aravind-kejriwal

ന്യൂഡൽഹി: റോ‌ഡ് ഷോയ്‌ക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുഖത്തടിച്ചത് മോദി ഭക്തനെന്ന് എ.എ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറ‌ഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അക്രമിയുടെ ഭാര്യ തന്നെ തന്റെ ഭർത്താവ് മോദി ഭക്തനാണെന്ന് സമ്മതിച്ചെങ്കിലും പൊലീസ് അദ്ദേഹത്തെ ആം ആദ്മി പിന്തുണക്കാരനാക്കുകയായിരുന്നെന്നും സിസോദിയ കുറ്റപ്പെടുത്തി.

”അക്രമിയുടെ ഭാര്യ തന്നെ അയാൾ മോദി ഭക്തനാണെന്ന് പറയുന്നു. എന്നാൽ,​ പൊലീസ് അവകാശപ്പെടുന്നത് അയാൾ ആംആദ്മി പ്രവർത്തകനാണെന്നാണ്. പൊലീസ് ബി.ജെ.പിയുടെ കയ്യിലാകുമ്പോൾ അതെല്ലാം എളുപ്പമാണല്ലോ”- സിസോദിയ ട്വിറ്ററിൽ കുറിച്ചു. ഇയാൾ തുറന്ന ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന കേജ്‌രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന്‌ പിന്നിൽ ബി.ജെ.പിയാണെന്ന്‌ ആംആദ്‌മി പാർട്ടി ആരോപിച്ചു.

മോട്ടിനഗറിലെ റോഡ്‌ ഷോയ്‌ക്കിടെയാണ്‌ സംഭവം. സ്‌പെയർ പാർട്‌സ്‌ കട നടത്തുന്ന സുരേഷ്‌ എന്ന 33കാരനാണ്‌ കേജ്‌രിവാളിനെ അടിച്ചത്‌. കെജ്‌രിവാൾ സഞ്ചരിച്ച ജീപ്പിന്‌ മുന്നിലേക്ക്‌ എത്തിയ യുവാവ്‌ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആംആദ്‌മി പാർട്ടി പ്രവർത്തകർ ഇയാളെ കൂട്ടം ചേർന്ന്‌ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പൊലീസെത്തി രക്ഷപ്പെടുത്തി. സുരേഷ്‌ ഇപ്പോൾ പൊലീസ്‌ കസ്റ്റഡിയിലാണ്‌.

ബി.ജെ.പി കേജ്‌രിവാളിനെതിരെ സ്‌പോൺസേർഡ്‌ അറ്റാക്ക്‌ നടത്തുകയാണെന്ന്‌ ആംആദ്‌മി പാർട്ടി ട്വീറ്റ്‌ ചെയ്‌തു. കേജ്‌രിവാൾ മരിച്ചുകാണണമെന്നാണോ മോദിയുടെയും അമിത്‌ഷായുടെയും ആഗ്രഹമെന്ന്‌ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ ചോദിച്ചു. തൃണമൂൽ കോൺഗ്രസും സംഭവത്തിന്‌ പിന്നിൽ ബി.ജെ.പിയാണെന്ന്‌ ആരോപിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌. .