ലഖ്നൗ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി നമ്പർ വൺ അഴിമതിക്കാരനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോദി ആരോപണവുമായി രംഗത്തെത്തിയത്. ‘നിങ്ങളുടെ പിതാവിനെ മിസ്റ്റർ ക്ലീൻ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തിൽ അദ്ദേഹം അവസാനം വരെ നമ്പർ വൺ അഴിമതിക്കാരനായിരുന്നു’
രാജീവ് ഗാന്ധിയെയും കോൺഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ് കേസിനെ പരാമർശിച്ചായിരുന്നു മോദിയുടെ ആരോപണം. സ്വീഡനിൽ നിന്ന് ഇന്ത്യക്ക് വെടിക്കോപ്പുകൾ വാങ്ങാൻ സ്വീഡിഷ് നിർമാണകമ്പനിയായ ബൊഫേഴ്‌സിൽ നിന്ന് രാജീവ് ഗാന്ധി അടക്കമുള്ള ഉന്നതർ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. എന്നാൽ, ഇതിൽ രാജീവ് ഗാന്ധി കുറ്റക്കാരനാണ് എന്നതിന് തെളിവുകളില്ലെന്ന് കോടതി വിധിച്ചിട്ടുള്ളതാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ റാഫേൽ വിഷയത്തിൽ മോദിക്കെതിരെ വിവാദ പരാമർശം ഉയർത്തിയിരുന്നു. തന്റെ ഇമേജ് തകർക്കാനായിരുന്നു രാഹുൽ ഗാന്ധി റാഫേലിനെ കുറിച്ച് വീണ്ടും ചർച്ച ചെയ്തതെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. എന്റെ പ്രതിച്ഛായ തകർത്ത് എന്നെ ചെറുതാക്കി കാണിച്ച് കൊണ്ട് ദുർബല സർക്കാർ ഉണ്ടാക്കുവാനാണ് ഇവരുടെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.