ഹരിദ്വാർ: രാമായണത്തിലും മഹാഭാരതത്തിലും യുദ്ധവും അക്രമസംഭവങ്ങളുമാണെന്ന പരാമർശത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തു. യോഗാ ഗുരു ബാബാ രാംദേവ് അടക്കമുള്ളവർ നൽകിയ പരാതിയിലാണ് കേസ്. തങ്ങളുടെ പൂർവികരെ യെച്ചൂരി അപമാനിച്ചെന്നാണ് രാംദേവ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. യെച്ചൂരിയുടെ പ്രസ്താവന ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്നതാണെന്നാണ് പരാതി. ഹിന്ദുക്കൾ ഒരിക്കലും അക്രമം നടത്താറില്ലെന്ന പ്രജ്ഞാ സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ സംസാരിക്കുമ്പോഴായിരുന്നു യെച്ചൂരിയുടെ വിവാദ പരാമർശം
''ഹിന്ദുക്കൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല എന്നാണ് പ്രജ്ഞാസിംഗ് ഠാക്കൂർ പറയുന്നത്. രാജ്യത്ത് ഒട്ടേറെ രാജാക്കൻമാരും പ്രഭുക്കളും യുദ്ധംചെയ്തിട്ടുണ്ട്. രാമായണവും മഹാഭാരതവുംപോലും അക്രമസംഭവങ്ങൾ നിറഞ്ഞവയാണ്. ഒരു "പ്രചാരക്" ആയ നിങ്ങൾ ഈ കാര്യങ്ങൾ വിശദീകരിക്കുന്നവരാണ്. എന്നിട്ടും ഹിന്ദുക്കൾക്ക് അക്രമാസക്തരാവാൻ പറ്റില്ല എന്ന് നിങ്ങൾ അവകാശപ്പെടുന്നു. അക്രമത്തിൽ മുഴുകുന്ന ഒരു മതമുണ്ടെന്നും എന്നാൽ, ഹിന്ദുക്കൾ അങ്ങനെയല്ലെന്നും പറയുന്നതിന്റെ യുക്തി എന്താണ്''- യെച്ചൂരി ചോദിച്ചു.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങൾ പൂർത്തിയായശേഷമാണ് രാമക്ഷേത്രം, ഏകീകൃത സിവിൽകോഡ് തുടങ്ങിയ ഹിന്ദുത്വ അജണ്ടയുമായി ബി.ജെ.പി. തിരിച്ചുവരുന്നത്. പ്രജ്ഞാസിംഗിനെ സ്ഥാനാർത്ഥിയാക്കിയതും ജനങ്ങളുടെ വികാരം മുതലെടുക്കാനാണെന്നും യെച്ചൂരി പറഞ്ഞിരുന്നു.