ദെെവവചനങ്ങൾ സ്വന്തം ജീവിതമാക്കി മാറ്റിയിരിക്കുകയാണ്, ഫാദർ ഡേവിഡ് ചിറമൽ. മരണത്തെ മുഖാമുഖം കണ്ട അനവധി പേരുടെ രക്ഷകനായി മാറിയ നന്മയുടെ ആൾരൂപം. ഒരു മനുഷ്യായുസ് കൊണ്ട് ചെയ്യാവുന്ന പുണ്യമെല്ലാം അച്ചൻ ഇതിനോടകം ചെയ്തു കഴിഞ്ഞിരിക്കുന്നു. തന്റെ ജീവിതം ദുരിതമനുഭവിക്കുന്ന വൃക്കരോഗികൾക്കായി ഉഴിഞ്ഞുവച്ച അദ്ദേഹം പ്രവർത്തനങ്ങൾ കടലുകൾക്കപ്പുറവും വ്യാപിപ്പിച്ചു. കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സ്ഥാപകൻ, നാഷണൽ ഒാർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ളാന്റ് ഒാർഗനൈസേഷന്റെ ബ്രാൻഡ് അംബാസിഡർ എന്നീ നിലകളിൽ ലോകം മുഴുവൻ അറിയപ്പെടുന്ന അദ്ദേഹം ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ട ചിറമലച്ചനാണ്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവയവം ആവശ്യമായി വരുകയാണെങ്കിൽ ഏത് സമയവും എപ്പോൾ വേണമെങ്കിലും അച്ചനെ വിളിക്കാം. ഒരു വിളിപ്പാടകലെ കാരുണ്യത്തിന്റെ പ്രതിരൂപമായി അച്ചനുണ്ട്. തൃശൂരിലെ പൂത്തുരയ്ക്കൽ എന്ന ഗ്രാമത്തെ സമ്പൂർണ അവയവദാന ഗ്രാമമാക്കി മാറ്റിയത് ഫാദർ ഡേവിഡ് ചിറമലാണ്.
മരണശേഷമുള്ള അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കാസർകോട് മുതൽ തിരുവനന്തപുരം വരെ അദ്ദേഹം സംഘടിപ്പിച്ച യാത്ര ഉദ്ഘാടനം ചെയ്തത് അന്ന് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമായിരുന്നു. താൻ പ്രവർത്തിച്ചു കാണിക്കാതെ മറ്റുള്ളവരോട് ചെയ്യാൻ പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ പള്ളിയായ സെന്റ് റോക്കീസ് ചർച്ചിലെ ഇടവകയിലുള്ള മുഴുവൻപേരോടും ഇത് പറഞ്ഞു. അങ്ങനെ ചിറമലച്ചൻ അവർക്ക് മുന്നിൽ സ്വയം മാതൃകയായി. അതുകൊണ്ടുതന്നെ ആദ്യത്തെ അവയവദാന സമ്മതപത്രം അബ്ദുൾ കലാമിന്റെ കൈയിൽ ഏൽപ്പിച്ചത് ചിറമലച്ചനാണ്. തുടർന്ന്, 2000 ഗ്രാമവാസികൾ അച്ചന് പുറമേ അവയവദാന സമ്മതപത്രം നൽകി. അങ്ങനെ ഇന്ത്യയിലെ ആദ്യസമ്പൂർണ അവയവദാന ഗ്രാമമായി പൂത്തുറയ്ക്കൽ മാറി. ലിംക ബുക്ക് ഒഫ് റെക്കോർഡ്സിലും പൂത്തുറയ്ക്കൽ ഗ്രാമം ഇടം നേടി.
മനുഷ്യർ മനുഷ്യർക്കുവേണ്ടി അതിരുകളില്ലാതെ ഒന്നായി ചേർന്നു. ഇതിന്റെ ഓർമ്മയ്ക്കായി പൂത്തുറയ്ക്കൽ ഗ്രാമത്തിൽ ഒരു സ്തൂപം ഉയർന്നുനിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. നമ്മൾ ഒരുകാര്യം ചെയ്യാൻ തീരുമാനിച്ചാൽ ആദ്യം നമ്മൾ ചെയ്തുകാട്ടണം, പിന്നീട് നമ്മുടെ കുടുംബം, മൂന്നാമതേ സമൂഹത്തോട് വിളിച്ചുപറയാവൂ എന്നാണ് ചിറമലച്ചൻ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചൻ ഇൗ ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം തന്റെ ജീവിതത്തോട് ചേർത്തുപിടിച്ചിരിക്കുന്നത്. 2009 ൽ വാടാനപള്ളിയിലെ ദേവാലയത്തിൽ ചിറമലച്ചൻ പുരോഹിതനായിരിക്കെയാണ് ആദ്യമായി അവയവദാനം എന്ന മഹത് കർമ്മം ചെയ്യുന്നത്. അതും അന്യമതസ്ഥനായ ഒരു വ്യക്തിക്ക് തന്റെ വൃക്കദാനം ചെയ്തതുകാെണ്ട് ചിറമലച്ചൻ മാതൃകയായി. ഗോപിനാഥൻ എന്നയാൾക്കാണ് അച്ചൻ തന്റെ വൃക്കദാനം ചെയ്തത്. വൃക്ക മാറ്റിവയ്ക്കാൻ നിവൃത്തിയില്ലാതെ ദുരിതമനുഭവിച്ച ഗോപിനാഥന് മുന്നിലേക്ക് ചികിത്സയ്ക്കായുള്ള 12 ലക്ഷം ചിറമലച്ചൻ രക്ഷാധികാരിയായിട്ടുള്ള ജനസമിതി രൂപീകരിച്ചു നൽകി. എന്നാൽ ഗോപിനാഥന് വൃക്ക നൽകാൻ ആരുമില്ലെന്നു കണ്ടപ്പോൾ ആ ദൗത്യം ചിറമലച്ചൻ ഏറ്റെടുക്കുകയായിരുന്നു. അവിടെ നിന്നാണ് കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യ എന്ന സംഘടന രൂപംകൊള്ളുന്നത്. ഇതോടെ ഒരുപാട് പേർ ചിറമലച്ചനെ വിളിക്കാൻ തുടങ്ങി. ഇത് ജനങ്ങളുടെ ആവശ്യമാണെന്ന് അച്ചന് മനസിലായി. അദ്ദേഹം ഏവരെയും വിളിച്ചുകൂട്ടി പറഞ്ഞു. തനിക്കൊരു ട്രസ്റ്റ് രൂപീകരിക്കണം. അങ്ങനെയാണ് കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യ സ്ഥാപിതമാകുന്നത്. എന്നാൽ ഇൗ സംഘടനയുടെ ഉദ്ഘാടനം തിരി തെളിച്ചോ നാട മുറിച്ചോ ആയിരുന്നില്ല. അച്ചന്റെ വയറിൽ കത്തികൊണ്ട് മുറിച്ച നിമിഷമായിരുന്നു ആ സംഘടനയുടെ ഉദ്ഘാടനവും! ഇത് ജനങ്ങൾ ഏറ്റെടുക്കുമെന്നും പത്തുവർഷംകൊണ്ട് കുറഞ്ഞത് പത്തുപേരെങ്കിലും വൃക്കദാനം ചെയ്യുമെന്നും അതിനുശേഷം പറയുകയുണ്ടായി.
എന്നാൽ ഇപ്പോൾ ഒമ്പതു വർഷം കഴിഞ്ഞതേയുള്ളൂ. ഇതിനോടകം ചിറമേലച്ചനെപോലെ നൂറിൽ അധികംപേർ വൃക്ക കൊടുത്തുകഴിഞ്ഞു. അതിൽ 22 അച്ചന്മാരും 16 കന്യാസ്ത്രീമാരും ഒരു മെത്രാനും ഉൾപ്പെടുന്നു. അവയവദാനത്തെ പറ്റി സമൂഹത്തിലിന്ന് പല അഭിപ്രായങ്ങളാണുള്ളത്. ഡോക്ടർമാർക്കിടയിൽപോലും ഭിന്നതകളുണ്ട്. ജീവിച്ചിരിക്കുമ്പോൾ വൃക്കദാനം ചെയ്യേണ്ട ആവശ്യമില്ലെന്നു പറയുന്നവർ ഒരുപാടുണ്ട്. നാാം ഒരാളോട് അവയവദാനത്തെപ്പറ്റി സംസാരിച്ചാൽ തന്നെ അവർ ആദ്യം നമ്മോട് അത് പ്രവർത്തിച്ചുകാണിക്കൻ പറയുന്നതും സ്വാഭാവികം തന്നെ. അഭിപ്രായ വ്യത്യാസങ്ങൾ ആളുകൾക്കിടയിൽ മാത്രമല്ല, മതങ്ങൾക്കിടയിലും സജീവം തന്നെ. അവയവദാനത്തിന് ഏറെ സാധ്യതയുള്ള കേരളത്തിൽ എന്നാൽ അധികൃതരുടെ വീഴ്ച കാരണം അത് നടക്കാതെ വരുന്നു. അവർ ഇത് വേണ്ടവിധം പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിനെയെല്ലാം മറികടന്ന് പത്തു ലക്ഷത്തോളം സമ്മതപത്രങ്ങളാണ് അച്ചൻ കൈമാറിയത്. 80 ശതമാനംപേർക്കും സർക്കാരിന്റെ പദ്ധതിയായ മൃതസഞ്ജീവനിയെപ്പറ്റി അറിയില്ലെന്നാണ് അച്ചൻ പറയുന്നത്. ആവശ്യക്കാർതന്നെ വിളിക്കുന്നത് ഇതിനുദാഹരണമായി ചിറമേലച്ചൻ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നോഡൽ ഒാഫീസർമാരെ ആളുകൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതും അച്ചനാണ്.
ശരിക്കും സർക്കാരിന്റെ ഇൗ പദ്ധതിയിൽ ജനങ്ങൾക്കില്ലാത്ത വിശ്വാസം അച്ചന് നന്നായി അറിയാം. അതേസമയം, ചിറമലച്ചനെ ഇതിനായി വിളിക്കുന്നവരുടെ എണ്ണം വളരെയേറെയും. അങ്ങനെയെങ്കിൽ ഇൗ പദ്ധതിയിൽ താൻ ഉൾപ്പെട്ടിരുന്നെങ്കിൽ തനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നാണ് അച്ചൻ പറയുന്നത്. അവയവദാതാക്കളുടെ ക്ഷേമത്തിനായി സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ല. അവയവദാതാക്കൾക്ക് പിന്തുണപോലും നമ്മുടെ സമൂഹം നൽകുന്നില്ല. ഇതിനായി പലതവണ ചിറമലച്ചൻ അധികാരികൾക്ക് മുന്നിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. അവയവദാനത്തിന്റെ പ്രാധാന്യം കേരളത്തിൽ കുറഞ്ഞുവരാൻ കാരണവും അധികൃതരുടെ ഭാഗത്തുനിന്നും വരുന്ന ഇൗ വിമുഖതയാണ്. എന്നാൽ സർക്കാർ ഇതിനായി തന്നെ നിർവഹിക്കുകയാണെങ്കിൽ തീർച്ചയായും തനിക്ക് ഇനിയും വൻമാറ്റങ്ങൾ വരുത്താനാകും എന്ന് അച്ചൻ ഉറപ്പിച്ചുപറയുന്നു. ''സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് അവയവദാനത്തെ പറ്റി മോശമായ രീതിയിൽ പലതും പ്രചരിക്കുന്നു. വാസ്തവരഹിതമായ ഇക്കാര്യങ്ങൾ വിശ്വസിച്ചുപോകുന്നവർ ഏറെയാണ്. ഇത്തരം മോശം പ്രവണതകൾ അവയവദാനത്തിൽ നിന്നും ഉൾവലിയാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നു.
അതേസമയം അവയവദാനത്തിന്റെ നല്ല വശങ്ങളും അതുകൊണ്ടുണ്ടാകുന്ന നന്മയും ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ സാമൂഹ്യമാദ്ധ്യമങ്ങൾ പരാജയപ്പെട്ടുപോകുന്നതാണ് ഇപ്പോഴത്തെ മറ്റൊരു പ്രശ്നം." ചിറമലച്ചന്റെ ഇൗ സത്കർമ്മത്തിൽ ആകൃഷ്ടരായി വന്നവർ നിരവധിയാണ്. പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ചിറമേലച്ചനുശേഷം ആദ്യമായി തന്റെ വൃക്കദാനം ചെയ്യാൻ മുന്നോട്ടുവന്ന വ്യക്തിയാണ്. പാലാ രൂപതയുടെ സഹായ മെത്രാനായ ബിഷപ്പ് ജേക്കബ് മാർ മുരിക്കൻ വൃക്കദാനം ചെയ്യാൻ മുന്നോട്ടുവന്നത് ഏറെ ശ്രദ്ധയാകർപ്പിച്ചു. ദൈവകാരുണ്യത്തിന്റെ വഴിയേ സഞ്ചരിച്ച അവർക്കൊപ്പം ഒട്ടേറെ മനുഷ്യ സ്നേഹികളും പങ്കുചേർന്നു. കിഡ്നി ഫെഡറേഷൻ രൂപീകരിക്കുന്നതിന് തുക സംഭാവന ചെയ്ത ബിസിനസുകാരനയ പി.കെ. ചെറിയാൻ, ഉൾപ്പെടെ നിരവധിപേർ അച്ചന് പിന്തുണയുമായി എത്തി. നിരവധിപേർ നിർദ്ധന രോഗികൾക്ക് അവയവദാനം ചെയ്തു. ഇന്ന് കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യയ്ക്കുകീഴിൽ നിരവധിപേരാണ് അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി രംഗത്തുള്ളത്.
മൃതസഞ്ജീവനി പദ്ധതിക്ക് മുമ്പ് മസ്തിഷ്കമരണം സംഭവിച്ചവരിൽ നിന്നുള്ള അവയവദാന പ്രക്രിയയും ചിറമേലച്ചന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. എന്നാൽ മൃതസഞ്ജീവനി വന്നതോടെ അതിൽനിന്നും പിന്തിരിയുകയായിരുന്നു. യു.കെയിൽ ഉപഷാർ എന്നൊരു സംഘടനയുണ്ടാക്കി മലയാളികൾക്കിടയിൽ അവയവദാനത്തിന്റെ മാഹാത്മ്യം പറയാൻ അച്ചന് സാധിച്ചു. ഖത്തറിലും കുവൈറ്റിലും മലയാളികൾക്കിടയിൽ ഇത്തരം അവബോധം സൃഷ്ടിക്കാൻ അച്ചന് കഴിഞ്ഞു. ഇനി ദുബായിലേക്കുള്ള വഴിയാണ് അച്ചന് മുന്നിൽ തുറന്നിരിക്കുന്നത്. അവിടെ വിപ്ളവകരമായ ഒരു കാര്യം ചെയ്യാൻ കാത്തിരിക്കുകയാണ് ചിറമലച്ചൻ. വൃക്ക ആവശ്യമായി വരുമ്പോൾ കഴിയുന്നതും വീട്ടിൽനിന്നുതന്നെ കണ്ടെത്തുക. ഇന്ന് വൃക്കയല്ല പകരം സ്നേഹമാണ് കിട്ടാൻ പാടെന്നാണ് ചിറമലച്ചൻ പറയുന്നത്. കുടുംബത്തിൽ ഒരാൾക്ക് ഒരാപത്തുവന്നാൽ സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ് എല്ലാവരും കാട്ടണം. ഒരാൾക്ക് അവയവം ദാനം ചെയ്യുന്നത് വളരെ വലിയൊരു മാനവികതയാണ്. ജലം ചെടി തഴച്ചുവളരാൻ കാരണമാകുന്നത് പോലെയാണത്. സമൂഹത്തിൽ മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെ വിത്തുകൾ അവിടെ പെട്ടിമുളച്ച് പുഷ്പിക്കും
. ''യേശുക്രിസ്തു മരിച്ചത് മനുഷ്യനെ ജീവിതത്തിലേക്ക് ഉയർത്താൻ വേണ്ടിയാണ്. ജീവിതമെന്നുപറയുന്നത് മനുഷ്യൻ സ്വാർത്ഥതയുടെ കല്ലറകൾ വിട്ട് മാനവികതയുടെ കാലത്തിലേക്ക് വരുന്നതാകണം. ഇന്ന് മനുഷ്യൻ സ്വാർത്ഥതയുടെ തിരക്കിലാണ്. സ്നേഹമെന്നു പറയുന്നതാണ് ഇന്ന് ഏറ്റവും ചതിക്കപ്പെടുന്ന വാക്ക്. സ്നേഹമാണിന്ന് ഏറ്റവും കാപട്യമായ രൂപത്തിൽ ദർശിക്കാൻ സാധിക്കുക. കല്ലറകൾ വിട്ട് ഇരുട്ടിനെവിട്ട്, സ്നേഹത്തിന്റെ നിസ്വാർത്ഥതയുടെ ത്യാഗത്തിന്റെ പ്രകാശമാകുന്ന ഒരുപാട് സത്കർമ്മങ്ങൾ ചെയ്യുക. സഹജീവികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ." ചിറമലച്ചൻ പറയുന്നു, മനുഷ്യമനസുകളിൽ പ്രത്യാശ പകർന്നുകൊണ്ട് ആരും സഞ്ചരിച്ചിട്ടില്ലാത്താെരു പാതയിലൂടെ അനേകായിരങ്ങൾക്ക് ജീവന്റെ വെളിച്ചം വീശി ചിറമലച്ചൻ തന്റെ യാത്ര തുടരുന്നു.
(ചിറമലച്ചന്റെ ഫോൺ - 98462 36342,
ഇമെയിൽ - frdavischiramel@gmail.com)
l