ഇന്ത്യയെ തേടി ഒരു യാത്ര. പതിനേഴു സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങൾ. അവർക്കൊപ്പം ജീവിതം തേടി കാമറയും. ഇതുവരെ ഉണ്ടായിട്ടുള്ള റോഡ് മൂവികളിൽ നിന്നും വ്യത്യസ്തമാണ് ഈ സിനിമ. പേരു തന്നെ 'ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി" എന്നാണ്. ഇത്രയേറെ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഒരു സിനിമ ഇതാദ്യമാണ്. കഥാപാത്രങ്ങളും അതിന് ജീവൻ പകർന്നവരും പല സംസ്ഥാനങ്ങളിലുള്ളവർ. ഇന്ത്യ കാണാനിറങ്ങുന്ന ഒരു അച്ഛന്റെയും മകന്റെയും യാത്രയാണ് സംവിധായകൻ സോഹൻലാൽ പറയുന്നത്. സിനിമ ഒരു വട്ടം
17 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുമ്പോൾ സംവിധായകന് പലവട്ടം കടന്നു പോകണം. സോഹൻലാൽ സംസാരിക്കുന്നു.
''ഇതൊരു റിയലിസ്റ്റിക് സിനിമയാണ്. വിവിധ സംസ്ഥാനങ്ങളിലായി 55 ദിവസങ്ങൾ നീണ്ടുനിന്ന ഒരൊറ്റ ഷൂട്ടിംഗ് ഷെഡ്യൂൾ ആയിരുന്നു ഈ ചിത്രത്തിന്റേത്. 15,000 കിലോമീറ്ററുകളോളം യാത്ര ചെയ്തു. ഭക്ഷണത്തിലെ വ്യത്യാസങ്ങളും യാത്രാക്ലേശവും കാരണം ക്രൂവിലെ ഓരോരുത്തർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആർക്കു വേണ്ടിയും കാത്തിരിക്കാതെയാണ് സിനിമ തുടങ്ങിയത്. ഒരു താരസുഹൃത്തിനെയും തിരക്കഥയുമായി ഞാൻ സമീപിച്ചിട്ടില്ല. രണ്ടേകാൽ മണിക്കൂർ കൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള ഒരു യാത്ര കൂടിയാണിത്. ഇന്ത്യയുടെ സൗന്ദര്യവും യാഥാർത്ഥ്യവും കാണാൻ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകർക്കും ഈ ചിത്രം ആസ്വദിക്കാൻ കഴിയും."
പുതുമുഖങ്ങൾ എപ്പോഴും
ഞാൻ നേരത്തെ ചെയ്ത സിനിമകളിൽ പുതുമുഖങ്ങൾ അഭിനയിച്ചിട്ടുണ്ട്. 'ഓർക്കുക വല്ലപ്പോഴും"എന്ന ചിത്രത്തിന്റെ ബലം തിലകൻ ചേട്ടനായിരുന്നെങ്കിലും ഡബിൾ റോൾ ചെയ്ത നായിക പുതുമുഖമായിരുന്നു. പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങളും പുതുമുഖങ്ങളാകുന്ന ഒരു സിനിമ ആദ്യമായാണ് ഞാൻ ചെയ്യുന്നത്. ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച മാസ്റ്റർ ആശ്രയ്, വിജയ് ആനന്ദ്, അനില എന്നിവരും നന്നായി അഭിനയിച്ചു.
ഒരു സംഗീതയാത്ര
'ഗ്രേറ്റ് ഇന്ത്യൻ റോഡ്മൂവി" ഒരു മ്യൂസിക്കൽ മൂവിയുമാണ്. ശ്രീവത്സൻ ജെ. മേനോൻ ആണ് സംഗീതസംവിധായകൻ. അദ്ദേഹത്തോടൊപ്പമുള്ള ഒരു സംഗീതയാത്ര കൂടിയാവും പ്രേക്ഷകർക്ക് ഈ സിനിമ. സംഗീതാസ്വാദകർ സ്നേഹിക്കുന്ന 'മെയ് മാസമേ ..."എന്ന ഗാനത്തിന്റെ ശില്പികൾ വീണ്ടും ഒന്നിക്കുന്ന 'കണ്ണിൽ മിന്നുംവെട്ടം..." എന്നു തുടങ്ങുന്ന മനോഹരമായ ഒരു ഗാനം ഇതിലുണ്ട്. റഫീഖ് അഹമ്മദ് ആണ് ഗാനരചന. പാടിയിരിക്കുന്നത് അമൽ ആന്റണി.
മരുഭൂമിയിലെ സെന്റിമെന്റ്സ്
രാജസ്ഥാൻ മരുഭൂമിയിലെ വളരെ ഉൾഭാഗത്ത് വച്ചാണ് ചിത്രത്തിലെ ഒരു ഇമോഷണൽ സീൻ ഞങ്ങൾ ഷൂട്ട്ചെയ്തിരിക്കുന്നത്. ചിത്രം ഒരു അച്ഛന്റെയും മകന്റെയും യാത്രയുടെ കഥയാണ് പറയുന്നതെങ്കിലും അതിനകത്ത് ഒരു ഇമോഷണൽ ത്രെഡ് ഉണ്ട് . അവരുടെ യാത്രയ്ക്കുള്ള അടിസ്ഥാനം അതാണ്. ചിത്രത്തിൽ മാത്രമല്ല ചിത്രീകരണത്തിലും വല്ലാത്ത അനിശ്ചിതത്വം ഉണ്ടായിരുന്നു. ചിത്രം പൂർത്തിയാക്കിയത് സാക്ഷാൽ ദൈവം തന്നെയായിരുന്നു.
റീലീസിംഗിനു മുമ്പ് അംഗീകാരങ്ങൾ
ചിത്രം മേയ് 10ന് റിലീസ് ചെയ്യും. സൈപ്രസ്, റഷ്യ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മികച്ച റോഡ് മൂവിക്കുള്ള അവാർഡ് നേടിയ ഈ ചിത്രം നേടി. കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും നേടിയിരുന്നു.