പാലക്കാട്: സ്പിരിറ്റ് കടത്ത് കേസിൽ ഒളിവിലായിരുന്ന സിപിഎം നേതാവ് അത്തിമണി അനിൽ പിടിയിൽ. ചിറ്റൂർ റെയ്ഞ്ച് എക്സൈസ് സംഘമാണ് അനിലിനെ പിടികൂടിയത്. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് എക്സൈസ് ഇന്‍റലിജൻസ് സ്ക്വാഡ് പിടികൂടിയ 525 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ മൂന്ന് ദിവസമായി ഇയാൾ ഒളിവിലായിരുന്നു.
അത്തിമണി അനിൽ വ്യാജ കളള് നിർമ്മാണത്തിലെ പ്രധാന കണ്ണിയാണ്. പിടിയിലായ സഹായി മണിയിൽ നിന്നാണ് ഇയാളെക്കുറിച്ചുളള വിവരം എക്സൈസിന് ലഭിച്ചത്. ജില്ലയിലെ സിപിഎം നേതാക്കളുമായും ഉന്നത എക്സൈസ് ഉദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
നേരത്തെ അതിർത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. മാസങ്ങളായി എക്സൈസ് ഇന്റലിജൻസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.