത്രയെ കൂടാതെ രണ്ടു പെൺമക്കളും ഇളയത് ഒരു ആൺകുട്ടിയുമുണ്ട്. സൗമ്യ, സന്ധ്യ, കൃഷ്ണകുമാർ. ഇവരുടെ വിദ്യാഭ്യാസവും വിവാഹവും ഒക്കെയാവുമ്പോൾ ചിത്രയുടെ കാര്യങ്ങൾക്ക് പണം കണ്ടെത്തുക വിഷമകരായിരുന്നു. ഇതെല്ലാം ഞങ്ങളെക്കാൾ നന്നായി അറിയുന്നത് കൊണ്ട് അവളൊന്നും ചോദിക്കാറുമില്ല. പലപ്പോഴും തലേന്നാണ് മീറ്റിന് പോകുന്ന വിവരം പറയാറുള്ളത്. പലരുടേയും കൈിൽ നിന്നായി കടം വാങ്ങിയാണ് മോളെ പറഞ്ഞയക്കുക. മീറ്റ് കഴിഞ്ഞ കൈനിറയെ മെഡലുമായി വരുമ്പോൾ മറ്റെല്ലാ വിഷമങ്ങളും ഞങ്ങളങ്ങ് മറക്കും."" അദ്ദേഹം പറഞ്ഞു.
അടുത്തലക്ഷ്യം ഒളിമ്പിക്സ്
ചിത്രയ്ക്ക് മുന്നിൽ ഇനിയും ഒരുപാട് ദൂരമുണ്ട്. ഒപ്പം ഒരുപാട് പേരുടെ പ്രതീക്ഷയും. അത് ചിത്രയ്ക്കും നന്നായി അറിയാം. വിജയത്തിന് കുറുക്ക് വഴികളില്ല, കഠിനാധ്വാനം വിജയം കൊണ്ടുവരും ഇതാണ് ചിത്രയുടെ സക്സസ് മന്ത്ര. അതുകൊണ്ടുന്നെ 2020 ൽ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ട്രാക്കിൽ നിന്ന് സ്വർണം സ്വന്തമാക്കാനുള്ള ഇന്ത്യൻ പ്രതീക്ഷകൾ ഇന്ന് ഈ 23 വയസുകാരിയുടെ ചുമലിലാണ്. വെല്ലുവിളികളെയും പ്രതിസന്ധികളെയും ചിത്രയ്ക്ക് ഒട്ടും ഭയമില്ല. ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ നടത്തുന്നത്. അതു കഴിഞ്ഞാൽ ഏറ്റവും വലിയ സ്വപ്നം ഒഴിമ്പിക്സ് വേദിയിൽ ഇന്ത്യൻ പതാക ഉയർത്തുക എന്നതാണ്. അതിന് ഈ അന്തർദേശീയ മത്സരങ്ങളിലെ പരിചയം നന്നായി സഹായിക്കുമെന്നാണ് കരുതുന്നതെന്ന് ചിത്ര ഊട്ടിയിലേക്കുള്ള യാത്രാമദ്ധ്യേ പറഞ്ഞു. ''കഴിഞ്ഞ തവണ ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല, അന്ന് അത് വളരെ വിഷമിച്ചു. പക്ഷേ, സങ്കടപ്പെട്ട് ഇരിക്കാൻ തയ്യാറായില്ല, കോച്ചും നാട്ടുകാരും സുഹൃത്തുക്കളും നൽകിയ പിന്തുണയിൽ ഞാൻ നന്നായി പ്രാക്ടീസ് ചെയ്തു. അതിന്റെ ഫലമാണ് ഇതെല്ലാം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മൂന്നാമതായിരുന്നു. ദോഹയിലേക്ക് പോകും മുമ്പ് കുറവുകളെല്ലാം പരിഹരിക്കേണ്ടതുണ്ട്. അതിനുള്ള പരിശ്രമത്തിലാണ് താൻ. റെയിൽവേയിൽ പാലക്കാട് ഡിവിഷനിൽ സീനിയർ ക്ലാർക്കായാണ് ജോലികിട്ടിയത്. പ്രാക്ടീസ് ഉള്ളതിനാൽ കൂടുതൽ ദിവസങ്ങളൊന്നും ഓഫീസിൽ പോകാൻ സാധിച്ചിട്ടില്ല. പക്ഷേ, ജോലി കിട്ടിയതിൽ അതിയായ സന്തോഷമുണ്ട്. മലയാളികളുടെ പ്രാർത്ഥനയുള്ളിടത്തോളം ട്രാക്കിലെനിക്ക് വിജയം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. എത്രയൊക്കെ അസൗകര്യങ്ങളുണ്ടായാലും ഒരിക്കലും പരിശീലനം മുടക്കില്ല. കഷ്ടപ്പാടിന്റെ ഫലം വിജയത്തിന്റെ രൂപത്തിൽ എത്തുമെന്ന് തന്നെയാണ് എപ്പോഴും വിശ്വസിക്കുക."" ചിത്രയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു നിൽപ്പുണ്ട്. ട്രാക്കിൽ ഇനിയും അവൾക്ക് അത്ഭുതങ്ങൾ തീർക്കാനുണ്ട്, പോരായ്മകളും വെല്ലുവിളികളും കാറ്റിൽ പറത്തി ഈ ചിത്രശലഭം പറന്നുയരുകയാണ്, പ്രതീക്ഷകൾക്ക് വാനോളം ഉയരം നൽകി.