devaswom-board

തിരുവനന്തപുരം: ശബരിമല വിവാദത്തെ തുടർന്ന് വരുമാനത്തിൽ കാതലായ കുറവു വന്നിട്ടും പ്രസിഡന്റിനും അംഗങ്ങൾക്കും ലക്ഷങ്ങൾ മുടക്കി ഔദ്യോഗിക വസതി പണിയാനൊരുങ്ങുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് ആസ്ഥാനത്ത് നിർമ്മിക്കുന്ന മൂന്ന് മന്ദിരങ്ങളുടേയും തറക്കല്ലിടൽ കഴിഞ്ഞ 30ന് നടന്നു. പ്രസിഡന്റ് പദ്‌മകുമാർ തന്നെയാണ് തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചത്.

യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ ശബരിമലയിലെ വരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്സാണ് ശബരിമല ക്ഷേത്രം. ഇതിനെ തുടർന്ന് വൻ സാമ്പത്തിക പ്രതിസന്ധിയാണ് ബോർഡ് നേരിട്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പ്രത്യേക സഹായമാണ് നിലവിൽ ആശ്രയം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ചെലവ് കുറയ്‌ക്കേണ്ടതാണെന്ന അക്കൗണ്ട്സ് ഓഫീസറുടെ നിർദേശം ബോർഡിനു മുന്നിലുണ്ട്. ഇതിനിടയിലാണ് ലക്ഷങ്ങൾ മുടക്കിയുള്ള ഔദ്യോഗിക വസതിയുടെ നിർമ്മാണം.

അതേസമയം, നേരത്തെയെടുത്ത തീരുമാനമാണിതെന്നും അതിഥി മന്ദിരമില്ലാത്തതിന്റെ അസൗകര്യം ഓംബുഡ്സ്മാൻ അടക്കം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് നിർമ്മാണമെന്നുമാണ് ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ പ്രതികരണം. മന്ദിരങ്ങളുടെ നിർമാണം ഉടനടി പൂർത്തിയാക്കാനാണ് ബോർഡ് തീരുമാനം.