റീനേ,ആകാശത്തിൽ മഴക്കാറുകൾ മാഞ്ഞുപോകുന്ന സമയം വരും. അപ്പോൾ നക്ഷത്രങ്ങൾ തെളിയും. ആ വെളിച്ചത്തിലൂടെ നമുക്കു നടന്നു നീങ്ങാം. എങ്ങും എത്തിച്ചേരാൻ കഴിഞ്ഞില്ലെന്നു വരും. എന്നാലും ഗ്രാമത്തിൽ കുന്നുകളുണ്ട്. പഴയ പുഴ ഇനിയും ഒഴുകും. കുന്നുകളിൽ നമുക്ക് സവാരിചെയ്യാം. പുഴയിൽ നീന്തിത്തുടിക്കാം...." റീന എന്നെത്തന്നെ നോക്കി നിന്നു. എന്റെ കണ്ണുകൾ ആകാശം നോക്കിപ്പറന്നു. നക്ഷത്രങ്ങൾ ഉദിക്കുന്നത് കണ്ടുപിടിക്കാൻ വേണ്ടി...
മലയാളത്തിലെ മികച്ച കാമ്പസ് പ്രണയം ആവിഷ്ക്കരിച്ച ഡോ.ജോർജ്ജ് ഓണക്കൂറിന്റെ നോവൽ 'ഉൾക്കടൽ' അവസാനിക്കുന്നത് ഇങ്ങനെയാണ്. റീനയുടേയും രാഹുലന്റെയും തുളസിയുടെയും മീരയുടേയും കഥപറഞ്ഞ ഉൾക്കടൽ കെ.ജി.ജോർജ്ജ് എന്ന മറ്റൊരു ജോർജ്ജ് എന്നെന്നും ഓർമ്മിക്കുന്ന ചലച്ചിത്രകാവ്യമാക്കുകയും ചെയ്തു.
രാഹുലനിൽ ജോർജ്ജ് ഓണക്കൂർ ഉണ്ടെന്ന് വായനക്കാർ ചിന്തിച്ചിട്ടുണ്ടാവും. അത്ര അഗാധമായ പ്രണയം അനുഭവിക്കാത്ത ഒരാൾക്ക് അങ്ങനെയൊന്നും എഴുതാനാവുകയുമില്ല. അസ്വസ്ഥമായ മനുഷ്യാത്മാവിന്റെ ചിറകടിയുണർത്തുന്ന ഭാവോജ്ജ്വലമായ നോവലാണ് ഉൾക്കടൽ.എന്റെ ജീവിതാനുഭവങ്ങൾക്കു സമാന്തരമായാണ് ' ഉൾക്കടൽ" എഴുതപ്പെട്ടത്. ശക്തമായ പ്രണയാനുഭവങ്ങൾ , സംഘർഷങ്ങൾ, സങ്കടങ്ങൾ..എല്ലാം ഉള്ളുലച്ചവ. കടൽത്തിരകൾ വീശിയടിച്ചു. ഞാൻ മരിച്ചില്ലെന്നതു മാത്രം സത്യം. -ആത്മകഥയായ 'ഹൃദയരാഗ"ത്തിൽ ഓണക്കൂർ എഴുതുന്നു.
രാഹുലൻ എന്ന പേര് ഉൾക്കടൽ രചിക്കുമ്പോൾ സാധാരണമായിരുന്നില്ല. കഥകളിലോ നോവലുകളിലോ ഒന്നും പതിഞ്ഞിട്ടില്ല. രാജകൊട്ടാരത്തിൽ ജനിച്ചിട്ടും അച്ഛൻ സിദ്ധാർത്ഥൻ ഉപേക്ഷിച്ച ദു:ഖത്തിൽ നീറി,അമ്മ യശോധരയുടെ കണ്ണീരിന്റെ ചൂടറിഞ്ഞ രാഹുലന്റെ ബാല്യം ചരിത്രകഥയിൽ. ആ വിധിയെക്കുറിച്ചോർത്തു വിഷാദിച്ചപ്പോൾ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുമനസ്സിനെ വേറിട്ടു കാണാനായില്ല. ആ ഏകാകിത ഹൃദയം പൊള്ളിച്ചു. ഉൾക്കടലിൽ ജീവിതം എഴുതുമ്പോൾ സ്വാഭാവികമായി ഉയർന്നുവന്നതാണ് രാഹുലൻ എന്ന പേര്.
രാഹുലന്റെ പ്രണയിനി റീനയെ ഞാൻ അറിയുന്നു. എന്റെ കണ്ണിലും കരളിലും നീറ്റലുളവാക്കിക്കൊണ്ട് അവൾ ജീവിക്കുന്നു. -ഇതൊരു തുറന്നു പറച്ചിലാണ് കാപട്യമില്ലാത്ത തുറന്നു പറച്ചിൽ. ഓണക്കൂറിന്റെ ആത്മഭാഷണം വായനക്കാരുടെ ഹൃദയത്തിൽ രാഗാലാപനം നടത്തുന്നു." ഒട്ടേറെ വേറിട്ട സഞ്ചാരപഥങ്ങൾ പിന്നിട്ട ഒരാളാണ് ഇത് എഴുതുന്നത്, വളരെ ചെറുപ്പത്തിലെ സജീവമായിത്തീർന്ന ജീവിതം. അതിന്റെ ഭാഗ്യനിർഭാഗ്യങ്ങൾ. ആത്മകഥ എന്ന വിശേഷണത്തിനു താഴെ വ്യക്താനുഭവങ്ങൾ മുഴുവൻ പൂർണ്ണമായിത്തന്നെയുണ്ട്. പിന്നിട്ട ജീവിതസമരങ്ങൾ. തകർന്നുപോയി എന്നു തീർച്ചയായ ജീവിതഘട്ടങ്ങൾ. ഇല്ലായ്മചെയ്യാൻ ശ്രമിച്ച ഗൂഢശക്തികൾ. പക്ഷേ വിനയത്തോടെ ആശ്വസിക്കുന്നു. അഭിമാനിക്കുന്നു. വീണു എങ്കിലും വേഗത്തിൽ എഴുന്നേറ്റു. നേരെ തലയുയർത്തി നിലകൊണ്ടു. നട്ടെല്ലു വളഞ്ഞിട്ടില്ല. ഉയരം കുറഞ്ഞിട്ടുമില്ല ഇതുവരെ. സ്വന്തം മിടുക്കല്ല. ഗുരുവിന്റെ കരസ്പർശം മുന്നോട്ടു നയിച്ചു. വഴിയിൽ വെളിച്ചമുണ്ടായിരുന്നു. കാൽവയ്പുകൾ ഇടറിയില്ല.' വെളിച്ചത്തിന്റ താഴ് വരയിലൂടെയാണ് നടക്കുന്നത്.എന്റെ കാലുകൾ ഇടറുകയില്ല."ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു.എന്റെ ദൈവത്തിന് ജാതിയും മതവുമില്ല.അവൻ എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു."
അദ്ധ്യാപകൻ, എഴുത്തുകാരൻ,വാഗ്മി എന്നിങ്ങനെ വിവിധ നിലകളിൽ മലയാളത്തെ ധന്യമാക്കുന്ന ഓണക്കൂർ എഴുതുമ്പോൾ അത് ചരിത്രത്തിന്റെ ഒപ്പം നടത്തിയ യാത്രകളുടെ നേർക്കാഴ്ചകളാകുന്നു. വായനയെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഏവരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഹൃദയരാഗങ്ങൾ. ഇത് അനുഭവങ്ങളുടെ ഉൾക്കടലിൽ മുങ്ങിയെടുത്ത ചിപ്പിയാണ്, മുത്തുച്ചിപ്പി.
ഈ കഥയിൽ സാഹിത്യത്തിന് പ്രാധാന്യമുണ്ടാകും. അത് സ്വാഭാവികം. ഒൗദ്യോഗികമേഖലകളിൽ മാറിമാറി ഏറെ നാൾ. അതിന്റെ സന്തോഷങ്ങളും സന്താപങ്ങളും. ചിലത് മറന്നുകളയുന്നു ഓർത്ത് എഴുതാൻ നിർബന്ധിതമായവയിൽ തന്നെ സംസ്കാരത്തിന്റെ ഒതുക്കം പുലർത്താൻ ശ്രമിക്കുന്നു. എല്ലാം സത്യം. കള്ളമായി ഒരു വാക്കുമില്ല. ആരെയും ഇകഴ്ത്താൻ ശ്രമിച്ചിട്ടില്ല. പുകഴ്ത്തുക ശീലവുമല്ല. ഓണക്കൂർ എഴുതുമ്പോൾ അത് കാലത്തിന്റെ സ്പന്ദനം കൂടിയാകുന്നു.
l