കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ആഹാരം തറയിൽ കളയുന്നത് മിനിക്ക് കണ്ടുനിൽക്കാനാകില്ല. മക്കളാണെങ്കിലും നന്നായി ശാസിക്കും. അപ്പോഴൊക്കെ രാധാകൃഷ്ണൻ കുട്ടികളുടെ വശം നിൽക്കും. രണ്ടോ നാലോ ചോറിന്റെ വറ്റ് താഴെ വീണെന്നു കരുതി ആകാശം ഇടിഞ്ഞു വീഴുമോ? അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ തങ്ങൾ ജയിച്ചെന്നും അമ്മ തോറ്റെന്നും കുട്ടികൾ വിളിച്ചു പറയും. തങ്ങളെ ജയിപ്പിച്ചതിന് അച്ഛന്റെ കവിളത്ത് അവർ പ്രത്യേക സമ്മാനം നൽകുകയും ചെയ്യും.
ആഭ്യന്തരയുദ്ധം നടക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യത്ത് സമാധാന ദൗത്യസേനയിലെ അംഗമായി രാധാകൃഷ്ണന്റെ സുഹൃത്ത് ഉദയനും നിയോഗിക്കപ്പെട്ടു. ആറുമാസം അവിടെ ചെലവഴിച്ചശേഷം ഒരു സായാഹ്നത്തിൽ ഉദയൻ എത്തി. ആഫ്രിക്കയിലെ അനുഭവങ്ങളെങ്ങനെ? രാധാകൃഷ്ണൻ കുശലപ്രശ്നം ചോദിച്ചതാണ്. കുട്ടികളെ നോക്കിയിട്ട് ഉദയൻ പറഞ്ഞു. ഞങ്ങളുടെ പ്രത്യേക ക്യാമ്പിന് പുറത്ത് ഞാൻ നൂറുകണക്കിന് കുട്ടികളെ കാണുമായിരുന്നു. കുട്ടികളുടെ കാര്യം പറഞ്ഞതുകൊണ്ട് രാധാകൃഷ്ണനും ഭാര്യയും മക്കളും സശ്രദ്ധം ശ്രോതാക്കളായി. ഉദയൻ മനസ് തുറന്നു. അവിടെ നിന്ന് മടങ്ങുമ്പോൾ ഒന്നും വാങ്ങാനായില്ല. പട്ടിണിയും ഒഴിഞ്ഞ വയറുകളും വറ്റിയുണങ്ങുന്ന കണ്ണീരുമല്ലാതെ മറ്റെന്ത് വാങ്ങാൻ കിട്ടും അവിടെ?
സമാധാനദൗത്യസേനയ്ക്ക് നഗരത്തിൽ പ്രത്യേക ക്യാമ്പുണ്ട്. അവിടെ സമയാസമയം ഭക്ഷണം കിട്ടും. വെള്ളം കിട്ടും. പുറത്തോ യുദ്ധത്തിനും കലാപത്തിനുമിരയായ കുട്ടികളും സ്ത്രീകളും മിണ്ടാപ്രാണികളെപ്പോലെ ക്യാമ്പിന് പുറത്ത് കാത്തുനിൽക്കും. ക്യാമ്പിലെ സന്മനസുള്ള അംഗങ്ങൾ ഒളിച്ചു നൽകുന്ന അല്പം ഭക്ഷണത്തിനായി. ക്യാമ്പിന് പുറത്ത് ആൾക്കൂട്ടം വലുതായി വലുതായി വന്നപ്പോൾ പ്രത്യേക കല്പന വന്നു. പുറത്തുള്ളവർക്ക് ഒന്നും നൽകരുത്. അത് പങ്കുവയ്ക്കുന്നതിനെചൊല്ലി പിന്നെ ഏറ്റുമുട്ടലാകും. രക്തച്ചൊരിച്ചിലുണ്ടാകും. സ്നേഹവും ഉദാരതയമുള്ളവർക്ക് സങ്കടം തോന്നി.
മേലുദ്യോഗസ്ഥന്മാർ പറയുന്നതിലും കാര്യമുണ്ട്. എല്ലാവർക്കും ഭക്ഷണം നൽകാനാവില്ല. മാത്രമല്ല രുചികരമായ ഭക്ഷണം കഴിച്ചുതുടങ്ങിയാൽ അവരുടെ നാവിൽ കൊതിയൂറും. പിന്നെ കിട്ടാതാകുമ്പോൾ അവർ ശപിക്കും. കോപം മൂത്ത് തല്ലിയെന്നും വരാം. മൃഷ്ടാന്നം കഴിക്കാൻ പലപ്പോഴും ഉദയന് തോന്നാറില്ല. പുറത്ത് വലിയൊരു ജനകൂട്ടം പട്ടിണിയിൽ പൊള്ളുമ്പോൾ എങ്ങനെ വായ്ക്ക് രുചിയോടെ കഴിക്കും. വിവാഹത്തിനും ആഘോഷങ്ങൾക്കും മിച്ചം വരുന്ന ഭക്ഷണവും അവശിഷ്ടങ്ങളും അയാളുടെ ചിന്തകളെ അലട്ടി.
ആ കുട്ടികളുടെയും സ്ത്രീകളുടെയും ചില ചിത്രങ്ങളെടുത്തിട്ടുണ്ട്. രഹസ്യമായി. അവർക്കൊപ്പം സെൽഫിയെടുക്കാൻ മത്സരമില്ല. ആരും മെനക്കെടാറില്ല. കാരണം ആ രൂപങ്ങൾ മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിലെ പരിണാമഘട്ടത്തിലുള്ളതോ എന്ന് സംശയിച്ചുപോകും. ഒരുവറ്റിനുപോലും വിശപ്പിന്റെ ഒരു തീപ്പൊരിയെ അല്പമെങ്കിലും കെടുത്താനാകുമെന്ന് അത് പഠിപ്പിച്ചു. ഉദയന്റെ അനുഭവം രാധാകൃഷ്ണനും കുടുംബവും ശ്രദ്ധയോടെ കേട്ടിരുന്നു.
അടുത്തദിവസം മക്കൾ ഭക്ഷണം കഴിക്കുന്നത് രാധാകൃഷ്ണൻ ശ്രദ്ധിച്ചു. കുട്ടികൾ എല്ലാം കഴിച്ചു. ഒരു വറ്റുപോലും തറയിൽ വീണിട്ടില്ല. രാധാകൃഷ്ണൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. മിനിയും മക്കളുടെ സ്വഭാവമാറ്റം ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.
(ഫോൺ: 9946108220)