തിരുവനന്തപുരം : ആന്ധ്രയിൽ നിന്നും ഷാനവാസ് യാത്ര തുടങ്ങുന്നത് യാചകനായിട്ടാണ്, നിലത്ത് തുണിവിരിച്ച് കിടന്നും ഭാണ്ഡക്കെട്ടിൽ തലചായ്ച്ചും ഉറങ്ങിയുള്ള ഷാനവാസിന്റെ യാത്ര തലസ്ഥാനമെത്തുമ്പോൾ അടിമുടി മാറും. ട്രെയിനിന്റെ ശുചിമുറിയിൽ കയറി കോസ്റ്റിയൂമിൽ ചെറിയൊരു മാറ്റം. വിലകൂടിയ ഷർട്ടും പാന്റും കണ്ണടയും ധരിച്ച് ട്രയിനിൽ നിന്നും കോടീശ്വരൻ ലുക്കിൽ ഇറങ്ങുന്നയാളെ കണ്ടാൽ ആരുമൊന്നു നോക്കി നിൽക്കും. ഷാനവാസിന്റെ ഈ സാഹസിക യാത്രയ്ക്ക് പിന്നിൽ കഞ്ചാവ് കടത്ത് എന്ന ഉദ്ദേശം കൂടിയുണ്ടെന്ന് എക്‌സൈസിന് ആരോ ചോർത്തി നൽകി. തുടർന്ന് ഇയാളെ നിരീക്ഷിക്കുന്നതിനായി ഷാഡോ സംഘത്തെ നിയോഗിക്കുകയായിരുന്നു. കൊല്ലം ജില്ലയിൽ പാരിപ്പള്ളിയിൽ നിന്നും കടത്തിക്കൊണ്ട് വന്ന കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ ഷാനവാസ് പിടിയിലാവുകയായിരുന്നു.
ഇതാദ്യമായല്ല കഞ്ചാവ് കടത്തലിന് എക്‌സൈസ് സംഘം ഇയാളെ പിടികൂടുന്നത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് ഷാനവാസ്. ചാത്തന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. നിജമോന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വർക്കലയിലും സമീപ പ്രദേശത്തുമുള്ളവർക്കായിരുന്നു ആന്ഡ്രയിൽ നിന്നും ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്.