രാവിലെയും വൈകിട്ടും സ്കൂൾ ബാഗും തൂക്കി കുതിരപ്പുറത്ത് പോകുന്ന പെൺകുട്ടി. കേൾക്കുമ്പോൾ അദ്ഭുതം തോന്നുമെങ്കിലും തൃശൂർ ജില്ലക്കാർക്കിത് പരിചിതമായ കാഴ്ചയാണ്. കഴിഞ്ഞ മൂന്നു വർഷമായി കൃഷ്ണ എന്ന ഈ പെൺകുട്ടിയും അവളുടെ പ്രിയപ്പെട്ട കുതിര റാണാ ക്രിഷും മാള സ്വദേശികളുടെ മനസ് കീഴടക്കിയിരിക്കുകയാണ്.
മാളയിലുള്ളവർക്ക് കൃഷ്ണ സ്കൂളിലേക്ക് പോകുന്നതും വരുന്നതുമൊന്നും അത്ര പുതുമയുള്ള കാര്യമല്ല. കുതിര സവാരിയോടുള്ള മകളുടെ ഇഷ്ടം മനസിലാക്കി കൃഷ്ണയുടെ അച്ഛൻ മകൾക്ക് നൽകിയ സമ്മാനമാണ് റാണാ ക്രിഷ് എന്ന മിടുക്കൻ കുതിര.
ഏഴാം ക്ലാസ് മുതലാണ് കൃഷ്ണയ്ക്ക് കുതിരയോടും കുതിര സവാരിയോടുമുള്ള ഇഷ്ടം തുടങ്ങുന്നത്. സ്കൂളിൽ ചെറിയ രീതിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ആദ്യമായി കൃഷ്ണ കുതിരയുടെ പുറത്ത് കയറിയത്. അന്നത്തെ ഞെട്ടലും നിലവിളിയും ഇപ്പോൾ ആലോചിക്കുമ്പോൾ പൊട്ടിച്ചിരിയായി മാറുകയാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണയെ ഒരുദിവസം വീട്ടിലേക്ക് കൊണ്ടുപോവാനെത്തിയ അച്ഛൻ അജയൻ കാണുന്നത് കുതിരപ്പുറത്തിരുന്ന് ട്രെയിനറുടെ ഷർട്ടിൽ പിടിച്ച് പേടിച്ച് നിലവിളിക്കുന്ന മകളെയാണ്. പതിയെ ആശ്വസിപ്പിച്ചും ധൈര്യം കൊടുത്തും രണ്ട് മൂന്ന് ദിവസം കൊണ്ട് കുഞ്ഞു കൃഷ്ണയെ കുതിരയുടെ പുറത്ത് കയറാൻ പ്രാപ്തയാക്കി. പോകെപ്പോകെ കുതിര സവാരിയോടുള്ള കൃഷ്ണയുടെ ഇഷ്ടവും കൂടി വന്നു. ഒരുപാട് പരിഹാസങ്ങളും പിന്നാലെ വന്നു. പക്ഷേ അതിലൊന്നും കൃഷ്ണയും വീട്ടുകാരും കുലുങ്ങിയില്ല.
ആ വർഷത്തെ കൃഷ്ണയുടെ പിറന്നാളിന് അച്ഛൻ ഒരു ഗംഭീര സമ്മാനം കൊടുത്ത് മകളെ ഞെട്ടിച്ചു, വെള്ള നിറത്തിലുള്ള ഒരു സുന്ദരി കുതിരയെ. സ്കൂളിൽ പരിശീലനത്തിന് കൊണ്ടുവരുന്ന കുതിരയോട് കൃഷ്ണയ്ക്കുള്ള ഇഷ്ടം കണ്ടാണ് പിറന്നാൾ സമ്മാനമായി കുതിരയെ തന്നെ കൊടുക്കാം എന്ന് അച്ഛൻ തീരുമാനിക്കുന്നത്. കൃഷ്ണയെ സംബന്ധിച്ച് അത് തികച്ചും അപ്രതീക്ഷിതമായ സമ്മാനമായിരുന്നു. അഞ്ചു വയസുള്ള ആ കുതിരക്കുട്ടിയ്ക്ക് ഝാൻസി റാണിയെന്ന് പേരിട്ട് വീട്ടിലെ ഒരു അംഗമാക്കി. അങ്ങനെ ഝാൻസി റാണി മിടുക്കിയായി വളർന്നു വന്നു. ഒപ്പം കൃഷ്ണയും. ഒൻപതാം ക്ലാസ് വരെയും കൃഷ്ണ പരീക്ഷയ്ക്ക് പോയിരുന്നത് കുതിരപ്പുറത്തു തന്നെയായിരുന്നു.
പക്ഷേ സുരക്ഷിതമായി യാത്ര തുടരാൻ ഝാൻസി റാണിക്കും കൃഷ്ണയ്ക്കും കൂടുതൽ പരിശീലനം ആവശ്യമായിരുന്നു. രണ്ടാളെയും പരിശീലിപ്പിക്കുന്നതിന് രണ്ട് ട്രെയിനർമാരെയും കിട്ടി. ഒരു ഗ്രൗണ്ടിൽ നിന്നും പുറത്തിറങ്ങി റോഡിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹമായിരുന്നു അതിന് പിന്നിൽ. കുട്ടിക്കുതിരയായതുകൊണ്ട് അല്പം കുറുമ്പും കുസൃതിയുമൊക്കെ റാണിക്ക് ഉണ്ടായിരുന്നു. അതിനെ തരണം ചെയ്യാനും പരിശീലനം അത്യാവശ്യമായിരുന്നു. ചില സമയത്ത് പുറത്ത് കയറാൻ അനുവദിക്കില്ല. ചിലപ്പോ രണ്ട് കാലിൽ നിൽക്കാൻ ശ്രമിക്കും. അങ്ങനെ ഒരിക്കൽ റാണിയുടെ മുകളിൽ നിന്നും വീണ് കൃഷ്ണയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പക്ഷേ അതൊന്നും കൃഷ്ണയെ പിന്നിലേക്ക് നയിച്ചില്ല എന്നതാണ് സത്യം. പിറ്റേന്നത്തെ പരിശീലനത്തിന്റെ സമയമായപ്പോഴേക്കും പതിവ് പോലെ കൃഷ്ണ തയ്യാറായി എത്തി. എന്നിട്ടും കൃഷ്ണയ്ക്ക് ഝാൻസി റാണിയെ ഉപേക്ഷിക്കേണ്ടി വന്നു.
കാലിൽ ലാടം അടിക്കാൻ പ്രയാസമായപ്പോൾ ഝാൻസിയെ വിറ്റ് പകരം രണ്ട് കുതിരകളെ അച്ഛൻ സമ്മാനിച്ചു. അതാണ് റാണാ കൃഷും ജാൻവിയും. അപ്പോഴും പലരും കൃഷ്ണയോട് പറഞ്ഞത് നിനക്ക് പെൺകുതിരയേ പറ്റുള്ളൂ, ആൺകുതിരയെ ഓടിക്കാനാവില്ല എന്നൊക്കെ. അത് ഒരു വെല്ലുവിളിയായി എടുത്ത് കൃഷ്ണ റാണാ കൃഷിനെ ഉപയോഗിച്ച് പരിശീനം തുടങ്ങി. പത്താം ക്ലാസിലെ ബോർഡ് എക്സാമിന് അവന്റെ പുറത്ത് തന്നെ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് പരീക്ഷയ്ക്ക് കുതിരപ്പുറത്തേറി പാഞ്ഞത്. കുതിരയുടെ പുറത്ത് ഇരിക്കുന്നതിലും മറ്റും എന്തെങ്കിലും പോരായ്മകൾ ഉണ്ടോ എന്നറിയാൻ വേണ്ടി കൃഷ്ണയുടെ ട്രെയ്നർ പകർത്തിയ വീഡിയോയാണ് വൈറലായതും ഒടുവിൽ ആനന്ദ് മഹീന്ദ്രയുടെ വരെ ശ്രദ്ധയിൽ പെട്ടതും. ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ കേട്ടപ്പോഴുണ്ടായ അന്ധാളിപ്പ് കൃഷ്ണക്ക് ഇതുവരെ മാറിയിട്ടില്ല. ആദ്യം കേട്ടപ്പോൾ ആരോ കളിയാക്കാൻ വേണ്ടി പറയുന്നതാണ് എന്നേ കരുതിയുള്ളൂ. പിന്നീട് മഹീന്ദ്രയുടെ ആൾക്കാർ വന്നപ്പോഴാണ് സംഗതി കളിയല്ലെന്ന് മനസിയത്. ആദ്യമായി കുതിരയുടെ പുറത്ത് കയറി വീണ് കൂട്ടുകാർക്ക് ചിരിക്കാനൊരു കാരണമായി മാറിയ കൃഷ്ണ ഇപ്പോൾ മൈസൂരിലാണ്, അവിടെ ടാറ്റയുടെ റെയ്സ് കോഴ്സിൽ പരിശീലനത്തിനായി.