തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസെടുത്തേക്കും. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസെടുക്കേണ്ടതാണെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. വിദ്യാർത്ഥിഥിനിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. കോളേജ് യൂണിയൻ നേതാക്കളുടെ നിരന്തര ശല്യത്തിൽ പഠനം മുടങ്ങുന്നതിന്റെ വിഷമം ആത്മഹത്യാക്കുറിപ്പായി എഴുതിവച്ചാണ് വിദ്യാർത്ഥിനി ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദമുണ്ടായെന്നും ആത്മഹത്യാ പ്രേരണയ്‌ക്ക് കാരണക്കാർ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളും കോളേജ് പ്രിൻസിപ്പലും ആണെന്നു പെൺകുട്ടി കുറിപ്പിൽ ആരോപിച്ചിരുന്നു. അദ്ധ്യാപകരെയും അതിരൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് മൊഴിയെടുത്തപ്പോൾ കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് പറഞ്ഞതോടെ അവർ കേസ് അവസാനിപ്പിച്ചു.
എന്നാൽ, ആത്മഹത്യാശ്രമം നടന്നത് കന്റോൺമന്റ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ആത്മഹത്യാശ്രമം എന്ന കുറ്റം ചുമത്തി അവിടെ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്തു. ഇന്ന് മൊഴിയെടുക്കുമ്പോൾ പരാതിയില്ലെന്ന് പെൺകുട്ടി പറഞ്ഞാൽ പോലും ഈ വ്യക്തികൾക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കാമെന്നാണ് നിയമോപദേശം. മൊഴിയെടുത്ത ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച കോളേജിൽ പോയ പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ ആറ്റിങ്ങൽ പൊലീസിൽ രാത്രി പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30 ഓടെ കോളേജിലെ ജീവനക്കാരാണ് സ്ത്രീകളുടെ വിശ്രമമുറിയിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കന്റോൺമെന്റ് പൊലീസ് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയിൽ നിന്ന് ഡോക്ടർ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നെന്ന് ആറ്റിങ്ങൽ എസ്.ഐ പറഞ്ഞു.