supreme-court

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരായ പീഡന പരാതി ഏകപക്ഷീയമായി അന്വേഷിക്കരുതെന്ന നിലപാടുമായി രണ്ട് ജഡ്‌ജിമാർ ആഭ്യന്തര അന്വേഷണ സമിതിയെ സമീപിച്ചു. ലൈംഗിക അതിക്രമ പരാതികളിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിൽ അല്ലാതെ അന്വേഷണം നടത്തുന്നത് സുപ്രീം കോടതിയുടെ അന്തസിന് ചേർന്നതല്ലെന്ന് ജസ്‌റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്. റോഹിംഗ്‌ടൺ നരിമാൻ എന്നിവരാണ് നിലപാടെടുത്തത്. ഏകപക്ഷീമായ അന്വേഷണം കോടതിയുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുമെന്നും ആഭ്യന്തര അന്വേഷണ കമ്മിറ്റിയെ ഇവർ നേരിട്ട് കണ്ടാണ് അറിയിച്ചത്.

പരാതി അന്വേഷിക്കുന്ന ജസ്‌റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഇന്ദു മൽഹോത്ര, ഇന്ദിരാ ബാനർജി എന്നിവർ അടങ്ങിയ ആഭ്യന്തര സമിതിയോട് വെള്ളിയാഴ്‌ച വൈകുന്നേരമാണ് ഇവർ നിലപാട് അറിയിച്ചത്. പരാതിക്കാരി ഉന്നയിച്ച വാദങ്ങൾ പരിഗണിക്കാതെയുള്ള അന്വേഷണം കോടതിയുടെ സൽപ്പേരിനെ കളങ്കപ്പെടുത്തും. പരാതിക്കാരിക്ക് സ്വന്തം ഭാഗം വാദിക്കാൻ ഒരു അഭിഭാഷകനെ നിയമിക്കുകയോ അല്ലെങ്കിൽ കോടതി തന്നെ ഇക്കാര്യത്തിൽ അമിക്കകസ് ക്യൂറിയെ നിയമിക്കുകയോ വേണമെന്ന് നരിമാൻ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ സീനിയോറിറ്റിയിൽ അഞ്ചാമനാണ് നരിമാൻ.

ആഭ്യന്തര സമിതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സമിതി മുൻപാകെ താൻ ഹാജരാകില്ലെന്നും നേരത്തെ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. സമിതിയിലെ അന്തരീക്ഷം ഭയപ്പെടുത്തുന്നു.സമിതിക്ക് മുൻപാകെ ഹാജരാകുമ്പോൾ അഭിഭാഷകനെയോ സഹായിയെയോ അനുവദിക്കില്ല. കമ്മിറ്റി നടപടികളുടെ വീഡിയോ, ഓഡിയോ റെക്കാർഡിംഗ് ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദം കാരണം ഒരു ചെവിയുടെ കേൾവി നഷ്ടപ്പെട്ടു. തന്റെ മൊഴി രേഖപ്പെടുത്തുമ്പോൾ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ കോടതി ഉദ്യോഗസ്ഥരോട് പറഞ്ഞത് പലപ്പോഴും കേൾക്കാൻ കഴിഞ്ഞില്ല. പരാതി നൽകാൻ വൈകിയതെന്തെന്ന് കമ്മിറ്റി ആവർത്തിച്ചു ചോദിക്കുകയാണുണ്ടായത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം,വിശാഖ മാർഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കണമെന്ന തന്റെ ആവശ്യം കമ്മിറ്റി അംഗീകരിച്ചിട്ടില്ല. കോടതിയിലെ സ്റ്റാഫ് തന്നെയാണ് സാക്ഷികൾ. അവർക്ക് ഭയരഹിതമായി കാര്യങ്ങൾ തുറന്നുപറയാൻ സാധിക്കില്ല . ആദ്യമായി മൊഴി നൽകി മടങ്ങുമ്പോൾ തന്റെ കാറിനെ ബൈക്കിൽ രണ്ടുപേർ പിന്തുടർന്നുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.