എത്ര വർണിച്ചാലും മതിവരാത്ത മഹാസമുദ്രത്തിന്റെ സൗന്ദര്യം പോലെയാണ് ശ്രീ നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം. എത്രയോ ദർശനിക പ്രതിഭകളെ ഉത്തേജിപ്പിച്ചു അത്. എത്രയോ പണ്ഡിത വര്യന്മാർ വ്യാഖ്യാനം ചമച്ചു. എന്നിട്ടും പുതിയ ആത്മാന്വേഷികൾക്ക് മുന്നിൽ പുതിയ ആസ്വാദനത്തിന്റെ തലങ്ങൾ തുറന്നിട്ടു കൊണ്ട് ആത്മോപദേശ ശതകം ഹിമവാനെപ്പോലെ തലയുയർത്തിയും മഹാസമുദ്രത്തെപ്പോലെ ചിന്തകളുടെ തിരയടിച്ചും ആഴക്കെട്ടിൽ മൗനമാർന്നും നിലകൊള്ളുന്നു.
ആത്മോപദേശ ശതകത്തെ ദാർശനിക തൊങ്ങലുകളില്ലാതെ സാധാരണ ജീവിത പരിസരത്തു നിന്ന് അനുഭവിച്ചറിയുന്ന ഒരു വ്യാഖ്യാനം അടുത്ത ദിവസങ്ങളിൽ പുസ്തകമായി പുറത്തിറങ്ങി. സജീവ് കൃഷ്ണൻ എന്ന മാദ്ധ്യമപ്രവർത്തകൻ തയ്യാറാക്കിയ ആത്മോപദേശ ശതകം ഗുരുസാഗരത്തിലൂടെ എന്ന ഈ പുസ്തകം പുറത്തിറങ്ങും മുമ്പേ വലിയ വായനാസമൂഹത്തിന്റെ പ്രീതി പിടിച്ചുപറ്റിയിരുന്നു. കേരളകൗമുദി ദിനപത്രത്തിൽ 100 ആഴ്ചകളിലായി 'ഗുരുസാഗരം" എന്ന കോളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട വ്യാഖ്യാനക്കുറിപ്പുകളാണ് ഇപ്പോൾ പുസ്തക രൂപത്തിൽ ഇറക്കിയിരിക്കുന്നത്. ശ്രീ നാരായണ ഗുരുവിനെ ആത്മാവ് കൊണ്ട് പിന്തുടരുന്ന ഒരു സാധകന്റെ നേരനുഭവങ്ങളായിട്ടാണ് ഓരോ പദ്യവും വിവരിക്കപ്പെട്ടിരിക്കുന്നത്.
ഗുരുവിന്റെ ജീവിതഘട്ടങ്ങളും ശിഷ്യരുടെ സാന്നിദ്ധ്യങ്ങളും ഗുരുവിന്റെ ആത്മസഞ്ചാരങ്ങളും ഇതിൽ കടന്നു വരുന്നു. വായനക്കാരനെ ഭക്തിയുടെയും പുത്തൻ ആശയതലങ്ങളുടെയും മായിക ലോകത്ത് എത്തിക്കുന്നതാണ് ആഖ്യാനശൈലി. വേറിട്ട വായന ഇഷ്ടപ്പെടുന്നവർക്ക് മൂല്യവത്തായ വായനാനുഭവം നൽകാൻ ഈ കൃതിക്ക് സാധിക്കും. ഗുരുദർശനത്തെ ശ്രദ്ധിക്കാത്ത വായനക്കാരനെപ്പോലും ആകർഷിക്കുന്നതാണ് ഈ പുസ്തകത്തിലെ അദ്ധ്യായങ്ങളുടെ തലക്കെട്ടുകൾ. കുസൃതി നിറഞ്ഞ അറിവുണർത്തിക്കൊണ്ട് അവ ഉള്ളിലേക്ക് വഴി തുറക്കുന്നു. ഗുരുവിനെക്കുറിച്ച് കൂടുതൽ വായനയ്ക്ക് പ്രേരിപ്പിക്കുന്നതാണ് എഴുത്തിന്റെയും അവതരണത്തിന്റെയും ശൈലി. ശ്രീനാരായണ ഗുരുവിദ്യാപീഠമാണ് പ്രസാധകർ. വില 250 രൂപ. ഫോൺ: 8078188858