അപ്രതീക്ഷിതമായി ബ്രിട്ടനിൽ പോകാൻ അവസരം ലഭിച്ചപ്പോൾ ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ യു.കെ.യുടെയും അതിന്റെ കേന്ദ്രമായ ലണ്ടനിലെയും രാഷ്ട്രീയ സംഭവവികാസങ്ങൾ ശ്രദ്ധിക്കാനും വിശകലനം ചെയ്യാനുമായിരുന്നു താത്പര്യം. യൂറോപ്യൻ യൂണിയൻ വിട്ടുപോകാനുള്ള ബ്രെക്സിറ്റ് കരാർ നടപ്പിലാക്കുന്നതിനുളള ചർച്ചകൾ സജീവമായ സമയമായിരുന്നു. ബ്രെക്സിറ്റ് കരാർ അനുസരിച്ച് വരുന്ന മാർച്ച് 29 ന് ഈ രാജ്യം യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോകേണ്ടതായിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ വിട്ടുപോകാനുള്ള ബ്രിട്ടന്റെ കരാർ ഇരുകൂട്ടരും അംഗീകരിക്കുന്നതിനുള്ള ചർച്ചകളാണ് നടക്കുന്നത്. ബ്രെക്സിറ്റ് അസാധാരണമായ, സങ്കീർണമായ വെല്ലുവിളിയാണിതെന്ന് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ തെരേസമേ തന്നെ സമ്മതിക്കുന്നു. ബ്രെക്സിറ്റ് ഉടമ്പടിയിലെ നിർണായകമായ കാര്യം ഉത്തര അയർലന്റിനെ സംബന്ധിച്ചുള്ള വ്യവസ്ഥകളാണ്.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ടോണി ബ്ലയർ ബ്രെക്സിറ്റ് അപ്പാടെ മാറ്റണമെന്ന അഭിപ്രായക്കാരനാണ്. രാജ്യത്ത് വീണ്ടും റഫറണ്ടം നടത്തിയാൽ യൂറോപ്യൻ യൂണിയൻ വിട്ടുപോകുന്നതിന് എതിരായ നിലപാടായിരിക്കും ജനങ്ങൾ സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ റഫറണ്ടത്തിൽ ബ്രെക്സിറ്റിന് എതിരായ വിധിയായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ റഫറണ്ടത്തിൽ നേരിയ ഭൂരിപക്ഷത്തിലാണ് അത് പാസായത്. എന്നാൽ ബ്രെക്സിറ്റിന് എതിരായ നിലപാടാണ് ഇപ്പോൾ ലണ്ടനിൽ ജനങ്ങൾ വ്യാപകമായി സ്വീകരിച്ചിരിക്കുന്നതെന്ന് ഈ ലേഖകന് നേരിട്ട് ബോധ്യപ്പെട്ടു. ഭരണത്തിലുള്ള കൺസർവേറ്റീവ് പാർട്ടി (ടോറി) യുടെ കേന്ദ്ര കമ്മിറ്റി ഓഫീസും, ലേബർ പാർട്ടിയുടെ ഹെഡ്ക്വാർട്ടേഴ്സും സന്ദർശിച്ചിരുന്നു.
സി.എം.പി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ ഇരുപാർട്ടികളുടെയും നേതാക്കളെ കാണാനുള്ള അവസരവും ലഭിച്ചു. ലേബർ പാർട്ടി നേതാക്കൾ ഈ വിഷയത്തിൽ വീണ്ടും റഫറണ്ടം നടത്തണമെന്നും അങ്ങനെ ഒരു അവസരം നൽകിയാൽ ജനങ്ങൾ ബ്രെക്സിറ്റിനെ നിശ്ചയമായും തള്ളുമെന്നും ശക്തമായിത്തന്നെ അഭിപ്രായപ്പെടുകയാണ് ഉണ്ടായത്. കൺസർവേറ്റീവ് (ടോറി) പാർട്ടി നേതാക്കളിൽ പലരും ബ്രെക്സിറ്റിന് എതിരായ അഭിപ്രായമാണ് പറഞ്ഞത്. എന്തായാലും ബ്രെക്സിറ്റിനെതിരായ വളരെ ശക്തമായ വികാരമാണ് ലണ്ടനിലെ ജനങ്ങളിൽ ഉള്ളത്. ബ്രെക്സിറ്റിനെ സംബന്ധിച്ചിടത്തോളം അതിനുവേണ്ടി ശക്തമായി വാദിക്കുന്നത് അവിടുത്തെ ടോറി പാർട്ടിയിലെ കടുത്ത ദേശീയ വാദികൾ തന്നെയാണ്. ഇവരുടെ പിന്തുണ മാത്രമാണ് പ്രധാനമന്ത്രി തെരേസാമേയ്ക്കുള്ളത്. അതുകൊണ്ടുതന്നെ മലയാളികൾ അടക്കമുള്ള വിദേശികൾ ബ്രെക്സിറ്റിന് എതിരും ലേബർ പാർട്ടിയുടെ നിലപാടിന് പിന്തുണ നൽകുന്നവരുമാണ്.
ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഒന്നായ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ഹെഡ് ക്വാർട്ടേഴ്സ് സന്ദർശിക്കുന്നതിനും ചില പാർട്ടി നേതാക്കളുമായി സംസാരിക്കാനും കഴിഞ്ഞു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതാപകാലത്ത് ബ്രിട്ടീഷ് പാർലമെന്റിൽ പാർട്ടിക്ക് നല്ല പ്രാതിനിധ്യം ഉണ്ടായിരുന്നതാണ്. ഇന്ന് പാർലമെന്റിൽ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രാതിനിധ്യം ഇല്ല. തിരഞ്ഞെടുത്ത പാർലമെന്റ് മണ്ഡലങ്ങളിൽ ഇപ്പോഴും പാർട്ടി മത്സരിക്കുന്നുണ്ട്. ട്രേഡ് യൂണിയൻ രംഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കാര്യമായ പ്രവർത്തനമുണ്ട്. ചില ട്രേഡ് യൂണിയൻ നേതാക്കളുമായി യൂണിയൻ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്താനുമുള്ള അവസരം ലഭിക്കുകയും ചെയ്തു.
മാർസിസ്റ്റ് ആചാര്യൻ കാൾമാർക്സിന്റെ ശവകുടീരം സന്ദർശിക്കാൻ കഴിഞ്ഞതും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ജീവിതത്തിന്റെ അവസാന നാളുകളിൽ ഈ കമ്മ്യൂണിസ്റ്റ് ആചാര്യന് അഭയം ലഭിച്ചത് ലണ്ടനിൽ തന്നെയായിരുന്നു. ബ്രിട്ടൻ എന്നും പുലർത്തിയിരുന്ന ഉയർന്ന ജനാധിപത്യ മര്യാദയുടെ ഉദാഹരണമാണെന്ന് പറയാം.
ബ്രിട്ടീഷ് പാർലമെന്റ് മന്ദിരവും, പാർലമെന്റ് സെക്രട്ടേറിയറ്റും ബക്കിംഗ് ഹാം കൊട്ടാരവും അതുപോലുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും ചരിത്രപ്രാധാന്യമുള്ള മറ്റ് കൊട്ടാരങ്ങളുമെല്ലാം സന്ദർശിച്ചു. പാർലമെന്റ് മന്ദിരത്തിന്റെ മുമ്പിലുള്ള മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ പ്രതിമ കാണാനും അവസരമുണ്ടായി. ചരിത്രപ്രാധാന്യമുള്ള ലണ്ടനിലെ സ്പീക്കേഴ്സ് കോർണർ സ്ഥിതി ചെയ്യുന്ന പാർക്കും സന്ദർശിച്ചിരുന്നു. കേരളത്തിന്റെ അഭിമാനമായിരുന്ന മുൻ രാജ്യരക്ഷാവകുപ്പ് മന്ത്രി വി.കെ. കൃഷ്ണമേനോൻ അടക്കമുളള പ്രമുഖർ പലരും ഈ പാർക്കിലെ സ്പീക്കേഴ്സ് കോർണറിൽ നിന്നാണ് അവരുടെ രാഷ്ട്രീയ പ്രസംഗങ്ങൾ മെച്ചപ്പെടുത്തിയത്.
(സി.എം.പി പൊളിറ്റ് ബ്യൂറോ അംഗമായ ലേഖകന്റെ ഫോൺ: 9847132428)