crime

കൊച്ചി: ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്‌തു. എറണാകുളം കളമശ്ശേരിയിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവം. പട്ടിമറ്റം സ്വദേശി സജി (32)യാണ് ഭാര്യ ബിന്ദു(29)വിനെയും ഒന്നര വയസുള്ള മകൻ ശ്രീഹരിയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തത്.

ബിന്ദുവിനെയും മകനെയും തീകൊളുത്തി കൊന്നശേഷം സജി തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നിലവിളിയെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ബിന്ദുവും മകനും മരിച്ചിരുന്നു. തിരച്ചിലിനൊടുവിലാണ് സജിയെ കുളിമുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ആനന്ദവല്ലിയെ നാട്ടുകാർ പിന്നീട് ആശുപത്രിയിലെത്തിച്ചു.

ബിന്ദുവും ഒന്നര വയസ്സുള്ള മകനും ഉറങ്ങി കിടന്നപ്പോഴാണ് സജി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. ആനന്ദവല്ലിയുടെ നില അതീവ ഗുരുതരമാണ്. കളമശ്ശേരി വിദ്യാനഗറിനു സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്നു സജിയും കുടുംബവും. അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു സജി.