മലയാളിയുടെ മനസാണ് സത്യൻ അന്തിക്കാട് ചിത്രങ്ങൾ. കണ്ടാലും കണ്ടാലും മതിവരാത്ത, ചുറ്റുമുള്ള പലതിനേയും ഓർമ്മിപ്പിക്കുന്ന ഒരുപിടി സന്ദർഭങ്ങൾ.. ജീവിക്കുകയാണോ അഭിനയിക്കുകയാണോയെന്ന് സംശയം തോന്നിപ്പിക്കുന്ന കുറേയേറെ കഥാപാത്രങ്ങൾ... ഇന്നും സത്യൻ അന്തിക്കാട് ചിത്രങ്ങൾ വിജയിക്കുന്നതിന് പിന്നിലുള്ള കാരണം മറ്റൊന്നല്ല. സിനിമയെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നു.
സിനിമയ്ക്കുള്ള വിഷയം കണ്ടെത്തുന്നതെങ്ങനെയാണ്?
ഓരോ കാലഘട്ടത്തിലെയും സാമൂഹ്യ പ്രസക്തി അനുസരിച്ചാണ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്. നാടോടിക്കാറ്റ് ചെയ്യുന്ന സമയത്ത് കേരളത്തിലെ ചെറുപ്പക്കാർ അഭിമുഖീകരിച്ച ഗൗരവമായ പ്രശ്നം തൊഴിലില്ലായ്മ ആയിരുന്നു. തൊഴിൽ രഹിതരായ ദാസന്റെയും വിജയന്റെയും പ്രശ്നങ്ങളാണ് ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് സരസമായി ഞാനും ശ്രീനിയും അവതരിപ്പിച്ചത്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലും തൊഴിലില്ലായ്മ തന്നെയായിരുന്നു പ്രധാന വിഷയം. ക്രമേണ മറ്റു പല വിഷയങ്ങളും കേരളത്തിൽ ചർച്ച ചെയ്യാൻ തുടങ്ങി. ഇപ്പോൾ കേരളത്തിലെ തൊഴിലിടങ്ങളിൽ മിക്കവാറും അന്യ സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയുന്നത്. എന്റെ വീടിനടുത്തുള്ള പാടത്തിലൊക്കെ ഇപ്പോൾ ജോലി ചെയ്യുന്നത് ബംഗാളികളാണ്. പെരുമ്പാവൂർ ഭാഗങ്ങളിലെ പല ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങളുടെ പേരുവിവരങ്ങൾ ബംഗാളിയിലും ഹിന്ദിയിലുമൊക്കെയാണ് എഴുതിവച്ചിരിക്കുന്നത്. കേരളത്തിലെ ഇത്തരം അവസ്ഥകളെ കണ്ടില്ലെന്നു നടിച്ചു സിനിമ ചെയ്യുക ശ്രമകരമായ ജോലിയാണ്. പ്രത്യേകിച്ച് എനിക്കും ശ്രീനിവാസനും. അതാണ് ഞാൻ പ്രകാശനിൽ കാണിച്ചിരിക്കുന്നതും.
കാഴ്ചകളുടെ ആവർത്തനമാണ് താങ്കളുടെ സിനിമകളെന്ന് വിമർശനമുണ്ട്?
ഞാൻ കണ്ട് ശീലിച്ച കാഴ്ചകൾ എന്റെ സിനിമയിൽ വരുന്നത് സ്വാഭാവികമല്ലേ. ഞാനറിയാതെ സംഭവിക്കുന്ന കുറെ അഭിരുചികളുണ്ട്. അതൊക്കെ ഞാനെന്ന സംവിധായകന്റെ കൈയൊപ്പായി അങ്ങനെ അങ്ങ് കിടന്നോട്ടെ. ഞാൻ പ്രകാശനിലെ ശ്രുതി എന്ന കഥാപാത്രം ബർഗർ ഉണ്ടാക്കുകയും ഹോംമേഡ് കേക്കുണ്ടാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ജീവിക്കുന്ന ഒരുപാടുപേരെ എനിക്കറിയാം. എന്റെ ചേട്ടന്റെ മകളൊക്കെ നല്ല കേക്ക് ഉണ്ടാക്കാറുണ്ട്. അവരൊന്നും ദാരിദ്ര്യത്തിൽ ജീവിക്കുന്ന ആളുകളല്ല. പക്ഷേ സ്വയംപര്യാപ്തമായ ഒരു ജോലിയായിട്ടാണ് അവർ അതിനെ കാണുന്നത്. എന്റെ പല സിനിമകളിലും സ്വയംപര്യാപ്തരായ നായികമാർ ഉണ്ടായിട്ടുണ്ട്. ചിലർ വിമർശിക്കുന്നുയെന്ന് കരുതി പ്രകാശനിലെ ശ്രുതിയെ കോളേജ് അദ്ധ്യാപികയാക്കാൻ കഴിയില്ലല്ലോ. നമ്മൾ നമ്മളുടെ നിലപാടുകളിൽ വെള്ളം ചേർക്കാതിരിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.
എന്തുകൊണ്ടാണ് ഒരേ രീതിയിലുള്ള കഥകൾ മാത്രം തിരഞ്ഞെടുക്കുന്നത്?
ഓരോ സിനിമയും നെഞ്ചിടിപ്പോട് കൂടിയാണ് ഞാൻ ചെയ്യുന്നത്. എളുപ്പമുള്ള ജോലിയായി ഞാൻ ഒരിക്കലും ഫിലിം മേക്കിംഗിനെ കണ്ടിട്ടില്ല. മുപ്പതാമത്തെ വയസിൽ ഞാൻ ചെയ്ത സിനിമകളുടെ ഇരട്ടി ജോലി ഇപ്പോൾ ചെയ്താലേ എന്റെ സിനിമകളെ ഇന്നത്തെ പ്രേക്ഷകർ സ്വീകരിക്കുകയുള്ളൂ. പലപ്പോഴും ഒരു സിനിമയെടുക്കാൻ എനിക്ക് ഒരു വർഷം തന്നെ തികയാതെ വരുന്നത് അതുകൊണ്ടാണ്. സിനിമ ചെയ്യാത്ത സമയത്ത് ഞാനും ഒരു പ്രേക്ഷകനാണ്. ലോക സിനിമയെ മൊത്തത്തിൽ നിരീക്ഷിച്ചാൽ മനസിലാവുന്നത് പ്രേക്ഷകന്റെ ആത്മാവിലേക്ക് സിനിമയെ എത്തിക്കുക എന്നതാണ് മേക്കിംഗിന്റെ ദൗത്യമെന്നാണ്. നമ്മുടെ അറിവുകൾ കാണിച്ചു പ്രേക്ഷകനെ വിഭ്രമിപ്പിക്കുകയല്ല ചെയ്യേണ്ടത്. ഞാൻ പ്രകാശന്റെ കഥ പറയാൻ ആവശ്യമായ ടെക്നോളജി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പണ്ട് സലിംകുമാർ പറഞ്ഞത് സേഫായ റൂട്ടിലൂടെ ബസ് ഓടിക്കുന്ന ഡ്രൈവറാണ് ഞാനെന്നാണ്. എനിക്ക് അങ്ങനെ ഓടിക്കാനാണ് ഇഷ്ടം.
പതിനാറു വർഷത്തിനു ശേഷമാണല്ലോ ശ്രീനിവാസനുമായി ഒന്നിച്ചത്?
വലിയ സന്തോഷമുള്ള കാര്യമാണത്. ഞാൻ മനസിൽ കാണുന്നത് വളരെ പെട്ടെന്നു തിരിച്ചറിയുന്ന എഴുത്തുകാരനാണ് ശ്രീനിവാസൻ. ശ്രീനിവാസന് ഇടയ്ക്ക് വച്ചൊരു അസുഖം വന്നപ്പോൾ ആളുകളെല്ലാം ഒരുപാട് തെറ്റിദ്ധരിച്ചു. ഇനി ശ്രീനിക്ക് അഭിനയിക്കാനും എഴുതാനും കഴിയില്ലെന്ന് പലരും വിചാരിച്ചു. അത്തരം തെറ്റിദ്ധാരണകൾക്ക് കൊടുത്ത മറുപടിയാണ് ഈ സിനിമയിലെ ഗോപാൽ ജി എന്ന കഥാപാത്രം.ശ്രീനിവാസന്റെ ഫയർ പോയിട്ടില്ലെന്ന് ഈ സിനിമ കാണുമ്പോൾ മനസിലാകും. ശ്രീനിയെ കൃത്യമായി ഉപയോഗിക്കാൻ കഴിയുന്ന എന്നെപ്പോലെയോ പ്രിയദർശനെപ്പോലെയോ ഉള്ള സംവിധായകർ ഉണ്ടെങ്കിൽ കൂടുതൽ നല്ല തിരക്കഥകൾ ഇനിയും നമുക്ക് ലഭിക്കും. മൂന്നു കഥകൾ തിരഞ്ഞെടുത്ത ശേഷം അതൊന്നും മനസിന് തൃപ്തിവരാത്തതിനാൽ നാലാമത് ഞങ്ങൾ ഉണ്ടാക്കിയ കഥയാണ് ഞാൻ പ്രകാശൻ. കോമഡി കൃത്യമായി ഉപയോഗിക്കാൻ കഴിയില്ലെന്നതുകൊണ്ടാണ് ആദ്യത്തെ മൂന്നും ഒഴിവാക്കിയത്. ഞാനും ശ്രീനിയും കൂടി വീണ്ടും ഒരു സിനിമ ചെയ്യുന്നുവെന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകർ ഹ്യൂമർ പ്രതീക്ഷിക്കും. ആ വെല്ലുവിളിയാണ് ഞങ്ങൾ ഏറ്റെടുത്തത് .
മമ്മൂട്ടിയുമായി താങ്കൾ വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളൂ?
മമ്മൂട്ടി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഞങ്ങൾ തമ്മിലുള്ള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കളിക്കളവും അർത്ഥവും ഗംഭീര വിജയമായിരുന്നു. മമ്മൂട്ടിയും കൂടി നിർമ്മാണ പങ്കാളിയായ ചിത്രമാണ് നാടോടിക്കാറ്റ്. മമ്മൂട്ടിയെ വച്ച് ചെയ്യാൻ കഴിയുന്ന ഒരു സബ്ജക്ട് മനസിലുണ്ട്.